ഏതൊരു സമയത്തും ഓണത്തിനെത്തിയിട്ടുള്ള ഭൂരിഭാഗം മോഹന്‍ലാല്‍ ചിത്രങ്ങളും ബോക്സോഫീസില്‍ വന്‍ വിജയങ്ങള്‍ സ്വന്തമാക്കിയവയാണ്. ഈ വര്‍ഷം ലാല്‍ജോസിനൊപ്പം ആദ്യമായി ഒന്നിക്കുന്ന ‘വെളിപാടിന്റെ പുസ്തക’മാണ് മോഹന്‍ലാല്‍ ചിത്രമായി തിയേറ്ററുകളില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം പ്രിയദര്ശന് സംവിധാനം ചെയ്ത ‘ഒപ്പം’ ആയിരുന്നു ലാലിന്റെ ഓണച്ചിത്രം. മോഹന്‍ലാലിന്റെ കരിയറില്‍ അന്‍പതു കോടി കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമായിരുന്നു ‘ഒപ്പം’. ഓണത്തിനു നാലു ദിവസം മുന്‍പേ എത്തിയ ‘ഒപ്പം’ ഒരു ആക്ഷന്‍ സസ്പന്‍സ് ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് സ്വീകാര്യമായി. ആദ്യ ദിവസം തന്നെ ചിത്രത്തിന് വലിയ രീതിയിലുള്ള കളക്ഷന്‍ നിലനിര്‍ത്താന്‍ സാധിച്ചു.
മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം കഴിഞ്ഞ ഓണം പങ്കിടാനെത്തിയത് പൃഥ്വിരാജ് ചിത്രം ഊഴവും, ദിലീപിന്റെ വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലുമായിരുന്നു. ഊഴം ബോക്സോഫീസില്‍ പരാജയം നേരിട്ടപ്പോള്‍ വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ ഭേദപ്പെട്ട വിജയം സ്വന്തമാക്കി. സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ’ കഴിഞ്ഞ ഉത്രാട നാളിലാണ് റിലീസ് ചെയ്തത്. ജൂഡ് ആന്റണി ജോസഫിന്റെ ‘ഒരു മുത്തശ്ശി ഗദ’ തിരുവോണ നാളിലും പ്രദര്‍ശനത്തിനെത്തി. ‘ഒരു മുത്തശ്ശി ഗദ’ സാമ്പത്തിക വിജയം നേടിയപ്പോള്‍ ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ’ ശരാശരി വിജയം സ്വന്തമാക്കി. എല്ലാ അര്‍ത്ഥത്തിലും മോഹന്‍ലാല്‍ കീഴടക്കിയ ബോക്സോഫീസ് ആയിരുന്നു കഴിഞ്ഞവര്‍ഷം കടന്നു പോയത് . ഈ വര്‍ഷവും അത് തന്നെ ആവര്‍ത്തിക്കും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.
കഴിഞ്ഞ വര്‍ഷത്തെ ഓണറിലീസായി എത്തിയ മോഹന്‍ലാല്‍ -പൃഥ്വിരാജ് ചിത്രങ്ങള്‍ ഒരേ ദിവസം തന്നെയാണ് തിയേറ്ററില്‍ എത്തിയത്, ഈ വര്‍ഷവും ഇരുവരുടെയും ഓണച്ചിത്രങ്ങള്‍ ഒരേ ദിവസമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്റെ ‘ആദം ജോണ്‍’, ‘വെളിപാടിന്റെ പുസ്തകം’ ഇറങ്ങുന്ന അതേ ദിവസമാണ് റിലീസിനെത്തുന്നത്.
മമ്മൂട്ടി സാന്നിധ്യമറിക്കാതിരുന്ന ഓണമാണ് കഴിഞ്ഞ വര്‍ഷം കടന്നു പോയതെങ്കില്‍ പുതു നിരയ്ക്കൊപ്പം കൈകോര്‍ത്താണ് മമ്മൂട്ടി ഇത്തവണ ഓണം ആഘോഷിക്കാന്‍ എത്തുന്നത്. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ‘പുള്ളിക്കാരന് സ്റ്റാറാ’ ആണ് മമ്മൂട്ടിയുടെ ഓണച്ചിത്രം, കൂടാതെ നിവിന്‍ പോളിയുടെ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യും. അജു വര്‍ഗീസ് – നീരജ് മാധവ് ടീമിന്റെ ‘ലവകുശ’യും പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
Post Your Comments