CinemaGeneralIndian CinemaLatest NewsMollywoodNEWS

ദിലീപിനെതിരെ നടക്കുന്നത് തികഞ്ഞ വ്യക്തിസ്വാതന്ത്ര്യ നിഷേധം

നടിയെ ആക്രമിച്ച കേസിൽ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ദിലീപിന് ഒരു മാസം കഴിഞ്ഞിട്ടും ജാമ്യം ലഭിക്കാത്തത് നിയമജ്ഞരുടെ ഇടയിൽ ശക്തമായ പ്രതിഷേധത്തിന് വഴി വയ്ക്കുകയാണ്. കുറ്റം തെളിയിക്കപ്പെടുകയോ, ശക്തമായ രീതിയിൽ ആരോപിക്കപ്പെടുകയോ ചെയ്യാതെ ഒരാളെ ഇങ്ങനെ ക്രൂശിക്കുന്നതിൽ അപാകതയുണ്ടെന്നാണ് പരക്കെയുള്ള അഭിപ്രായം. ഗൂഡാലോചനയുടെ പേരിൽ മാത്രം അറസ്റ്റിലായ ആൾക്ക് ജാമ്യം ലഭിക്കാനുള്ള അവകാശമുണ്ട്, എന്നാൽ പ്രോസിക്യൂഷൻ അനാവശ്യമായി സമയം നീട്ടിച്ചോദിച്ചതു കാരണമാണ് കോടതി അത് പരിഗണിക്കുന്നത് മാറ്റി വച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് ഏറ്റവും മോശമായ പ്രവൃത്തിയാണെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ജാമ്യം ലഭിച്ചാൽ ദിലീപ് തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കോടതിയെ പ്രോസിക്യൂഷൻ ധരിപ്പിച്ചിട്ടുള്ളത്. ഇല്ലാത്ത തെളിവുകൾ എങ്ങനെയാണ് ദിലീപ് നശിപ്പിക്കാൻ പോകുന്നത്? അത്തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലമൊന്നും ഇല്ലാത്ത ഒരു വ്യക്തിയെ ഇത്രത്തോളം ഭയക്കുന്നത് തന്നെ സംശയം ജനിപ്പിക്കുന്ന ഒന്നാണ്. ജാമ്യ നിഷേധത്തിനെതിരെ പ്രതിഭാഗം വക്കീൽ ശക്തമായി പ്രതികരിക്കുക തന്നെ വേണം. കഴിഞ്ഞ കുറേ കാലങ്ങളായി ഇത്തരം പ്രവൃത്തികൾ കണ്ടു വരികയാണെന്നും നിയമരംഗത്തുള്ളവർ അഭിപ്രായപ്പെടുന്നു. ജാമ്യം ലഭിക്കാനുള്ള അപേക്ഷ ഇപ്പോൾ നീട്ടി വച്ചതിലൂടെ, തുടർച്ചയായി വരാൻ പോകുന്ന ഓണം അവധികളിൽ പെട്ട് സംഗതി ഇനിയും ഒരുപാട് നീണ്ടു പോകാനുള്ള സാധ്യതയാണ് കാണുന്നത്.

ദിലീപിനെതിരെ ഇപ്പോൾ നിലവിലുള്ളത് വെറും സംശയങ്ങൾ മാത്രമാണ്. അതു തന്നെ വ്യക്തമായ രീതിയിൽ തെളിയിക്കപ്പെട്ടിട്ടു പോലുമില്ല. അങ്ങനെയുള്ള അവസ്ഥയിൽ, വീണ്ടും ജയിലിൽ തുടരുന്നത് ആ വ്യക്തിയിൽ കടുത്ത മാനസിക ആഘാതങ്ങൾ ഏൽപ്പിക്കുന്നതിനു കാരണമാകും. കുറ്റം തെളിയിക്കപ്പെട്ട ഒരാൾ ജയിലിൽ കിടക്കുന്നതു പോലെയല്ല ഇത്. ഇത്തരത്തിൽ ദിവസങ്ങളോളം കുടുംബത്തിൽ നിന്നും വിട്ടു നിന്ന് ക്രിമിനലുകളുടെ ഒപ്പം കഴിയേണ്ടി വരുന്നത് ഏറെ അസ്വസ്ഥതയുളവാക്കുന്ന സാഹചര്യം തന്നെയാണ്. ആദ്യം ആലുവ മജിസ്‌ട്രേറ്റ് കോടതിയിലും, പിന്നീട് ഹൈക്കോടതിയിലും ദിലീപ് ജാമ്യാപേക്ഷ നൽകിയിരുന്നു. രണ്ടും തള്ളിയ സാഹചര്യത്തിൽ, പ്രതിഭാഗം വാദങ്ങൾ കൂടുതൽ ശക്തമാക്കിയതിനു ശേഷമാണ് ഇത്തവണ അപേക്ഷിച്ചത്. പക്ഷെ പ്രോസിക്യൂഷൻ ഇടപെട്ട് അത് നീട്ടി വച്ചതു കാരണം, ജയിൽ വാസവും നീണ്ടു പോവുകയാണ്.

പട്ടാള ഭരണത്തിൽ പോലും ഇത്തരത്തിലുള്ള വ്യക്തിസ്വാതന്ത്ര്യ നിഷേധത്തെക്കുറിച്ച് കേട്ടുകേൾവിയില്ലെന്നാണ് നിയമജ്ഞർ അഭിപ്രായപ്പെടുന്നത് . എന്തായാലും അഡ്വ ബി.രാമൻപിള്ളയുടെ നേതൃത്വത്തിൽ കൂടുതൽ ശക്തിയാർജ്ജിച്ചെത്തുന്ന പ്രതിഭാഗത്തെ നേരിടാൻ പ്രോസിക്യൂഷന് കഴിയില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. പ്രതിഭാഗം ‘അലിബി’ എന്ന രക്ഷാമാർഗം പ്രയോഗിക്കുന്നതിലൂടെ ഗൂഡാലോചനാ വാദം തന്നെ പൊളിയുമെന്നു കണക്കാക്കുന്നു. ക്രിമിനൽ കേസുകളിൽ ഗൂഡാലോചനാ വാദങ്ങൾ പലപ്പോഴും ശക്തമായ തെളിവുകളുടെ അഭാവത്തിൽ തള്ളിപ്പോവുകയാണ് പതിവ്. ഇവിടെ അതു തന്നെ ആവർത്തിക്കുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button