അച്ഛനും മകനും ഒരേ സമയം വ്യത്യസ്ത പരീശലന മുറകള്‍ അഭ്യസിച്ചു കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കാന്‍ തയ്യാറെടുക്കുകയാണ്. പറഞ്ഞു വരുന്നത് മറ്റാരെക്കുറിച്ചുമല്ല, മലയാളത്തിലെ സൂപ്പര്‍ താരം മോഹന്‍ലാലിനെക്കുറിച്ചും മകന് പ്രണവിനെക്കുറിച്ചുമാണ്. പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ഒടിയനില്‍ മോഹന്‍ലാല്‍ വ്യത്യസ്ത രൂപ ഭാവങ്ങളുമായിട്ടാണ് എത്തുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ആദ്യ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു. ഭൂമിയില്‍ ജീവിച്ചിരുന്ന അവസാനത്തെ ഒടിയന് മാണിക്യന് എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒടി വിദ്യകളില്‍ പ്രവീണ്യം നേടുന്ന മാണിക്യന്റെ 25 മുതല്‍ 50 വയസ്സ് വരെയുള്ള കാലഘട്ടമാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം വാരണാസിയില്‍ പുരോഗമിക്കുകയാണ്. മാജിക്കല്‍ റിയലിസത്തിന്റെ തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന ത്രില്ലര്‍ മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്ര സൃഷ്ടിയാകുമെന്നാണ് കരുതപ്പെടുന്നത്.
അച്ഛന്റെ വഴിയേ തന്നെയാണ് പ്രണവും. മറ്റൊരു വ്യത്യസ്ത കഥാപാത്രവുമായി വരുന്ന പ്രണവ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് . ഇമോഷണല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ പാര്‍ക്കര്‍ പരീശലനമുറ അഭ്യസിച്ചു കൊണ്ടാണ് താരം തന്റെ നായകനായുള്ള മോളിവുഡ് അരങ്ങേറ്റ ചിത്രം ഗംഭീരമാക്കാന്‍ ഒരുങ്ങുന്നത്. വേഗത്തില്‍ ഓടാനും, കുതിച്ചു ചാടാനും, വലിയ കെട്ടിടങ്ങളില്‍ അനായാസം തൂങ്ങിപ്പിടിച്ച് കയറാനും സാധിക്കുന്ന വേറിട്ട കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിക്കുക. സിനിമയ്ക്ക് വേണ്ടി അമേരിക്കയില്‍ പോയി ‘പാര്‍ക്കര്‍’ പരീശലന മുറ അഭ്യസിച്ചിട്ടാണ് ആദിയാകാന് പ്രണവ് തയ്യാറെടുത്തത്. മലയാള സിനിമ ഇത് വരെ കാണാത്ത ഒരു പ്രമേയമാകും ചിത്രത്തിലുള്ളതെന്നായിരുന്നു സംവിധായകന് ജീത്തു ജോസഫിന്റെ പ്രഖ്യാപനം.
Post Your Comments