മലയാളത്തിന്റെ പ്രിയ സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. കുടുംബ വിശേഷങ്ങള്‍ ഹാസ്യത്തോടെ ആവിഷ്കരിക്കുന്ന പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ കൂടുതലും നായകന്‍ മോഹന്‍ലാല്‍ ആണ്. മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടിയുമായി ചേര്‍ന്ന് ആകെ മൂന്നു ചിത്രങ്ങള്‍ മാത്രമേ പ്രിയദര്‍ശന്‍ ഒരുക്കിയിട്ടുള്ളൂ. പറയാനും വയ്യ പറയാതിരിക്കാനും വയ്യ, രാക്കുയിലിന്‍ രാഗസദസ്സില്‍, മേഘം എന്നീ ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. അടുത്തൊരു മമ്മൂട്ടി ചിത്രം പ്രിയദര്‍ശനില്‍ നിന്നും ഉടനെ ഉണ്ടാകുന്നുവെന്നു ചില വാര്‍ത്തകള്‍ മോളിവുഡില്‍ ഉയരുന്നുണ്ട് . താന്‍ മമ്മൂട്ടിയെ ആദ്യം കണ്ടതും പരിചയപ്പെട്ടതുമായ നിമിഷത്തെക്കുറിച്ച് പ്രിയദര്‍ശന്‍ പങ്കുവയ്ക്കുന്നു.
”നവോദയായുടെ പടയോട്ടം എന്ന സിനിമയില്‍ ഞാനും സിബിമലയിലുമൊക്കെ വര്‍ക്കുചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ സിബിയാണ് മമ്മൂട്ടി എന്ന നടനെക്കുറിച്ചുപറയുന്നത്. സിബിയുടെ അമ്മയാണത്രെ ഇങ്ങനെയൊരു പുതിയ നടനെക്കുറിച്ച് ആദ്യം സൂചിപ്പിക്കുന്നത്. സ്‌ഫോടനം, മുന്നേറ്റം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച മമ്മൂട്ടി എന്ന നടനെക്കുറിച്ച് ഞാനും ആ സമയത്ത് കേട്ടിരുന്നു. പക്ഷേ, നേരില്‍ കണ്ടിരുന്നില്ല. പടയോട്ടത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി വന്നരംഗം ഞാനിന്നും ഓര്‍മ്മിക്കുന്നു. തോളില്‍ ഒരു സഞ്ചിയൊക്കെ തൂക്കിയായിരുന്നു മമ്മൂട്ടിയുടെ വരവ്. ഒന്നുരണ്ട് സിനിമകളില്‍ നായകപ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്തതിനുശേഷമായിരുന്നു മമ്മൂട്ടിയുടെ ആ വരവെന്ന കാര്യം ഓര്‍മ്മിക്കണം. നവോദയാ അപ്പച്ചനായിരുന്നു പടയോട്ടത്തിന്റെ നിര്‍മ്മാതാവ്. അപ്പച്ചനോട് ഏവര്‍ക്കും ആദരവുണ്ട്. അതുകൊണ്ട് ആരും അദ്ദേഹത്തിന്റെ മുന്നില്‍ ഇരിക്കുകയോ വലിയ അടുപ്പത്തില്‍ സംസാരിക്കുകയോ ചെയ്യാറില്ല. നസീര്‍സാറും മധുസാറുംപോലും വലിയ ബഹുമാനത്തില്‍നിന്നേ അദ്ദേഹത്തിനോട് സംസാരിക്കുമായിരുന്നുള്ളു. മമ്മൂട്ടി ലൊക്കേഷനില്‍ വന്നതും ഒന്നിച്ച് കളിച്ചു വളര്‍ന്നവര്‍ തമ്മില്‍ ഇടപെടുന്നതുപോലെ അപ്പച്ചനെ കണ്ടതും മമ്മൂട്ടി ഉടനെ ‘ങാ അപ്പച്ചാ….’ എന്നുള്ള രീതിയില്‍ പെരുമാറുന്നത് കണ്ടിരുന്നു. ഇതാണ് മമ്മൂട്ടി എന്ന നടന്റെ അന്നത്തെയും ഇന്നത്തെയും നിലപാട്. ഇന്നും ഈ രീതിക്ക് ഒരിഞ്ചുപോലും മാറ്റം സംഭവിച്ചിട്ടില്ലെന്നുള്ളതാണ് ഒരു സത്യം. പറയേണ്ടുന്ന ഏതുകാര്യവും വെട്ടിത്തുറന്നങ്ങു പറയും. നാക്കിന് ബെല്ലുമില്ല, ബ്രേക്കുമില്ല. ഞാന്‍ മമ്മൂട്ടിയെ നായകനാക്കി ഇതുവരെ എത്ര സിനിമകള്‍ ചെയ്തിട്ടുണ്ടെന്നറിയാമോ? അധികമാര്‍ക്കും അറിയാത്ത ഒരു കണക്കായിരിക്കും അത്. പറയാനും വയ്യ പറയാതിരിക്കാനും വയ്യ. രാക്കുയിലിന്‍ രാഗസദസ്സില്‍, മേഘം എന്നിങ്ങനെ മൂന്നു സിനിമകള്‍ മാത്രമാണ് ഞാന്‍ മമ്മൂട്ടിയെ വച്ച് ചെയ്തിരിക്കുന്നത്. ഈ മൂന്ന് സിനിമകളും സക്‌സസ്ഫുള്ളായിരുന്നില്ല. പക്ഷെ സിനിമയുടെ പരാജയങ്ങള്‍ ഞങ്ങളുടെ സ്‌നേഹബന്ധത്തില്‍ വിലങ്ങുതടിയായിട്ടില്ല. പടയോട്ടത്തിന്റെ സെറ്റില്‍ ആദ്യമായി കാണുമ്പോള്‍ ഞാന്‍ മമ്മൂട്ടിയെ മമ്മൂട്ടിക്കായെന്ന് വിളിച്ചുതുടങ്ങി. ഇന്നും ഞാന്‍ വിളിക്കുന്നത് മമ്മൂട്ടിക്ക എന്നുതന്നെയാണ്.”
Post Your Comments