പ്രശസ്ത ഛായാഗ്രാഹകൻ വേണുവിന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കാർബൺ’ ആഗസ്റ്റ് 21’ന് കോട്ടയത്ത് ചിത്രീകരണം ആരംഭിക്കുന്നതാണ്. മംമ്ത മോഹന്‍ദാസാണ് ഫഹദിന്റെ ജോഡിയായെത്തുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളെയും, അതിന്റെ ദോഷവശങ്ങളെയും കുറിച്ച് പറയുന്ന ‘കാർബൺ’ മുഴുവനായും കാടിനുള്ളിലാണ് ചിത്രീകരിക്കുന്നത്. പാലാ-ഈരാറ്റുപേട്ട മേഖലയിലെ ഉൾവനത്തിൽ സർവ്വ സന്നാഹങ്ങളുമായി ചിത്രം ആരംഭിക്കാനാണ് അണിയറപ്രവർത്തകരുടെ പ്ലാൻ. സിങ്ക് സൗണ്ട് സംവിധാനത്തിലായിരിക്കും ‘കാർബൺ’ ഒരുങ്ങുന്നത്.
പോൾട്രി ഫാം ഫിലിംസും എസ്.ജെ.എം എന്റർടെയിമെൻറ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിക്കുന്നത് മലയാളിയും പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനുമായ കെ.യു.മോഹനനാണ്. സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നതും ബോളിവുഡിൽ നിന്നു തന്നെയുള്ള മറ്റൊരു പ്രതിഭയായ വിശാൽ ഭരദ്വാജാണ്. ബീനാ പോളിന്റേതാണ് എഡിറ്റിങ്ങ്.
Post Your Comments