മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയ നടന്‍ ശ്രീനാഥ് കോതമംഗലത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്ന് തന്നെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ മരണം ആത്മഹത്യ ആണെന്ന നിഗമനത്തിലാണ് അന്നെത്തിയത്. ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണങ്ങള്‍ വീണ്ടും ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് പുന:രന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ക്രൈംബ്രാഞ്ചോ മറ്റേതെങ്കിലും ഏജന്‍സിയോ കേസ് അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. വേണ്ട നടപടികള്‍ ചെയ്യാമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പു നല്‍കി.
2010 ഏപ്രില്‍ 23 നാണ് ശ്രീനാഥിനെ കോതമംഗലത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബ്ലേഡ് ഉപയോഗിച്ചു കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് അന്ന് കേസെടുത്തെങ്കിലും ആത്മഹത്യയാണെന്ന ഡോക്ടറുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചതോടെയാണ് അന്വേഷണം അവസാനിപ്പിച്ചത്. ഏപ്രില്‍ 22നു ഷൂട്ടിംഗ് സെറ്റില്‍ എത്തിയപ്പോള്‍, ശ്രീനാഥിനെ തിരിച്ചയച്ചതായാണു മൊഴി. ഹോട്ടല്‍ മുറിയൊഴിയാനും അണിയറക്കാര്‍ ആവശ്യപ്പെട്ടു. ഷൂട്ടിങ്ങിനു കൃത്യസമയത്തു ശ്രീനാഥ് ചെല്ലാത്തതിനാല്‍ ഒഴിവാക്കുകയായിരുന്നുവെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും പോലീസ് വിലയിരുത്തി.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്നുതന്നെ ശ്രീനാഥിന്റെ ഭാര്യയും മറ്റു ബന്ധുക്കളും ആരോപിച്ചിരുന്നു. ഇപ്പോള്‍ ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചയായതോടെയാണ് ബന്ധുക്കള്‍ പുന:രന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments