ഒരിക്കൽ കോട്ടയത്തെ ഒരു നിർമ്മാതാവിനൊപ്പം ഒരു ഗായകൻ പ്രശസ്ത സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററെ കാണാൻ വീട്ടിൽ ചെന്നു. നിർമ്മാതാവിനു തൊട്ടടുത്ത കസേരയിൽ ഇരുന്ന ഗായകൻ ഏതു പാട്ടു ചോദിച്ചാലും പാടിക്കേൾപ്പിക്കാൻ തയ്യാറായിരുന്നു. നിർമ്മാതാവിന്റെ സുഹൃത്ത് ഗായകനാണെന്ന് മാസ്റ്റർ തിരിച്ചറിഞ്ഞിരുന്നില്ല.
“ഇദ്ദേഹം ഒരു ഗായകൻ കൂടിയാണ്. നമ്മുടെ ചിത്രത്തിൽ മാസ്റ്റർ ഇദ്ദേഹത്തിനു പാട്ടു കൊടുക്കണം”, നിർമ്മാതാവ് പറഞ്ഞു നിര്‍ത്തി.
“ഓഹോ ! ഗായകനാണല്ലേ?” തന്‍റെ മുന്നില്‍ ഞെളിഞ്ഞിരിക്കുന്നയാളെ മാസ്റ്റര്‍ സൂക്ഷിച്ചു നോക്കി. നിര്‍മ്മാതാവിനൊപ്പമായതു കൊണ്ട് അല്‍പം ഗൗരവത്തില്‍ തന്നെയാണു ഗായകന്‍റെ ഇരിപ്പ്.
“യേശുദാസിനെപ്പോലെ പാടുമോ?” മാസ്റ്ററുടെ ചോദ്യം
“അത്രത്തോളമൊന്നും ഇല്ല മാസ്റ്റര്‍.” ഗായകന്‍ പെട്ടെന്നു വിനയാന്വിതനായി.
“എന്നാപ്പിന്നെ ഇയാളെന്തിനാ? യേശുദാസ് പോരേ?” മാസ്റ്ററുടെ മറുപടി.
ഏതായാലും ഗായകന്‍റെ പാട്ട് മാസ്റ്റർ ഒന്നു കേൾക്കണമെന്നായി നിർമ്മാതാവ്. മാസ്റ്റർ സമ്മതം മൂളി. യാതൊരു സംഗതികളും ഇല്ലാതെ, വളരെ ലളിതമായും ഭാവതീവ്രമായും മാസ്റ്റർ കമ്പോസ് ചെയ്ത ഒരു പാട്ട് കുറച്ചു സംഗതികളൊക്കെ ചേർത്തു ഗായകൻ പാടി.
“പൊന്നിൽ കുളിച്ച രാത്രി, പുളകം പൊതിഞ്ഞ രാത്രി…ഈറൻനിലാവും തേന്മലർ മണവും ഇക്കിളി കൂട്ടുന്ന രാത്രി.”
“നിർത്ത്…ഇയാളെന്നെ സംഗതി കേൾപ്പിച്ചു ഞെട്ടിക്കാൻ പോകുവാണോ? ആ പാട്ടിന് അതൊന്നും വേണ്ട. എനിക്ക് അറിയാത്തതു കൊണ്ടാ സംഗതി ഇടാത്തതെന്നു താൻ വിചാരിച്ചോ?”
നിർമ്മാതാവിനോടു തിരിഞ്ഞ് അദ്ദേഹം വീണ്ടും പറഞ്ഞു,
“ഇയാളെ വിളിച്ചോണ്ടു പോ…അഹങ്കാരിയാ…” !
പ്രശസ്ത സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററുടെ സ്വഭാവരീതിയെക്കുറിച്ച് ഗായിക ലതികയുടെ സഹോദരൻ എസ്.രാജേന്ദ്ര ബാബു “കോടമ്പാക്കം കുറിപ്പുകള്‍” എന്ന തന്‍റെ ആത്മകഥയില്‍ എഴുതിയതാണ് ഈ സംഭവം.
കടപ്പാട്:- ഡി സി ബുക്സ്
Post Your Comments