സൂപ്പർതാരം മമ്മൂട്ടിയുടെ ഡ്രൈവിംഗ് കമ്പം ഏറെ പ്രസിദ്ധമാണ്. വെറും ഡ്രൈവിങ്ങല്ല, അമിത വേഗത്തില്‍ പാഞ്ഞു പോകുന്നതാണ് പുള്ളിക്കാരന്റെ ശൈലി. പണ്ട് കൊച്ചിയില്‍ നിന്നും മദ്രാസിലേക്ക് കാറില്‍ പോകുമ്പോഴെല്ലാം തന്നെ ഡ്രൈവര്‍ സീറ്റില്‍ മമ്മൂട്ടി ഉണ്ടായിരിക്കും. പിന്നെയൊരു ഓട്ടമാണ്, ചീറിപ്പാഞ്ഞുള്ള ഓട്ടം. എന്നാല്‍ ഇത് പലപ്പോഴും മമ്മൂട്ടിയ്ക്ക് വിനയായിട്ടുണ്ട്. ഇത്തരത്തില്‍ മമ്മൂട്ടിയുടെ ഓവര്‍സ്പീഡ് കാരണം സംഭവിച്ച ഒരു അപകടത്തെക്കുറിച്ച് പ്രശസ്ത നിര്‍മ്മാതാവ് പ്രേംപ്രകാശിന് പറയാനുള്ളത് വായിക്കാം,
“1984’ൽ കൂടെവിടെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഊട്ടിയിൽ നടക്കുന്ന സമയം. ദൊഡാപേട്ട എന്നു പേരുള്ള കുന്നിന്‍പുറത്തായിരുന്നു ചിത്രത്തിലെ കുറേ ഭാഗങ്ങളുടെ ഷൂട്ടിംഗ് നടന്നത്. ഊട്ടിയിലെ ഏറ്റവും ഉയരമുള്ള കുന്നാണത്. അസാധ്യമായ തണുപ്പും, മൂടല്‍ മഞ്ഞുമുള്ള ഒരു രാത്രി. മമ്മൂട്ടിയും സുഹാസിനിയും മണിയന്‍പിള്ള രാജുവും ഉള്‍പ്പെട്ട ഒരു സീന്‍ കഴിഞ്ഞ് ഞങ്ങള്‍ ഷൂട്ടിംഗ് സംഘം മടക്കത്തിനൊരുങ്ങി. സമയം രാത്രി പതിനൊന്നു കഴിയുന്നു. ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്ന ഒരു മിലിട്ടറി ജീപ്പില്‍ മമ്മൂട്ടിയും, രാജുവും കയറി. ഞാനും, പത്മരാജനും, സുഹാസിനിയും, ക്യാമറാമാന്‍ ഷാജിയും വേറൊരു വണ്ടിയില്‍. ഞങ്ങളുടെ വാഹനത്തിനു മുന്നില്‍ പറക്കുകയായിരുന്നു മമ്മൂട്ടിയുടെ ജീപ്പ്. അദ്ദേഹത്തിന്‍റെ ഡ്രൈവിംഗ് കമ്പം അന്നേ പേരു കേട്ടതാണ്.
കുറേ നേരമൊക്കെ ആ വളവുപുളവുകളില്‍ ആ മിലിട്ടറി ജീപ്പ് ഞങ്ങളുടെ വണ്ടിയുടെ മുന്നിലുണ്ടായിരുന്നു. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അതിവേഗം കണ്ണില്‍ നിന്നു മറഞ്ഞു. കനത്ത മൂടല്‍മഞ്ഞില്‍ മുന്നിലൊരു കാഴ്ചയുമില്ലാതായി. എന്നാല്‍ അല്‍പ്പദൂരം ചെന്നപ്പോള്‍ ഒരു വല്ലാത്ത കാഴ്ച കണ്ടു ഞങ്ങളെല്ലാം നടുങ്ങിപ്പോയി. വഴിയിലൊരിടത്ത്, മമ്മൂട്ടി ഓടിച്ചിരുന്ന മിലിട്ടറി ജീപ്പ് ഇടിച്ചുകിടക്കുന്നു. ഞങ്ങൾ വണ്ടി നിർത്തി ഓടിച്ചെല്ലുമ്പോൾ, ആലിലപോലെ വിറയ്ക്കുന്ന മമ്മൂട്ടിയെയും നിശ്ചലനായി കിടക്കുന്ന മണിയൻപിള്ള രാജുവിനെയുമാണ് കാണുന്നത്. എല്ലാവരും ഭയന്നുപോയി. രാജുവിന് ബോധമോ ചലനമോ ഇല്ല. രാജു മരിച്ചു പോയെന്നാണ് മമ്മൂട്ടി കരുതിയിരിക്കുന്നത്. തന്റെ കയ്യിൽ നിന്നു സംഭവിച്ച വലിയൊരു കുറ്റത്തിന്റെ ബോധത്തിൽ നീറി നിൽക്കുകയാണ് ആ വലിയ നടൻ.
ഞങ്ങളെല്ലാം ചേർന്ന് ഉടനെ രാജുവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. പരിചരണത്തിന്റെ സഹായത്തോടെ രാജുവിനു ബോധം തിരിച്ചു കിട്ടി. എന്നാൽ, രാജു എല്ലാവരെയും അപരിചിതരെപ്പോലെ നോക്കിയിട്ടു ചോദിച്ചത് “ഞാനെവിടെയാണ്? ” എന്നാണ്. രാജുവിന്റെ മസ്തിഷ്കത്തിനും, ബോധമണ്ഡലത്തിനും വല്ല സാരമായ കുഴപ്പവും സംഭവിച്ചു കാണുമോ എന്നു ഞങ്ങളും ഡോക്ടർമാരും ഒരുപോലെ പേടിച്ചു. എന്നാൽ അൽപനേരം കഴിഞ്ഞപ്പോൾ എല്ലാം നോർമലായി. ഭാഗ്യവശാൽ മമ്മൂട്ടിയ്ക്കും രാജുവിനും കാര്യമായി പരിക്കൊന്നും ഏറ്റിരുന്നില്ല. അതറിഞ്ഞതോടെ മമ്മൂട്ടിയും ഉഷാറായി. എതിരെ വന്ന ഒരു ലോറി ലൈറ്റ് ഡിം ചെയ്യാതിരുന്നതും, കനത്ത മൂടൽ മഞ്ഞുമാണ് കാരണമെന്ന് മമ്മൂട്ടി ഞങ്ങളോട് പറഞ്ഞു. എന്നാൽ, മമ്മൂട്ടിയുടെ ഓവർസ്പീഡും അപകടത്തിന് പ്രധാന കാരണമായിരുന്നെന്ന് ഒരു കള്ളച്ചിരിയോടെ രാജു രഹസ്യമായി പറഞ്ഞു. ആ ലോറിക്കാരനും, ലോറിയ്ക്കും ഒന്ന് പറ്റാത്തത് ഭാഗ്യം എന്നും രാജു കൂട്ടിച്ചേർത്തു. അതു കേട്ട് ഞങ്ങളെല്ലാം ആവോളം ചിരിച്ചു. അങ്ങനെ മല പോലെ വന്നത് എലി പോലെ പോയി…”
തന്റെ ആത്മകഥയായ ‘പ്രകാശ വർഷങ്ങൾ’ എന്ന പുസ്തകത്തിൽ നടനും, നിർമ്മാതാവുമായ പ്രേംപ്രകാശ് പറഞ്ഞതാണിത്.
കടപ്പാട്:- ലിറ്റ്മസ് – ഡി.സി ബുക്സ്
Post Your Comments