തിരക്കഥാകൃത്ത് ടി.എ റസാഖിന്റെ മരണവും തുടർന്നുണ്ടായ ചില വിവാദങ്ങളും കുറച്ചു നാളുകളായി വാര്‍ത്തയാണ്. റസാഖിന്റെ ഭാര്യയ്ക്ക് വീട് വാങ്ങി കൊടുക്കാമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹത്തിന്റെ ചികിത്സയ്ക്കുള്ള തുക കണ്ടെത്താനായി നടത്തിയ പരിപാടിയുടെ ലാഭവിഹിതം അദ്ദേഹത്തിന്റെ കുടുംബത്തിന് ലഭിച്ചില്ലെന്നുള്ള ആരോപണവും
വാർത്തയാവുന്ന സാഹചര്യത്തിൽ പ്രതികരിക്കുകയാണ് സുഹൃത്തും സംവിധായകനുമായ രഞ്ജിത്.
കരള്‍ രോഗവുമായി ബന്ധപ്പെട്ട് എറണാകുളം അമൃത ഹോസ്പിറ്റലിലാണ് റസാഖിനെ പ്രവേശിപ്പിച്ചത്.കരള്‍ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് 25 ലക്ഷം രൂപയായിരുന്നു ചിലവ്.കോഴിക്കോട് നടത്തുന്ന മോഹനം പരിപാടിയിൽ നിന്ന് ലഭിക്കുന്ന തുക കൊണ്ട് റസാഖിന്റെ ചികിത്സാ ചിലവിനായുള്ള പണം നൽകാമെന്നായിരുന്നു ഞങ്ങളുടെ കണക്ക് കൂട്ടൽ. 35 ലക്ഷം രൂപ നൽകാമെന്ന് ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയുമായി ധാരണയുമായി. പരിപാടി സംപ്രേഷണം ചെയ്യുന്നതിന് ഒരു സ്വകാര്യ ചാനലുമായി അവർ കരാറുമുണ്ടാക്കി.ഇങ്ങനെ ലഭിക്കുന്ന തുകയിൽ നിന്നാണ് റസാഖിനുള്ള 35 ലക്ഷം രൂപ തരുന്നത്. അമൃത ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി ആദ്യം 10 ലക്ഷം രൂപയും ഇവർ നൽകിയിരുന്നു. മോഹനം പരിപാടിയുടെ അന്ന് രാവിലെയാണ് ടിഎ റസാഖ് മരിക്കുന്നത്.
എന്നിട്ടും റസാഖിന്റെ മകനുമായി കൂടിയാലോചിച്ച് പരിപാടി നടത്താൻ തീരുമാനിക്കുകയായിരുന്നു.അന്ന് അവിടെയുണ്ടായിരുന്ന മലയാളത്തിലെ മുതിർന്ന സംവിധായകരുടെ കൂടി അറിവോടെയായിരുന്നു ഈ തീരുമാനം.പരിപാടിയുടെ അവസാനം റസാഖിന്റെ മരണവാർത്ത സദസ്സിനെ അറിയിക്കുകയും ചെയ്തു. മരണശേഷം കമ്പനി തരുന്ന തുക കൊണ്ട് റസാഖിന്റെ രണ്ടാം ഭാര്യ ഷാഹിദയ്ക്ക് ഒരു ഫ്ലാറ്റ് വാങ്ങി നൽകാനാണ് ഞങ്ങൾ തീരുമാനിച്ചത്.അതിനായി ഞങ്ങള്‍ കണ്ടെത്തിയ ഫ്ളാറ്റ് ഷാഹിദയ്ക്ക് ഇഷ്ടപ്പെടുകയും ചെയ്തു.എന്നാൽ സംപ്രേക്ഷണാവകാശം നേടിയെടുത്ത ചാനൽ പണം തരാൻ വൈകുന്നതിനാൽ ഇതിനു സാധിച്ചിട്ടില്ല. ഇത് കിട്ടുന്ന മുറയ്ക്ക് 25 ലക്ഷം രൂപ ഷാഹിദയെ നേരിട്ട് ഏൽപ്പിക്കാനാണ് തീരുമാനം.
സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായങ്ങൾ ഉയർന്നുവന്നതിനാലാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നു പറഞ്ഞ ശ്രീ രഞ്ജിത്ത് റസാഖിന്റെ മരണത്തിൽ മുതലെടുപ്പ് നടത്താൻ ചിലർ ശ്രമിക്കുന്നതായും എന്നാൽ
റസാഖിന്റെയും കുടുംബത്തിന്റെയും കൂടെ എന്നും ഉണ്ടായിട്ടുള്ളത് ജിഎസ് വിജയൻ, വിഎം വിനു, എം പത്മകുമാർ എന്നിവരും താനുമാണെന്നും മുതലെടുപ്പുകാർക്കുള്ള മറുപടി കൂടിയാണ് ഇപ്പോൾ പറയുന്നതെന്നും ചൂണ്ടിക്കാട്ടി.
Post Your Comments