GeneralIndian CinemaLatest NewsMollywoodNEWSNostalgiaWOODs

തനിയാവർത്തനം(1987) മുതൽ സല്ലാപം(1996) വരെ ഒരു സിനിമയ്ക്കും ലോഹിതദാസിന് അവാർഡ് ലഭിച്ചിട്ടില്ല

“പടയിലും, പന്തയത്തിലും ഞാനെന്നും തോറ്റു പോകും. എല്ലായിടത്തു നിന്നും ഉൾവലിയുന്ന ഒരു സ്വഭാവം അന്നുമുണ്ട്, ഇന്നുമുണ്ട്. അർഹമായത് ചോദിച്ചു വാങ്ങാനറിയില്ല. കിട്ടാനുള്ള പണം ചോദിക്കുന്നതു പോലും, കടം ചോദിക്കുന്ന മനോഭാവത്തോടെയാണ്. സിനിമയിൽ വന്നപ്പോഴും അനുഭവങ്ങൾ പഴയത് തന്നെ.

“തനിയാവർത്തനം മുതൽ ഭൂതക്കണ്ണാടി വരെ നാൽപ്പതിൽപ്പരം തിരക്കഥകളെഴുതി. അമരവും, ഭരതവും, കിരീടവും, ആധാരവും, വെങ്കലവും, ദശരഥവും, ഒരംഗീകാരത്തിനും എന്നെ അർഹനാക്കിയില്ല. ഇന്ന് പലരും വാഴ്ത്തിപ്പറയുന്നുണ്ട്. പക്ഷെ, അന്ന് അനുമോദനത്തിന്‍റെ ഒരു പൂവിതൾ തന്നു പ്രോത്സാഹിപ്പിച്ചില്ല എന്നു മാത്രമല്ല, വിമർശനങ്ങളും, അവഗണനകളും തന്നു നോവിപ്പിക്കുകയും ചെയ്തു. പക്ഷെ എനിക്കുറപ്പുണ്ട്. എന്‍റെ കഥയും, കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിന്‍റെ അഗാധതകളിലേക്കു വേരോട്ടം നടത്തിയിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങളുടെ സ്നേഹാദരങ്ങൾ ഏറെ അനുഭവിക്കാനിടയാക്കിയിട്ടുണ്ട്.

ഞാനാദ്യമായി സംവിധാനം ചെയ്ത “ഭൂതക്കണ്ണാടി” ഇറങ്ങിയ സമയത്ത് നാലു ഭാഗത്തു നിന്നും വിമർശനങ്ങളുടെ ശരവർഷമായിരുന്നു. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത എന്തോ അപരാധം ഞാൻ ചെയ്തത് പോലെ. ലോഹിതദാസിന് എഴുതിയാൽ പോരെ, എന്തിനു സംവിധായകനാവുന്നു എന്ന് പലരും ചോദിച്ചു. പലരും പരിഹസിച്ചു”, ലോഹിതദാസ് പറയുന്നു.

തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്‍റെ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘കാഴ്ചവട്ടം’ എന്ന പുസ്തകത്തിൽ നിന്നും എടുത്തത്.

കടപ്പാട് :- ഗ്രീൻ ബുക്സ്

shortlink

Related Articles

Post Your Comments


Back to top button