ഓണത്തെക്കുറിച്ചുള്ള വ്യത്യസ്തമായ വായനാനുഭവം സോഷ്യല്‍ മീഡിയവഴി പങ്കുവയ്ക്കുകയാണ് പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ് പലേരി.
രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
അക്കാലത്തെ ഓണത്തിന് നാക്കില മുറിച്ചെടുത്തത് അയൽവക്കത്തെ അമ്മാളുഅമ്മയുടെയോ ചിരുതക്കുട്ടിഅമ്മയുടെയോ വീട്ടിലെ വാഴകളിൽ നിന്നായിരുന്നു. വിരിഞ്ഞു നിൽക്കുന്ന ഇലകളുടെ അറ്റത്തു നിന്നും ഒരു ഊണിനുള്ള വലുപ്പത്തിൽ നാക്കില. ഇലകൾക്ക് നല്ല ഉണർവ്വും ഓജസ്സും ഉണ്ടാവും. വീട്ടിലെ വാഴ ഇലകൾ അതിനു മുൻപുള്ള ദിവസങ്ങളിൽ തന്നെ അമ്മ മറ്റാർക്കെങ്കിലും മുറിച്ചു നൽകിയിട്ടുണ്ടാവും. എല്ലാ വാഴകളിൽ നിന്നും ഇല മുറിക്കാറില്ല. വാഴയില മുറിക്കുന്നത് ഒരു കലയാണ്. ഇല കീറാതെ ഇത്തിരി ചരിച്ചു മുറിക്കണംന്ന് അമ്മ പറയും. ഇന്നും എനിക്കതത്ര പിടിയില്ല.ഇവിടെ കോയമ്പത്തൂരിൽ ഒരു വാഴയെ ഉള്ളൂ. ആടിക്കാറ്റടിച്ച് അതിന്റെ ഇല മുഴുവൻ തോരണംപോലെ കീറിപ്പറിഞ്ഞു. എന്നാലും വാഴക്കൊരു ഗമയുണ്ട്. ടിഷ്യൂ കൾച്ചർ വാഴയാണ്. നടുമ്പോൾ ഒരു നാരുപോലെയാണ് ഉണ്ടായിരുന്നത്. ഇപ്പോ നല്ല തടിയും പൊക്കവും ഉണ്ട്,
ഓണം വരുമ്പോൾ മഹാബലിയും വാമനനും ഒന്നും മനസ്സിൽ വരാറില്ല. പകരം അമ്മയും വാഴയും വാഴയിലയും അമ്മാളുഅമ്മയും ചിരുതക്കുട്ടി അമ്മയും എല്ലാം അങ്ങ് വരും. സത്യത്തിൽ ഏത് ഉത്സവവും ഒരു നാക്കിലയിൽ വിളമ്പാനുള്ളതേ ഉള്ളൂ. അതിനപ്പുറത്ത് അതിനു ചുറ്റും കൊടിമരങ്ങൾ ഉയർത്തി തോരണങ്ങൾ കെട്ടി പ്രഭാമയമാക്കുന്നത് ഒത്തൊരുമയുടെ മഹാപ്രപഞ്ചം സൃഷ്ടിക്കാനുള്ള മനുഷ്യന്റെ അടങ്ങാത്ത ആവേശമാവാം.
Post Your Comments