തൊണ്ണൂറുകളുടെ തുടക്കത്തിലാണ് വിക്രം സിനിമാ രംഗത്തെത്തുന്നത്. 1990’ൽ റിലീസായ ‘എൻ കാതൽ കണ്മണി’ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് ചില തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും എല്ലാം കനത്ത പരാജയങ്ങളായിരുന്നു. മലയാളത്തിലേക്കുള്ള ചുവടുമാറ്റത്തിലൂടെ ഒരു പിടി നല്ല ചിത്രങ്ങൾ വിക്രത്തെ തേടിയെത്തി. ധ്രുവം, സൈന്യം, മാഫിയ, ഇന്ദ്രപ്രസ്ഥം, രാജപുത്രൻ എന്നീ ചിത്രങ്ങളിൽ താരതമ്യേന ചെറിയ വേഷങ്ങളായിരുന്നുവെങ്കിലും എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. അക്കാലത്ത് അഭിനയത്തോടൊപ്പം ഡബ്ബിംഗിലും വിക്രം ശ്രദ്ധ കൊടുത്തിരുന്നു.
‘കാതലൻ’ എന്ന ചിത്രത്തിൽ പ്രഭുദേവയ്‌ക്കും, ‘അമരാവതി’ എന്ന ചിത്രത്തിൽ അജിത്തിനും, ‘കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ’ എന്ന ചിത്രത്തിൽ അബ്ബാസിനും, ‘അലൈപായുതേ’,’ കന്നത്തിൽ മുത്തമിട്ടാൽ’ എന്നീ ചിത്രങ്ങളിൽ ഒന്നിൽപ്പരം കഥാപാത്രങ്ങൾക്കും വിക്രം ഡബ്ബ് ചെയ്തിരുന്നു. അദ്ദേഹം ഡബ്ബിംഗ് ജോലി ഏറെ രസിച്ചാണ് ചെയ്തിരുന്നത്. ഇന്ന് സൂപ്പർതാര പദവിയിലെത്തി നിൽക്കുമ്പോഴും, തനിക്ക് സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട മേഖല ഡബ്ബിംഗ് തന്നെയാണെന്നാണ് വിക്രം അഭിപ്രായപ്പെടുന്നത്.
Post Your Comments