കൊച്ചിയില്‍ യുവനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി. ഇന്നലെ രാവിലെ 10.30’നു തുടങ്ങിയ വാദം മൂന്നര മണിക്കൂറുകളോളം നീണ്ടു നിന്നിട്ടും തീരുമാനമാകാത്തതിനാല്‍ ഇന്നത്തേക്ക് നീട്ടി വയ്ക്കുകയായിരുന്നു. ഇരുപക്ഷത്തിന്റെയും വാദം ഉച്ചയോടെ പൂര്‍ത്തിയായി.
ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍പുതിയ തെളിവുകള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ ഇന്ന് പ്രതിഭാഗം പ്രധാനമായും ഉന്നയിച്ചത് പള്‍സര്‍ സുനി എഴുതി അയച്ചു എന്നു പറയുന്ന കത്തുമായി ബന്ധപ്പെട്ട ആരോപണമാണ്. അയാള്‍ ജയിലില്‍ നിന്നും എഴുതിയ കത്ത് തികച്ചും സംശയാസ്പദമാണെന്ന് അഡ്വ രാമന്‍ പിള്ള വാദിച്ചു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ് ആ കത്ത്. പുറത്തുള്ള ചില വ്യക്തികള്‍ നേരത്തെ തയ്യാറാക്കിക്കൊടുത്ത സംഗതികള്‍ പിന്നീട് എഴുതിയെടുത്തതാണ് ആ കത്ത് എന്നും പ്രതിഭാഗം വാദിച്ചു.
ദിലീപിനെതിരെ പുതിയ തെളിവുകള്‍ ഉണ്ടെന്നു രാവിലെ കോടതിയില്‍ അറിയിച്ച പ്രോസിക്യുഷന്‍ ദിലീപും സുനിയും തൃശൂരിലെ ടെന്നീസ് ക്ലബിനു സമീപം കൂടിക്കാഴ്ച നടത്തുന്നതിന് ഒരു ജീവനക്കാരന്‍ സാക്ഷിയാണെന്നും നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്റെ ഡ്രൈവര്‍ ദിലീപിനെതിരെ മൊഴി കൊടുത്തുവെന്നും അറിയിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും പള്‍സര്‍ സുനിയും നടിയും തമ്മിലുള്ള അസ്വാരസ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും ഇന്നലെ ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുനിയും ദിലീപും ഒരു ടവറിനു കീഴിലുണ്ടായിരുന്നു എന്നതുമാത്രം ഗൂഢാലോചനയ്ക്ക് തെളിവായി കാണാനാവില്ല. ടവര്‍ ലൊക്കേഷന്‍ മൂന്നു കിലോമീറ്റര്‍ വരെയുണ്ടാകാം. ഹോട്ടലില്‍ ഒരുമിച്ചുണ്ടായിരുന്നു എന്നത് ഗൂഢാലോചനയുടെ തെളിവായി പരിഗണിക്കാനാവില്ലെന്നും പ്രതിഭാഗം ഉന്നയിച്ചു.
Leave a Comment