Film ArticlesGeneralLatest NewsNEWS

സ്വാതന്ത്ര്യദിനം – സിനിമയ്ക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യം കിട്ടുന്ന ദിനം എന്നാണ്?

ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പിടിയിൽ നിന്നും നമ്മുടെ നാട് സ്വതന്ത്രമായിട്ട് ഇന്നേക്ക് 70 വർഷങ്ങൾ തികയുന്നു.പല തരത്തിലുള്ള മാറ്റങ്ങളാണ് ഈ ഒരു കാലയളവിൽ ഇവിടെ നടന്നിട്ടുള്ളത്. ഇഴഞ്ഞു തുടങ്ങിയ നമ്മൾ, എണീറ്റ് നടന്നു, ഓടി, ഇപ്പോൾ പറക്കുകയാണ്. പക്ഷെ ഒരു ചെറിയ സംശയം മാത്രം, ഈ പറഞ്ഞ സ്വാതന്ത്ര്യം എന്നത് ഇവിടെ എല്ലാ രീതിയിലും അനുഭവിക്കാൻ കഴിയുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. വീട്ടിൽ പുകയുന്ന അടുപ്പു മുതൽ, മൂട്ടിൽ പുകഞ്ഞ് മുകളിലേക്ക് പറക്കുന്ന റോക്കറ്റിനു പോലും പറയാൻ കാണും സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിന്റെ കഥ. ചെറിയൊരു ഉദാഹരണം എന്ന നിലയ്ക്ക് നമുക്ക് സിനിമയെ വിഷയമാക്കാം. സ്വാതന്ത്ര്യം നേടി എന്നു പറയുന്ന 1947’നും എത്രയോ മുൻപാണ് നമ്മുടെ നാട്ടിൽ സിനിമകൾ പ്രചാരത്തിലായത്. നിശ്ശബ്ദചിത്രങ്ങളിൽ തുടങ്ങി, സമയാസമയത്തുള്ള വിപ്ലവങ്ങളിലൂടെ ഇന്ത്യൻ സിനിമ വളർന്നു. ഇന്ന് ലോകസിനിമയുടെ തട്ടകം എന്നറിയപ്പെടുന്ന ഹോളിവുഡിനെ പോലും ചെറുതായൊന്നു കുലുക്കാൻ ശേഷിയുള്ള തരം സൃഷ്ടികളാണ് ഇന്ത്യയിൽ പിറക്കുന്നത്. സിനിമാ നിർമ്മാണത്തിനു മുടക്കുന്ന തുകയുടെ വലിപ്പമല്ല ഇത്തരമൊരു താരതമ്യപഠനത്തിനു ആധാരം, അതിന്റെ ഗുണപരമായ സവിശേഷതകൾ തന്നെയാണ്.

പക്ഷെ ഒരു കാര്യത്തിൽ ഇന്ത്യൻ സിനിമ ഇന്നും വർഷങ്ങൾക്കു പിറകിലാണ്, ഒന്ന് ഇരുത്തി ചിന്തിച്ചാൽ ഈ പറഞ്ഞ 70 വർഷങ്ങൾക്കും പിറകിലേക്ക് പോകേണ്ടി വരും. എന്താണ് ആ കാര്യമെന്നല്ലേ? ആവിഷ്‌ക്കാര സ്വാതന്ത്ര്യം! സിനിമകളെ അതേ പടി മനസ്സിലേക്ക് സ്വീകരിച്ച്, അതിലെ മോശം കാര്യങ്ങളെ ശിരസ്സാവഹിച്ച്, ജീവിതത്തിലേക്ക് സ്വാഗതം ചെയ്ത് സ്വയം നശിക്കാൻ തയ്യാറായി ക്യൂവിൽ നിൽക്കുന്ന ഒരു ജനതയായാണ് ഇന്ത്യൻ പ്രേക്ഷകരെ ചില സർക്കാർ പ്രതിനിധികൾ കാണുന്നത്. കൊടിയുടെ നിറമൊന്നും നോക്കണ്ട, കാലാകാലങ്ങളായി മാറിമാറി വരുന്ന എല്ലാ സർക്കാരും ഏതാണ്ട് ഇതു പോലുള്ള കാഴ്ചപ്പാടിലാണ് സിനിമയെ നോക്കിക്കാണുന്നത്. പക്ഷെ അത് നാൾക്കുനാൾ തീരെ വഷളാകുന്ന അവസ്ഥയാണിപ്പോൾ. സിനിമയിൽ ‘ഹിന്ദു’ എന്ന് എഴുതിക്കാണിച്ചാൽ ‘മുസ്ളീം’ പ്രശ്നമുണ്ടാക്കുമെന്നും, ‘മുസ്ളീം’ എന്ന് വിളിച്ചാൽ ‘ഹിന്ദു’ കോപാകുലനാകുമെന്നും ആരൊക്കെയോ ചേർന്ന് തീരുമാനിച്ച് ഉറപ്പിച്ച മട്ടാണ്. അതിന്റെ പേരിൽ ബന്ധപ്പെട്ടവരെ മസ്തിഷ്ക പ്രക്ഷാളനം നടത്തി പ്രക്ഷോഭങ്ങൾക്കായി തെരുവിലേക്ക് ഇറക്കാനും ഈ പറഞ്ഞ ‘അധഃകൃതർ’ക്ക് (അധികൃതർ എന്നു പറയാൻ കഴിയില്ല) സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ സത്യം.

ഇവിടെയാണ് ഒരു കലാകാരന്റെ ആവിഷ്‌ക്കാര സാതന്ത്ര്യം തടസ്സപ്പെടുന്നത്, അല്ലെങ്കിൽ നിഷേധിക്കപ്പെടുന്നത്. ഒരു കഥ പറയുമ്പോൾ, അതിലെ വിഷാദശാംശങ്ങളിലേക്ക് നീങ്ങുമ്പോൾ പരാമർശിക്കപ്പെട്ടേക്കാവുന്ന സംഗതികളിൽ ചിലതാണ് ഈ ഹിന്ദു, മുസ്ളീം, ക്രിസ്ത്യാനി തുടങ്ങിയവ. അതിനെല്ലാം തന്നെ ഫിലിം സർട്ടിഫിക്കേഷൻ ബോർഡിന്റെ സമ്മതിപത്രം വേണമെന്ന അവസ്ഥയാണ് ഇവിടെ. മദ്യപാനം, പുകവലി ഇവയൊന്നും നാട്ടിൽ ആരും പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷെ ഇവയൊക്കെ പലരുടെയും ജീവിതത്തിന്റെ ഭാഗമാണെന്നിരിക്കെ, കഥകളിലും ഇത്തരം ദുശ്ശീലങ്ങൾ ഇടം പിടിക്കുക എന്നത് സ്വാഭാവികമാണ്. പക്ഷെ, മദ്യപിക്കുന്നതും, പുകവലിക്കുന്നതും കാണിക്കുമ്പോഴെല്ലാം തന്നെ അതിനെതിരെയുള്ള നിയമപരമായ മുന്നറിയിപ്പ് സ്‌ക്രീനിൽ പ്രദർശിപ്പിക്കണം എന്ന് പറയുമ്പോൾ, പ്രേക്ഷകരെ കുറിച്ച് ഇവരൊക്കെ എന്താണ് ധരിച്ചു വച്ചിട്ടുള്ളത് എന്ന് അറിയാൻ കൊതിച്ചു പോകുന്നു! സിനിമയിൽ മദ്യപിക്കുന്നത് കണ്ടാൽ ഉടൻ തന്നെ അവിടെ തീയറ്ററിൽ ഇരുന്ന് മദ്യപിക്കുന്നവരാണ് പ്രേക്ഷകർ എന്നായിരിക്കുമോ ഇവരുടെ ചിന്ത? പുകവലിയും ഇത്തരത്തിൽ പടരുന്ന ഒരു പ്രക്രിയയാണോ?

അടിസ്ഥാന വിദ്യാഭ്യാസത്തിൽ പെടുത്തേണ്ട വിഷയങ്ങളെ സ്‌കൂളുകളുടെ ഏഴ് അയലത്തു പോലും എത്തിക്കാതെ, ഇതുപോലെ കതിരിൽ വളം വയ്ക്കുന്ന ഏർപ്പാടുകളാണ് നമ്മുടെ നാട്ടിൽ നടന്നു കൊണ്ടിരിക്കുന്നത്. ലൈംഗികത എന്നത് രാജ്യത്തെ ഏറ്റവും വലിയ കുറ്റമായാണ് ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് കാണുന്നത്. സ്‌കൂളുകൾ മുതൽ പഠനവിഷയമാക്കേണ്ട ഒന്നിനെ പരമാവധി ഒളിപ്പിച്ചു വച്ചിട്ട്‌, തീയറ്ററിലും അതിനു വിലക്ക് ഏർപ്പെടുത്തുന്ന പ്രവണതയാണ് ഇവിടെ നടക്കുന്നത്. “വികാരങ്ങൾ വൃണപ്പെടുന്നു” എന്ന മുദ്രാവാക്യമാണ് ഫിലിം സർട്ടിഫിക്കേഷൻ ബോർഡിന്റെ ഏറ്റവും വലിയ പ്രത്യേകത! മതവികാരം, ദുശ്ശീലവികാരം, ലൈംഗിക വികാരം, ഇതൊക്കെ വൃണപ്പെടാൻ വേണ്ടി അങ്ങനെ തുളുമ്പി നിൽക്കുകയാണ് നമ്മുടെ നാട്ടിൽ! ഇതിനൊക്കെ എന്നാണ് ഒരു മാറ്റം വരുന്നത്? വളരുന്നു വളരുന്നു എന്ന് നാഴികയ്ക്ക് നൂറു വട്ടം പറയുന്നുണ്ട്. പക്ഷെ, എങ്ങോട്ടാണ് ഈ വളർച്ച? മനുഷ്യരുടെ മനസ്സ് ചുരുങ്ങി തളർന്നു പിറകോട്ടു ഓടിയിട്ടു,നാട് എത്ര വളർന്നിട്ടും, മുന്നോട്ടു ഓടിയിട്ടും എന്ത് ഫലം?

അടിസ്ഥാന വിദ്യാഭ്യാസത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി, ഇത്തരം വിഷയങ്ങൾ അവിടെ ഉൾപ്പെടുത്തി, സ്‌കൂളുകളിൽ നിന്നും തുടങ്ങട്ടെ യഥാർത്ഥ വികസനം. അത് എത്രയും വേഗം സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന നാടിനു എല്ലാ അർത്ഥത്തിലും, എത്രയും പെട്ടെന്ന് സ്വാതന്ത്ര്യം ലഭിക്കട്ടെ. ആശംസകൾ.

shortlink

Related Articles

Post Your Comments


Back to top button