കോമഡിയില്‍ എപ്പോഴും കാണുന്ന ഒന്നാണ് അപരന്. രാഷ്ട്രീയകാര്‍ക്കും സിനിമാ താരങ്ങള്‍ക്കും അപരന്മാര് കൂടുതലാണ്. വേഷവിധാനം കൊണ്ട് മാത്രം അപരത്വത്തില്‍ നില്ക്കുന്നവരില് വ്യത്യസ്തനാണ് മദന്‍ലാല്‍. മോഹന്‍ലാലുമായുള്ള അതിശയകരമായ രൂപസാദൃശ്യമുള്ള ഒരു കലാകാരനാണ് മദന്‍ലാല്‍. തൊണ്ണൂറുകളില്‍ മോഹന്ലാല്ച്ചിത്രങ്ങളുടെ സുവര്‍ണ്ണകാലത്ത് ഒരൊറ്റച്ചിത്രത്തിലൂടെ സ്റ്റാര്‍ ആയി മാറിയ കുട്ടനാട്ടുകാരന്. 1990ല്‍ വിനയന് സംവിധാനം ചെയ്ത ആദ്യ ചിത്രം ‘സൂപ്പര്‍സ്റ്റാറി”ലൂടെ വെള്ളിത്തിരയില്‍ എത്തിയ മദന്‍ലാല്‍ ആ ഒറ്റ ചിത്രത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും അപ്രത്യക്ഷനായി.
മോഹന്‍ലാല്‍ ചിത്രത്തിലേത് പോലെ മലയാളത്തിലെ വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ നിറഞ്ഞു നിന്നുവെങ്കിലും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം സൂപ്പര്‍സ്റ്റാറിന്റെ രൂപസാദൃശ്യമുള്ള മദന്‍ലാല്‍ തന്നെയായിരുന്നു. എന്നാല്‍ ആ സാദൃശ്യം ഈ കലാകാരന് ദോഷമായി മാറിയത് കൊണ്ടാണോ പിന്നീട് അവസരങ്ങള്‍ കിട്ടാതെ പോയത്? അതിനെക്കുറിച്ചെല്ലാം ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ മദന്‍ലാല്‍ പറയുന്നു.
“ആരോടും ചാന്‍സ് ചോദിച്ച് പോയിട്ടില്ല. എന്നെ സിനിമയില്‍ എത്തിച്ച വിനയേട്ടനോട് പോലും പിന്നീട് അവസരം ചോദിച്ചിച്ചിട്ടില്ല. വിളിക്കുമ്പോള്‍ അതൊക്കെ ബുദ്ധിമുട്ടാകുമെന്ന് അറിയാവുന്നത് കൊണ്ടാണ്. സൂപ്പര്‍ സ്റ്റാര്‍ ഇറങ്ങി 27 വര്‍ഷം കഴിഞ്ഞ് അടുത്തിടെയാണ് വിനയേട്ടനെപ്പോലും വിളിച്ചത്. നീ മാത്രമേ ഇതുവരേയും എന്നെ വിളിക്കാതേയുള്ളൂ, എന്തുകൊണ്ട് ഇതുവരെയും വിളിച്ചില്ല എന്ന് വിനയേട്ടന് ചോദിച്ചു. വിളിച്ചില്ല. അത്ര തന്നെ.” മദന്‍ലാല്‍ പറയുന്നു. സൂപ്പര്‍ സ്റ്റാറിന് ശേഷം പത്തോളം നിര്‍മ്മാതാക്കള്‍ തന്റെ ഡേറ്റിന് വേണ്ടി ക്യൂ നിന്നിട്ടുണ്ട്. ഇന്ന് സിനിമാരംഗത്ത് സജീവമായ ചില നിര്‍മ്മാതാക്കളും അതിലുണ്ടായിരുന്നുവെന്നും മദന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ ഒരു അപകടം എല്ലാ പ്രതീക്ഷകളെയും തകര്‍ത്തുകളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
”അടുത്തിടെ ഗള്‍ഫില്‍ ഒരു ഷോയ്ക്ക് ലാലിന്റെ വേഷത്തില്‍ വരാമോ എന്ന് ചോദിച്ചു. പറഞ്ഞ പണം തരാമെന്നും പറഞ്ഞു. എനാല്‍ അങ്ങനെയൊരു വേഷത്തിലേക്ക് ഇനി അഭിനയിക്കാനില്ല. ലക്ഷങ്ങള്‍ തരാമെന്ന് പറഞ്ഞാലും അങ്ങനെ അഭിനയിക്കാനില്ല. എന്റെ തീരുമാനത്തില്‍ മാറ്റമില്ല. മോഹന്‍ലാല്‍ വലിയ നടനാണ്. ഞാന്‍ വെറും മദന്‍ലാല്‍ മാത്രമാണ് ,മദന്‍ലാല്‍. എന്നെ വിട്ടേക്കൂ”. മദന്‍ലാല്‍ പറയുന്നു
Post Your Comments