ഉത്രാടപ്പൂനിലാവേ വാ എന്ന ഗാനം ഈ ഓണക്കാലത്തു മുപ്പത്തിനാലിന്റെ നിറവിലെത്തി നില്ക്കുന്നു .ഗാനഗന്ധർവന്റെ സ്വരമാധുരിയിൽ ഓണനാളുകൾക്കു ഉത്സവഛായ പകരുന്ന ഈ ഗാനത്തിന് ഇത്രയും പ്രായമായെന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നും.പകരം വെയ്ക്കാൻ മറ്റൊരു ഗാനം ഉണ്ടയിട്ടുമില്ല.മലയാളത്തിന്റെ സ്വന്തം ശ്രീകുമാരൻ തമ്പിയും രവീന്ദ്രൻ മാഷുമാണ്. ഉത്രാടപ്പൂനിലാവിന്റെ അണിയറ ശിൽപ്പികൾ. ഇരുവരും ചേർന്നുള്ള ആദ്യത്തെ ഗാനമാണിത്.
കുളത്തൂപ്പുഴ രവീന്ദ്രൻ എന്ന രവീന്ദ്രൻ മാഷ് ഗായകനാകാൻ ചെന്നൈയിൽ എത്തിയതായിരുന്നു. യേശുദാസിനും ജയചന്ദ്രനും പകരമൊരാളെ പരീക്ഷിക്കാൻ ആർക്കും ധൈര്യമില്ലാതിരുന്ന കാലഘട്ടമായിരുന്നു അത്. അതിനാൽ ഡബ്ബിങ്ങിലേക്ക് ചുവടുമാറി മലയാളമറിയാത്ത നായകനടന്മാർക്ക് ശബ്ദം നല്കാൻ ആരംഭിച്ച രവീന്ദ്രനോട്, അദ്ദേഹത്തിന് സംഗീതത്തിൽ അഗാധമായ അറിവുണ്ടെന്നു തിരിച്ചറിഞ്ഞ യേശുദാസ് സംഗീത സംവിധാനത്തിലേക്ക് തിരിയാൻ ആവശ്യപ്പെട്ടു.കൂടാതെ അന്നത്തെ സൂപ്പർ ഹിറ്റ് സംവിധായകനായ ശശി കുമാറിനോട് രവീന്ദ്രന്റെ പേരും നിർദ്ദേശിച്ചു .ശശി കുമാറിന്റെ ചൂള എന്ന ചിത്രത്തിലൂടെ രവീന്ദ്രൻ ഹരിശ്രീ കുറിച്ചു.
രവീന്ദ്രന് സംഗീതത്തിലും ശ്രീകുമാരന്‍തമ്പി സംവിധാനത്തിലും നിര്‍മ്മാണത്തിലും ഗാനരചനയിലും നിറഞ്ഞു നിന്ന കാലത്താണ് 1983 ല്‍ യേശുദാസ് തന്റെ സംഗീത കമ്പനിയായ തരംഗിണിയുടെ ഓണക്കാസറ്റിനു വേണ്ടി പാട്ടുകളെഴുതാന്‍ ശ്രീകുമാരന്‍ തമ്പിയെ സമീപിക്കുന്നത്.തരംഗിണിയില്‍ നിന്നും ഏകദേശം 500 ലധികം കാസറ്റുകള്‍ ഇതിനോടകം ഇറങ്ങിയിരുന്നെങ്കിലും ഒരു ഗാനം പോലും എഴുതാനുള്ള അവസരം തനിക്ക് നല്‍കാത്തതിലുള്ള പരിഭവം ശ്രീകുമാരന്‍ തമ്പിക്ക് യേശുദാസിനോട് ഉണ്ടായിരുന്നു.
അതിനാല്‍ സന്തോഷത്തോടെ ദൗത്യം ഏറ്റെടുത്തു.ഗാന രചന നിര്‍വ്വഹിക്കണം എന്ന് പറയുന്നതിനൊപ്പം തന്നെ സംവിധായകനേയും യേശുദാസ് നിര്‍ദ്ദേശിച്ചു.എന്നാല്‍ ആ സംവിധായകനോടൊപ്പം പ്രവര്‍ത്തിക്കാന്‍ താല്പര്യമില്ലെന്ന് ശ്രീകുമാരന്‍ തമ്പി യേശുദാസിനെ അറിയിച്ചു.ഒടുവില്‍ ശ്രീകുമാരന്‍ തമ്പി രവീന്ദ്രന്റെ പേര് അവതരിപ്പിക്കുകയായിരുന്നു.
പന്ത്രണ്ട് പാട്ടുകള്‍ അടങ്ങിയ കാസറ്റ് ഉത്സവഗാനങ്ങൾ വോള്യം 1 ‘എന്ന പേരില്‍ തരംഗിണി പുറത്തിറക്കി..പാട്ടെഴുതി സംഗീതം നല്കുന്ന രീതിയായിരുന്നു മലയാളത്തില്‍ അതുവരെ തുടര്‍ന്ന് വന്നിരുന്നത്. കെ ജെ ജോയ്, ശ്യം എന്നിവരുടെ വരവോടെ ഈണത്തിനനുസരിച്ച് വരികള്‍ തയ്യാറാക്കുന്ന രീതി തുടങ്ങി.ഉല്സവഗാനങ്ങളുടെ തുടക്കത്തിൽ രവീന്ദ്രന് ശ്രീകുമാരന്‍ തമ്പിയോട് താന്‍ ഈണമിട്ടതിന് രചന നടത്താമോ എന്ന് ചോദിച്ചിരുന്നു .ഒടുവില്‍ ആറു പാട്ടുകള്‍ ഈണത്തിനനുസരിച്ച് തയ്യാറാക്കാം അടുത്ത ആറ് പാട്ടുകള്‍ രചനയ്ക്ക് ഈണമിടാം എന്ന ധാരണയിലെത്തി. ഭയഭക്തി ബഹുമാനത്തോടെയാണ് രവീന്ദ്രന് തന്റെ പാട്ടിനെ സമീപിച്ചതെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു. തന്നോടുള്ള സ്നേഹവും ബഹുമാനവും ആ പാട്ടില്‍ നിഴലിക്കുന്നതായും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.രവീന്ദ്രന്റെ പാട്ടുകളുടെ അടിസ്ഥാനം ശാസ്ത്രീയ സംഗീതമായിരുന്നു. ഹംസധ്വനി രാഗത്തിലാണ് ഉത്രാടപ്പൂനിലാവേ ചിട്ടപ്പെടുത്തിയിരിക്കുന്നത്.തങ്ങള്‍ ഇരുവരും ചേര്‍ന്നുള്ള ആദ്യ ഗാനം ഹംസധ്വനി രാഗത്തിലാകണമെന്നത് രവീന്ദ്രന്റെ നിര്‍ബന്ധമായിരുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു.
Post Your Comments