കുറച്ചു വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ്. വിജി തമ്പി സംവിധാനം ചെയ്ത് , പ്രിത്വിരാജും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘നമ്മൾ തമ്മിൽ’ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. ജഗതീ ശ്രീകുമാറും, പ്രിത്വിരാജും തമ്മിലുള്ള ഒരു കോമ്പിനേഷൻ രംഗമാണ് ഷൂട്ട് ചെയ്യുന്നത്. മുന്നിൽ നിൽക്കുന്ന ജഗതിയെ ചീത്ത പറഞ്ഞു കൊണ്ട്, തള്ളി മാറ്റി പ്രിത്വിരാജ് നടന്നു പോകുന്ന രംഗമാണത്. എങ്ങനെയൊക്കെ ചെയ്തിട്ടും ആ രംഗം ശരിയാകുന്നില്ല. കാരണം, അച്ഛന്റെ സുഹൃത്തായ , ഇൻഡസ്ട്രിയിലെ ഏറ്റവും പരിചയസമ്പന്നനായ ജഗതിയുടെ മുഖത്ത് നോക്കി ഉറക്കെ ശകാരിക്കാൻ പ്രിഥ്വിരാജിന് കഴിയുന്നില്ല. ടേക്കുകളുടെ എണ്ണം കൂടി. സെറ്റിൽ എല്ലാവരും അസ്വസ്ഥരായി.
സംവിധായകൻ വിജി തമ്പി, പ്രിത്വിയോട് ആവും വണ്ണം പറഞ്ഞു നോക്കി. പക്ഷെ, എത്ര ശ്രമിച്ചിട്ടും പ്രിത്വിയ്ക്ക് സംഭവം ശരിയാകുന്നില്ല. ഒടുവിൽ സാക്ഷാൽ ജഗതി തന്നെ രംഗത്തെത്തി. അദ്ദേഹം വിജി തമ്പിയോട് പറഞ്ഞു , “തമ്പീ, ഫൈനൽ ടേക്കിന് പോകാം. ഇത്തവണ ശരിയാകും, 100% ഉറപ്പ്”. ആ ഒരു വാക്കിന്റെ പേരിൽ സെറ്റിൽ എല്ലാവരും ശരിക്കും ആവേശത്തിലായി.
വിജി തമ്പി :- സ്റ്റാർട്ട്… ക്യാമറാ…ആക്ഷൻ
ദേഷ്യ ഭാവത്തിൽ നടന്നു വരുന്ന പ്രിത്വിരാജ്, തന്റെ മുന്നിലുള്ള ജഗതിയെ ഉറക്കെ വഴക്കു പറഞ്ഞു കൊണ്ട്, തള്ളി മാറ്റി ഈസിയായി നടന്നു പോയി. പെർഫെക്റ്റ് ഷോട്ട് ! ക്രൂ മുഴുവനും നിർത്താതെ കയ്യടിച്ചു. സീൻ കഴിഞ്ഞ് പ്രിത്വിയും കൂട്ടരും പോയപ്പോൾ, വിജി തമ്പി ജഗതിയോട് സ്വകാര്യമായി ചോദിച്ചു, “എങ്ങനെയാ അമ്പിളി ചേട്ടാ സംഭവം ഒപ്പിച്ചെടുത്തത് ? “
ജഗതി :- ഹേയ്, അങ്ങനൊന്നുമില്ല തമ്പി. രാജു (പ്രിത്വിരാജ്) എന്റെ മുന്നിൽ വന്നതും, അവൻ ജന്മത്ത് കേൾക്കാത്ത കുറേ തെറികൾ ഞാനങ്ങ് പറഞ്ഞു. അപ്രതീക്ഷിതമായി അത് കേട്ടപ്പോൾ അവൻ സ്വാഭാവികമായി പ്രതികരിച്ചു. അതാണ് നിങ്ങൾ കണ്ട ആ ഉഗ്രൻ അഭിനയം! എങ്ങനുണ്ട്? ഓക്കെ അല്ലേ?
പിന്നീട്, ആ സിനിമാസെറ്റ് സാക്ഷ്യം വഹിച്ചത് കസേരയിലിരുന്ന് നിർത്താതെ കുലുങ്ങിക്കുലുങ്ങി ചിരിക്കുന്ന വിജി തമ്പിയെയായിരുന്നു!
Post Your Comments