ഒരുകാലത്ത് മലയാളികള്‍ നെഞ്ചിലേറ്റിയ പ്രിയ നടനായിരുന്നു അശോകന്. പത്മരാജന് എന്ന ഇതിഹാസ സംവിധായകനാണ് അശോകനെ ബിഗ്സ്ക്രീനില്‍ പരിചയപ്പെടുത്തുന്നത്. പെരുവഴിയമ്പലം,മൂന്നാം പക്കം, തൂവാന തുമ്പികള്‍ തുടങ്ങിയ ഫേമസ് പത്മരാജന് ചിത്രങ്ങളില്‍ അശോകന് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.
അമരം പോലെയുള്ള ഭരതന് ചിത്രങ്ങളില്‍ പ്രണയ നായകനായ അശോകന് എല്ലാത്തരം വേഷങ്ങളോടും ഒരു അഭിനേതാവ് എന്ന നിലയില്‍ നീതി പുലര്‍ത്തിയിരുന്നു. സിദ്ധിക്ക് – ലാല്‍ ടീമിന്റെ എക്കാലത്തെയും മികച്ച ഹിറ്റായ ഇന്‍ഹരിഹര്‍ നഗറിലെ തോമസ്കുട്ടി അശോകന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. ഒരു സമയത്ത് കോമഡി ട്രാക്കിലേക്ക് ശ്രദ്ധ തിരിച്ച അശോകന് നെഗറ്റീവ് വേഷങ്ങളും ഭംഗിയാര്‍ന്ന വിധം അഭിനയിച്ചു ഫലിപ്പിച്ചു. ഒട്ടേറെ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച ആ പഴയ സീനിയര്‍ താരത്തിനിപ്പോള്‍ സിനിമയില്ലാത്ത അവസ്ഥയാണ് . ദിലീപ് നായകനായ ടൂ കണ്ട്രീസിലാണ് അവസാനമായി അശോകനെ കാണാന്‍ കഴിഞ്ഞത്. 2015-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ടൂ കണ്ട്രീസ് അതേ വര്‍ഷം തന്നെ ഇറങ്ങിയ നിര്‍ണായകം എന്ന സിനിമയിലും അശോകന് അഭിനയിച്ചിരുന്നു.
മലയാള സിനിമ മാറ്റത്തിന്റെ പുതുവഴികള്‍ തേടി മുന്നേറുമ്പോള്‍ ചില പരിചിത അഭിനയ മുഖങ്ങളെ മനപൂര്‍വ്വം ആരോ മറക്കാറുള്ളത് പോലെ. ലാലു അലക്സിന്റെയും, സായ് കുമാറിന്റെയും അവസ്ഥയും ഇത് തന്നെ. ഒരുകാലത്ത് കത്തി നിന്ന രണ്ടു അഭിനയ പ്രതിഭകള്‍ ആയിരുന്നു ഇരുവരും. സായ്കുമാറിന് ആശ്വാസം നല്കിയ സമീപകാല കഥാപാത്രം ജേക്കബിന്റെ സ്വര്ഗ്ഗരാജ്യത്തിലേതായിരുന്നു, എന്ന് നിന്റെ മൊയ്തീനിലെ, മോയ്തീനിന്റെ പിതാവിന്റെ കഥാപാത്രം വലിയ കയ്യടി സ്വന്തമാക്കിയെങ്കിലും പിന്നീട് അതേ പോലെ കാമ്പുള്ള ഒരു കഥാപാത്രം ഇതുവരെയും അദ്ദേഹത്തെ തേടിയെത്തിയിട്ടില്ല.
മലയാള സിനിമ പൂര്‍ണ്ണമായും മറന്നു കളഞ്ഞ മറ്റൊരു നടന് ലാലു അലക്സാണ്. അടുത്തിടെ ഇറങ്ങിയ ഒരു സിനിമകളില്‍ പോലും ലാലു അലക്സിന്റെ മുഖം പ്രേക്ഷകര്‍ക്ക് ദര്‍ശിക്കാനായിട്ടില്ല. ലാലു അലക്സിനു യോജിക്കുന്നതായ അച്ഛന് വേഷങ്ങളിലേക്ക് ഇപ്പോള്‍ കൂടുതല്‍ പരിഗണിക്കപ്പെടുന്നത് രഞ്ജി പണിക്കരാണ്.
അശോകന്റെയും, സായ് കുമാറിന്റെയും, ലാലു അലക്സിന്റെയും കരിയര്‍ ഇനിയും അവസാനിച്ചിട്ടില്ല എന്ന് കരുതുന്ന, അവരുടെ അഭിനയത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്ന ആ പ്രേക്ഷക സമൂഹം ഇന്നും പ്രതീക്ഷയിലാണ് മൂവരുടെയും നല്ലൊരു തിരിച്ചു വരവിനായി അവര്‍ കാത്തിരിക്കുന്നു….
Post Your Comments