“സംഗീതവുമായി ബന്ധപ്പെട്ട ജോലികളെല്ലാം പാതിരാത്രി ചെയ്യുന്നതാണ് റഹ്മാന് എപ്പോഴും ഇഷ്ടം. പലപ്പോഴും, പുലര്‍ച്ചെ പാലുകാരന്‍റെ ശബ്ദം കേള്‍ക്കുമ്പോഴാണ് രാത്രി അവസാനിക്കുന്നു എന്ന് പുള്ളിക്കാരൻ അറിയുന്നത്. പലപ്പോഴും ആ സമയങ്ങളിൽ തന്‍റെ സ്വന്തം ഓട്ടോ റിക്ഷയില്‍ എന്നെ സാലിഗ്രാമത്തിലെ എന്‍റെ വീട്ടില്‍ കൊണ്ട് വിടുമായിരുന്നു. അതും സ്വയം ഓടിച്ച് !
എനിക്ക് റഹ്മാനെ വർഷങ്ങളായി അറിയാം. ഞാന്‍ ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനായ “കാതോടു കാതോരം” എന്ന സിനിമയില്‍ “ദേവദൂതര്‍ പാടി ” എന്ന പാട്ടിന് കീ ബോര്‍ഡ് വായിച്ചത് റഹ്മാൻ ആയിരുന്നു. ഒരു 15 വയസ്സുകാരന്‍ പയ്യന്‍ , കീ ബോര്‍ഡില്‍ ഇടതടവില്ലാതെ ഓരോന്നും വായിക്കുന്നത് കാണാന്‍ വളരെ രസമായിരുന്നു. നമ്മള്‍ തയ്യാറാക്കുന്ന ഓരോന്നും പുള്ളി എഡിറ്റ് ചെയ്ത് തന്‍റെ കീ ബോര്‍ഡില്‍ മിക്സ് ചെയ്യുമ്പോള്‍ അത് തികച്ചും മധുരമേറിയതാകുമായിരുന്നു. ഈ ഒരു കാരണം കൊണ്ട് തന്നെ അക്കാലത്ത് പല സംഗീത സംവിധായകരും, അവരുടെ എഡിറ്റിംഗ് & മിക്സിംഗ് ജോലികൾക്കു വേണ്ടി റഹ്മാനെ സമീപിക്കുമായിരുന്നു . എന്‍റെ ഇരുപത്തിയഞ്ചോളം സിനിമകള്‍ക്ക് അദ്ദേഹം കീ ബോര്‍ഡ് വായിച്ചിട്ടുണ്ട് . ഉള്ളടക്കം (മായാത്ത മാരിവില്ലിതാ) , തൂവല്‍സ്പര്‍ശം (എല്ലാ പാട്ടുകളും), വിറ്റ്‌നെസ് (പൂവിനു പൂങ്കുരുന്നായി & തുമ്പമെല്ലാം) തുടങ്ങിയവ അവയില്‍ ചിലതാണ് . പിന്നീട് അദ്ദേഹം സംഗീത സംവിധാനത്തിലേക്ക് തിരിഞ്ഞപ്പോള്‍ , നമ്മള്‍ ഒരുമിച്ച് ഒരു ആല്‍ബം ചെയ്തു – “വെല്‍കം 1990 ” . അതിലെ എല്ലാ പാട്ടുകളും , റഹ്മാന്‍റെ അച്ഛൻ ആര്‍ .കെ.ശേഖര്‍ ഉപയോഗിച്ചിരുന്ന ഹാര്‍മോണിയത്തിലാണ് ട്യൂണ്‍ ചെയ്തത് . ആ ഹാര്‍മോണിയം ഇന്നും പുള്ളി സൂക്ഷിക്കുന്നു , തന്‍റെ ഏറ്റവും വിലപ്പെട്ട വസ്തുവായി….
വളരെ കുറച്ചു പേര്‍ക്ക് മാത്രമേ അറിയാവു , ഞാന്‍ കഴിഞ്ഞ പല വര്‍ഷങ്ങളായി അദ്ദേഹത്തിന്‍റെ ട്രൂപ്പില്‍ വയലിന്‍ വായിക്കുന്നു എന്ന് ! ഓസ്കാര്‍ നേടിയ “സ്ലം ഡോഗ് മില്ല്യണര് ” എന്ന സിനിമയിലെ പ്രധാന വയലനിസ്റ്റ് ഞാന്‍ ആയിരുന്നു ! “
പ്രശസ്ത സംഗീത സംവിധായകൻ ഏ.ആർ.റഹമാനെ കുറിച്ച് മറ്റൊരു പ്രശസ്ത സംഗീത സംവിധായകനായ ഔസേപ്പച്ചൻ പറഞ്ഞതാണിത്.
Post Your Comments