ജയലളിതയ്ക്ക് ശേഷം തമിഴ്‌നാട്ടിൽ ഉണ്ടാകുന്ന രാഷ്ട്രീയ മാറ്റങ്ങളിൽ പരക്കെ ആക്ഷേപം ഉയരുകയാണ്. എടപ്പാടി പളനിസാമിയുടെ നേതൃത്വത്തില്‍ സംസ്ഥാനം ഭരിക്കുന്ന എ.ഐ.എ.ഡി.എം.കെ ഒളിഞ്ഞും തെളിഞ്ഞും പല പ്രമുഖരും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും കണക്കിന് വിമര്‍ശിക്കുകയും, പരിഹസിക്കുകയും ചെയ്യുന്ന സാഹചര്യവും നിലവിലുണ്ട്. പ്രത്യേകിച്ച്, പളനിസാമിയും, പനീര്‍സെല്‍വവും തമ്മിലുള്ള ലയന വാര്‍ത്ത വന്നതിനു ശേഷം അത്തരം പരിഹാസങ്ങളുടെ അളവ് കൂടുകയാണ്. തമിഴ് സിനിമാ താരം കമല്‍ഹാസനാണ് ഈ രീതിയില്‍ ഏറ്റവും അധികം ആക്രമണം നടത്തുന്നത്.
“ഗാന്ധി തൊപ്പി, കാവി തൊപ്പി, കാശ്മീർ തൊപ്പി ഇങ്ങനെ പലതരം തൊപ്പികളുണ്ട്. പക്ഷെ ഇപ്പോൾ കോമാളി തൊപ്പിയാണ് തമിഴരുടെ തലയിൽ. മതിയോ, അതും ഇനിയും വേണമോ? തിരിച്ചറിയൂ തമിഴാ” എന്ന് കമൽഹാസൻ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ തമിഴ് ജനതയെ അറിയിച്ചിരിക്കുകയാണ്.
ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോൾ കമൽഹാസനെതിരെ പല രീതിയിലും ഉപദ്രവകരമായ നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ഒരിക്കലും അതിനെയൊക്കെ പരസ്യമായി എതിർക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ജയലളിതയുടെ പ്രതികാരബുദ്ധിയെക്കുറിച്ച് കമൽഹാസന് നല്ല അറിവുണ്ടായിരുന്നു എന്നതാണ് വാസ്തവം. എന്നാൽ ഇപ്പോഴുള്ള രാഷ്ട്രീയ കാലാവസ്ഥ തികച്ചും വ്യത്യസ്തമാണ്. കമൽഹാസൻ ഡി.എം.കെ’യിലൂടെ രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുകയാണെന്നും വാർത്ത പരക്കുകയാണ്. അതിന്റെ മുന്നോടിയായാണ് ഇത്തരം വിമർശനങ്ങൾ ഉണ്ടാകുന്നത്.
Post Your Comments