ഇന്ന് ഉത്രാട രാത്രിയാണ്. സംവിധായകനും നടനും തിരക്കഥാകൃത്തുമൊക്കെയായ ബാലചന്ദ്രമേനോന്റെ ആദ്യ സിനിമയുടെ പേരും ഉത്രാട രാത്രിയെന്നായിരുന്നു.
ഈ ഉത്രാട രാത്രിയില്‍ തന്റെ ആദ്യ സിനിമയായ ഉത്രാട രാത്രിയെക്കുറിച്ചും താന്‍ പുതിയതായി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയെക്കുറിച്ചുമൊക്കെ പങ്കുവയ്ക്കുകയാണ് ബാലചന്ദ്രമേനോന്
ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ ഉത്രാടരാത്രി ആവുകയായ് ….
ഏവർക്കും അത് ഓണത്തിന് മുന്നിലുള്ള ഉത്രാടരാത്രിയാണെന്നു എനിക്കറിയാം .
എന്നാൽ തിരുവോണത്തിന് വട്ടമൊരുക്കാനുള്ള ഉത്രാടപ്പാച്ചിലിന്റെ ധൃതിയും ആശങ്കകളും മനസ്സിൽ പേറുന്ന ഗോപൻ എന്ന നായകനായ കോളേജ് വിദ്യാർത്ഥിയുടെ മനസ്സിനെ ഉദ്ദേശിച്ചായിരുന്നു എന്റെ കന്നിചിത്രത്തിനു ഉത്രാടരാത്രി എന്ന പേരിടാനുള്ള കാരണം . ഞാൻ പ്രീ ഡിഗ്രിക്ക് പഠിച്ച കൊല്ലം ഫാത്തിമ കോളേജ് ആയിരുന്നു അതിന്റെ ലൊക്കേഷനായി അന്ന് ഞാൻ തെരഞ്ഞെടുത്തത് …
പിന്നീട് ‘ഇഷ്ട്ടമാണ് പക്ഷെയി’ ലും ‘അണിയാത്ത വളകളി’ ലും ( അണിയാത്ത വളകളാണെന്നു തോന്നുന്നു മെഡിക്കൽ കോളേജ് ക്യാമ്പസ് ലൈഫിനെ അധാരമാക്കി മലയാളത്തിൽ വന്ന ആദ്യചിത്രം) ‘മണിയൻപിള്ളയി’ ലും ഒക്കെ തന്നെ കോളേജ് രംഗങ്ങൾ വന്നിരുന്നുവെങ്കിലും ഒരു പൂർണ്ണ ക്യാമ്പസ് ചിത്രം ഞാൻ പിന്നീട് സംവിധാനം ചെയ്തത് പ്രേം നസീറിന്റെ മകൻ ഷാനവാസിനെ നായകനായി പരിചയപ്പെടുത്തിയ ‘പ്രേമ ഗീതങ്ങൾ ‘ ആയിരുന്നു….ജോൺസൺ എന്ന സംഗീത സംവിധായകന് താരപരിവേഷം നൽകിയ ചിത്രം!
പിന്നീട് കുറെ നാൾ ഞാൻ കാംപസ് വിട്ടുള്ള കഥകളിലായി ഇടപെടൽ.
എന്നാൽ , ഈ നാൽപ്പതാം ‘ഉത്രാടരാത്രി’ നാളിൽ ഞാൻ വീണ്ടും ക്യാമ്പസ് ജീവിതത്തിലേക്ക് തിരിച്ച വരുന്നു.1978 മുതൽ 2017 വരെയാകുമ്പോൾ കാംപസ് ജീവിതത്തിലും നമുക്ക് ചുറ്റുമുള്ള ലോകത്തിനും ലോകരുടെ കാഴ്ചപ്പാടിനും വന്നിട്ടുള്ള മാറ്റങ്ങളെപ്പറ്റി ഞാൻ തികച്ചും ബോധവാനാണെന്നു പറയട്ടെ . ഒപ്പം എനിക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന പല സംഭവവികാസങ്ങളോടും പ്രതികരണങ്ങളോടും എനിക്ക് ശക്തമായ നിലപാടുകൾ ഉണ്ടെന്നു കൂടി പറയട്ടെ . ഒരു വെറും കാംപസ് കഥ എന്നതിലുപരി എന്റെ മനസ്സിൽ ഞാൻ അടക്കിയമർത്തി വെച്ചിട്ടുള്ള പല വീക്ഷണങ്ങളും വ്യാഖ്യാനങ്ങളും പ്രകടിപ്പിക്കുന്ന ഒരു ചിത്രം കൂടി ആവും എന്റെ പുതിയ സംരംഭം എന്ന് കൂടി വ്യക്തമാക്കിക്കൊള്ളട്ടെ ..
ഒരു മറയില്ലാതെ തന്നെ പറയാം. ഈ ഉദ്യമത്തിൽ എന്നുമെന്നപോലെ നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനം എനിക്കുണ്ടാവണം ……..
എന്റെ ക്ഷണത്തിനു മെയിലിൽ വന്നിട്ടുള്ള ആവേശം കാണുമ്പൊൾ സത്യമായിട്ടും എനിക്ക് അഭിമാനം തോന്നുന്നു. സെപ്റ് 10 നു ശേഷം ഫല വിവരം പ്രസിദ്ധീകൃതമാവും . അവരാവും ഈ കോളേജ് ജീവിതത്തിന്റെ താളം നിശ്ചയിക്കുന്നത് ….
ഇനി കുറച്ചുനാൾ ഈ FB പേജിൽ ഒരു ചെറിയ ‘മെല്ലെപ്പോക്ക് ‘ തോന്നിയാൽ വിഷമിക്കണ്ട ..ഞാൻ പടത്തിന്റെ പണിപ്പുരയിലാണെന്നു മാത്രം കരുതിയാൽ മതി ….എന്നാലും ഇടയ്ക്കിടെ ഞാൻ വരും…
Post Your Comments