
ഏതെങ്കിലും നവാഗത സംവിധായകൻ മമ്മൂട്ടിയെ നായകനാക്കി ചെയ്യുന്ന സിനിമ സൂപ്പർ ഹിറ്റാണോ, എങ്കിൽ അയാളുടെ അടുത്ത സിനിമയിലെ നായകൻ മോഹൻലാലായിരിക്കും…!
വിശദമായി അറിയണോ?
അന്ധവിശ്വാസങ്ങൾക്കും, ആചാരങ്ങൾക്കും പഞ്ഞമില്ലാത്ത ഒരു സിനിമാ വ്യവസായമാണ് മലയാളത്തിന്റേത്. ഹിറ്റ് സിനിമകളുടെ ഭാഗമാകുന്ന ആളുകളെ ‘ഭാഗ്യം’ കൊണ്ട് വരുന്നവരായി മുദ്ര കുത്തി, ഭാഗ്യ നായകൻ, ഭാഗ്യ നായിക, ഭാഗ്യ നടൻ – നടി, ഭാഗ്യ ഛായാഗ്രാഹകൻ എന്നിങ്ങനെ വിളിപ്പേരിട്ടു കൊണ്ട്, ആവശ്യമില്ലെങ്കിൽ പോലും സിനിമകളിൽ ബന്ധപ്പെട്ടവർ കുത്തിക്കയറ്റാൻ ശ്രമിക്കാറുണ്ട്. പ്രേക്ഷകരും പലപ്പോഴും ചിന്തിച്ചേക്കാം, “ആ കഥാപാത്രത്തിന് ഇയാൾ ചേരുന്നതേയില്ല” എന്ന രീതിയിൽ. പിന്നെ ‘ക്ളീഷേ’കളിൽ ഏറ്റവും അധികം വിശ്വസിക്കുന്നതും മോളിവുഡ് തന്നെയാണ്.
ഈ കഴിഞ്ഞ പത്ത് – ഇരുപത് വർഷക്കാലത്തെ മലയാള സിനിമാ ലിസ്റ്റിലൂടെ ഒന്ന് കണ്ണോടിച്ചാൽ അറിയാൻ കഴിയും നമ്മുടെ സൂപ്പർ താരങ്ങൾ തമ്മിലുള്ള ചില ‘രഹസ്യഏർപ്പാടുകൾ’. അറിഞ്ഞോ, അറിയാതെയോ അവർക്കിടയിൽ ഒരു മത്സരം നടക്കുന്നുണ്ട് എന്ന് വ്യക്തമാണ്. നേരിട്ട് ചോദിച്ചാൽ അത് ഒരിക്കലും സമ്മതിച്ച് തരില്ലെന്ന് മാത്രമല്ല, “അന്നും ഇന്നും എന്നും നമ്മൾ ഏറ്റവും വലിയ സുഹൃത്തുക്കളാണ്” എന്ന് പറയുകയും ചെയ്യും. അവർക്കിടയിലുള്ള, വളരെ അപൂർവ്വമായ എന്നാൽ തികച്ചും ആരോഗ്യകരമായ ഒരു മത്സരത്തെ കുറിച്ച് പരിശോധിക്കാം. ഏതെങ്കിലും നവാഗത സംവിധായകൻ മമ്മൂട്ടിയെ നായകനാക്കി ചെയ്യുന്ന സിനിമ സൂപ്പർ ഹിറ്റാണോ, എങ്കിൽ അയാളുടെ അടുത്ത സിനിമയിലെ നായകൻ മോഹൻലാലായിരിക്കും എന്നത് ഒരു സ്ഥിരം സംഗതിയാണ്. നേരെ മറിച്ചും സംഭവിക്കാറുണ്ട്. മോഹൻലാലിന്റെ ഹിറ്റ് സിനിമയിലൂടെ തുടക്കം കുറിക്കുന്ന സംവിധായകന്റെ അടുത്ത സിനിമ മമ്മൂട്ടിയുടേതായിരിക്കും. ഇൻഡസ്ട്രിയിൽ വർഷങ്ങളായി തുടരുന്ന മുൻനിര സംവിധായകരും ഇതേ പ്രവണത തുടരാറുണ്ടെങ്കിലും, ഇത് കൂടുതലായി കണ്ടു വരുന്നത് നവാഗതരിലാണ്.
2004’ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ‘കാഴ്ച’ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ബ്ലെസ്സിയുടെ അടുത്ത സിനിമ മോഹൻലാലിന്റേതായിരുന്നു. 2005’ൽ റിലീസായ ‘തന്മാത്ര’യായിരുന്നു അത്. 2005’ലെ മമ്മൂട്ടിയുടെ മെഗാഹിറ്റ് സിനിമയായ ‘രാജമാണിക്യം’ സംവിധാനം ചെയ്തത് നവാഗതനായ അൻവർ റഷീദായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമ 2007’ൽ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച “ചോട്ടാ മുംബൈ” ആയിരുന്നു മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് സിനിമമായ ‘ബിഗ്ബി’യിലൂടെ(2007) സിനിമയിലെത്തിയ അമൽ നീരദ് എന്ന സംവിധായകന്റെ രണ്ടാമത്തെ സിനിമയായ ‘സാഗർ ഏലിയാസ് ജാക്കി’യിലെ(2009) നായകനും മോഹൻലാലായിരുന്നു. മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് സിനിമയായ ‘കീർത്തിചക്ര’യിലൂടെ തുടങ്ങിയ മേജർ രവിയുടെ അടുത്തത് മമ്മൂട്ടിയുടെ ‘മിഷൻ 90 ഡെയ്‌സ്’ ആയിരുന്നു. ഇങ്ങനെ ഒരുപാട് സിനിമകൾ ഇത്തരത്തിൽ ‘കൊടുക്കൽ വാങ്ങൽ’ നടത്തിയ പ്രോജക്റ്റുകൾ ആയിരുന്നു എന്നതാണ് സത്യം.
വാൽക്കഷണം:- 2010’ലെ മമ്മൂട്ടിയുടെ ബ്ലോക്ക് ബസ്റ്റർ സിനിമയായ ‘പോക്കിരിരാജ’യിലൂടെ തുടക്കം കുറിച്ച വൈശാഖ് എന്ന സംവിധായകൻ തൊട്ടടുത്തതായി പദ്ധതിയിട്ടതാണ് ‘പുലിമുരുകൻ’. പക്ഷെ, ചില സാങ്കേതിക കാരണങ്ങളാൽ ആ പ്രോജക്റ്റ് നീണ്ടു പോവുകയായിരുന്നു. ഒടുവിൽ, വൈശാഖിന്റെ ഏഴാമത്തെ സിനിമയായാണ് ‘പുലിമുരുകൻ’ (2016) റിലീസായത്.
Post Your Comments