അല്‍ത്താഫ് സലിം- നിവിന്‍ പോളി ടീമിന്റെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള മികച്ച പ്രദര്‍ശന വിജയം നേടി മുന്നേറുകയാണ്. ക്യാന്‍സര്‍ എന്ന രോഗത്തെ ചുറ്റിപറ്റി ഒരു കുടുംബത്തിനുള്ളില്‍ കഥ വിവരിക്കുന്ന ചിത്രം ഹ്യൂമര്‍ ട്രാക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്. നവാഗതനായ അല്‍ത്താഫ് സലിം എന്ന സംവിധായകന് ‘പ്രേമം’ എന്ന ചിത്രത്തില്‍ മേരിക്കൊപ്പം നടക്കുന്ന സ്കൂള്‍ പയ്യന്റെ വേഷത്തില്‍ അഭിനയിച്ചിരുന്നു. നിവിന്‍ പോളിയുടെ സഖാവിലും ശ്രദ്ധേയമായ കഥാപാത്രത്തെ അല്‍ത്താഫ് അവതരിപ്പിച്ചിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങി എത്തുന്ന നടി ശാന്തികൃഷ്ണയ്ക്ക് മികച്ച ഒരു വേഷം ചിത്രത്തിലൂടെ സമ്മാനിച്ചിരിക്കുകയാണ് നിവിന്‍ പോളിയും ടീമും. ഷീല ചാക്കോ എന്ന കഥാപാത്രമായി എത്തുന്ന ശാന്തികൃഷ്ണയുടെ പ്രകടനത്തെ പ്രേക്ഷകര്‍ കയ്യടികളോടെ വരവേല്‍ക്കുകയാണ് . ഹിറ്റിന് വേണ്ടി ഒരു മേമ്പോടിയും ചേര്‍ക്കാത്ത ചിത്രത്തിന് ബോക്സോഫീസില്‍ വലിയ വിജയം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് തിയേറ്റര്‍ കളക്ഷന്‍ സൂചിപ്പിക്കുന്നത്.
നിവിന്‍ പോളി നിര്‍മ്മതാവാകുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് രീതിയിലായിരുന്നു ഇവര്‍ മാര്‍ക്കറ്റിംഗ് തന്ത്രംനടപ്പിലാക്കിയത്. സിനിമ ആസ്വദിക്കുന്ന ഒട്ടുമിക്ക സ്ത്രീ പ്രേക്ഷകരുടെയും ഇഷ്ടനടിയായിരുന്നു ശാന്തി കൃഷ്ണ. തന്മയത്വമായ അഭിനയ രീതി കാഴ്ചവയ്ക്കുന്ന ശാന്തി കൃഷ്ണ തുടര്വരവിലും സ്ത്രീപ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടുകയാണ്.
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള നല്ല ചിത്രമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ടെങ്കിലും ശാന്തികൃഷ്ണയുടെ തിരിച്ചു വരവിലെ അഭിനയം കാണാനായി സ്ത്രീ പ്രേക്ഷകര്‍ ഓണത്തിനു തിയേറ്ററുകളില്‍ എത്തുന്നത് ചിത്രത്തിന് കൂടുതല്‍ ഗുണം ചെയ്യുന്നുണ്ട്. ചെറിയ ബഡ്ജറ്റില്‍ ഒരുക്കിയിരുക്കുന്ന ചിത്രത്തിന് ആദ്യ ദിവസം തന്നെ മികച്ച കളക്ഷന്‍ ലഭിച്ചിരുന്നു. വലിയ ബഹളങ്ങളില്ലാതെ നിവിന്‍ പോളിയുടെ ഹീറോയിസമില്ലാതെ വളരെ ലഘുവായി പറഞ്ഞു പോകുന്ന ഈ കഥാരീതിയോട് എല്ലാ പ്രേക്ഷകരും ഇഴുകിചേരുന്നുണ്ടെന്നാണ് തിയേറ്റര്‍ പ്രതികരണം വ്യക്തമാക്കുന്നത്.
Post Your Comments