
മലയാള സിനിമയില്‍ ഹാസ്യചക്രവര്ത്തിയായി വിലസുന്ന താരമാണ് ഹരിശ്രീ അശോകന്. ചിരിയുടെ പൂരം തീര്‍ക്കാന്‍ സ്വത സിദ്ധമായ അഭിനയ ശൈലിയിലൂടെ അദ്ദേഹത്തിനു കഴിയാറുണ്ട്. ഹരിശ്രീ അശോകന്റെ മികച്ച കോമഡി കഥാപാത്രങ്ങളില്‍ ഒന്നാണ് പഞ്ചാബി ഹൗസിലെ രമണന്. കൊച്ചിന് ഹനീഫയ്ക്കൊപ്പം മത്സരിച്ചഭിനയിച്ച രമണന് വന്ന ഓരോ രംഗത്തും പ്രേക്ഷകര്‍ ചിരിച്ചിട്ടുണ്ട്. എന്നാല്‍ പ്രേക്ഷകരെ കരയിപ്പിക്കുന്ന ഒരു രംഗം ആ ചിത്രത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഹരിശ്രീ അശോകന് ഏറ്റവും ഇഷ്ടപ്പെട്ട ആ രംഗം എഡിറ്റിങ് റൂമില്‍ വച്ച് ഒഴിവാക്കപ്പെട്ടു. ഉണ്ണി (ദിലീപ്) താനാരാണെന്ന സത്യം രമണനില്‍ നിന്ന് മറച്ച് വയ്ക്കുന്നത് അറിയുന്ന രംഗമായിരുന്നു അത്. രമണന് വളരെ ഇമോഷണലായി ചില ഡയലോഗുകള്‍ പറയും. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് സരിത ആ രംഗം കണ്ട് ഹരിശ്രീ അശോകനെ വിളിച്ച് അഭിനന്ദിച്ചിരുന്നു.
അതുവരെ ഹാസ്യ രംഗങ്ങള്‍ കൊണ്ട് പ്രേക്ഷക മനം കവര്‍ന്ന രമണന്റെ ഇമോഷണല്‍ രംഗം പ്രേക്ഷകരുടെ മൂഡ് മാറ്റും എന്ന കാരണത്താലാണ് ആ രംഗം എഡിറ്റ് ചെയ്തത്. ആ രംഗം ഒഴിവാക്കപ്പെട്ടതില്‍ ഹരിശ്രീ അശോകന് വലിയ സങ്കടമുണ്ടായിരുന്നു. ആ രാത്രി ഉറങ്ങിയതുപോലുമില്ല. സിനിമ വമ്പന്‍ ഹിറ്റായി എന്നറിഞ്ഞപ്പോള്‍, ഇനിയെങ്കിലും ഉള്‍പ്പെടുത്തിക്കൂടെ എന്ന് താന്‍ സംവിധായകന് റാഫിയോട് ചോദിച്ചിരുന്നുവെന്ന് ഹരിശ്രീ അശോകന് പറയുന്നു. ഇനി തീരെയും മാറ്റിക്കൂടാ എന്നായിരുന്നു അന്ന് റാഫി നല്കിയ മറുപടി.
Post Your Comments