തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ ഭാര്യ ലത നടത്തിയിരുന്ന ചെന്നൈയിലെ ആശ്രം മെട്രിക്കുലേഷന്‍ സ്കൂള്‍ അടച്ചുപൂട്ടി. വാടക കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നാണ് കെട്ടിടം ഉടമ സ്കൂള്‍ പൂട്ടിയത്. രാഘവേന്ദ്ര ഫൗണ്ടേഷന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ മുന്നൂറില്‍പ്പരം കുട്ടികള്‍ പഠിക്കുന്നുണ്ട്.
രണ്ടു കോടിയില്‍ അധികം രൂപയാണ് വാടക കുടിശ്ശികയിനത്തില്‍ കെട്ടിടം ഉടമയ്ക്ക് ലഭിക്കാനുള്ളത്. ഉടമ കെട്ടിടം അടച്ചതിനെ തുടര്‍ന്ന് മറ്റൊരു കാന്പസിലേക്ക് സ്കൂള്‍ പ്രവര്‍ത്തനം മാറ്റി. 2002ലാണ് വെങ്കടേശ്വരലു കെട്ടിടം വിട്ടുകൊടുത്തത്. വാടക കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കെട്ടിടം ഒഴിഞ്ഞുകൊടുക്കാന്‍ 2013ല്‍ ആവശ്യപ്പെട്ടിരുന്നതായി വെങ്കടേശ്വരലു പറഞ്ഞു.
പണം നല്‍കാനുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ച ലതാ രജനീകാന്ത്, കെട്ടിടം ഉടമയ്ക്കെതിരേ മാനനഷ്ടത്തിനു കേസ് കൊടുക്കുമെന്നു പറഞ്ഞു. വെങ്കടേശ്വരലു രാത്രിയില്‍ വന്ന് കെട്ടിടം പൂട്ടിയെടുക്കുകയായിരുന്നു. കരാറിലുള്ളതിലും അധികം വാടക അടിക്കടി ഉടമ കൂട്ടിക്കൊണ്ടിരുന്നുവെന്നും ഇതാണ് കുടിശ്ശികയായി പറയുന്നതെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു.
ഇതേസമയം, മാസങ്ങളോളം ശമ്പളം വൈകിയെന്ന് ആരോപിച്ച് ഡിസംബറില്‍ സ്കൂളിലെ ഡ്രൈവര്‍മാര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതും വലിയ വാര്‍ത്തയായിരുന്നു. മാനേജ്മെന്റിന് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അന്നു വാര്‍ത്തയുണ്ടായിരുന്നു.
Post Your Comments