CinemaIndian CinemaLatest NewsMollywoodWOODs

ഇങ്ങനെ ഒരുത്തന്റെ മോന്ത കണ്ടുകൊണ്ട് ആര് തിയറ്ററില്‍ കയറും? കൊടിയേറ്റം നേരിട്ട പ്രതിസന്ധിയെക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

ഇന്ത്യയിലെ വിഖ്യാത സംവിധായകന്മാരില്‍ ഒരാളായി അറിയപ്പെടുന്ന വ്യക്തിയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ സ്വയംവരം എന്ന ചിത്രം ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ ആകര്ഷിച്ചിരുന്നു. സ്വയംവരം വഴി ഓടിക്കിട്ടിയ പണം കൊണ്ട് ഉപകരണങ്ങള്‍ വാങ്ങി ഒരു സ്റ്റുഡിയോ തുടങ്ങി. സ്വയം വരത്തിന് ശേഷം നാലഞ്ചു വര്ഷം കഴിഞ്ഞാണ് കൊടിയേറ്റം എടുക്കുന്നത്. ചിത്രം ഷൂട്ട്‌ ചെയ്യുന്ന സമയം മുതല്‍ പ്രതിസന്ധിയില്‍ ആയിരുന്നുവെന്നു അടൂര്‍ പറയുന്നു.

”കൊടിയേറ്റത്തിലെ ഉത്സവത്തിന്റെ സീനൊക്കെ ഞാന്‍ എടുത്തതാണ്. പടം എടുത്തു കഴിഞ്ഞു അതിന്റെ നെഗറ്റീവ് മദ്രാസില്‍ എ വി എം ലാബില്‍ ഏല്‍പ്പിച്ചു. പ്രോസസിംഗ് ചാര്‍ജ്ജ് ചോദിച്ചാലോ എന്നു കരുതി പിന്നീട് ഞാന്‍ അങ്ങോട്ട് പോയില്ല. ഒരു കൊല്ലം അത് അവിടെ കിടന്നു. പിന്നീട് മദ്രാസില്‍ ചെന്നപ്പോഴേക്കും കുറെ റീലൊക്കെ നഷ്ടപ്പെട്ടു. അങ്ങനെ നഷ്ടപ്പെട്ടത് രണ്ടാമത് പോയി ഷൂട്ട് ചെയ്തു. 75ല്‍ ഷൂട്ട് തുടങ്ങിയിട്ട് 79ലാണ് പൂര്‍ത്തിയാക്കുന്നത്. പ്രിന്‍റൊക്കെ എടുത്തു റിലീസ് ചെയ്യാന്‍ കൊണ്ടുവന്നപ്പോള്‍ ഒരു തിയറ്ററിനും താല്‍പ്പര്യമില്ല. ഇങ്ങനെ ഒരുത്തന്റെ മോന്ത കണ്ടുകൊണ്ട് ആര് തിയറ്ററില്‍ കയറും എന്നാണ് അവര്‍ ചോദിച്ചത്. അങ്ങനെ വലിയ വിഷമമായി. അന്വേഷണങ്ങള്‍ക്കൊടുവില്‍ കോട്ടയത്തു ആശ എന്നു പറയുന്ന ഒരു തിയറ്ററും ഹരിപ്പാട്ട് ഒരു തിയറ്ററും കിട്ടി. രണ്ടു സ്ഥലത്താണ് പടം ആദ്യം റിലീസ് ചെയ്തത്. മറ്റ് പ്രിന്‍റുകള്‍ ഒക്കെ തങ്ങളുടെ കയ്യില്‍ തന്നെ ഇരിക്കുകയാണ്. എന്നാല്‍ ഓരോ ഷോ കഴിയുമ്പോഴും ആ ഷോയുടെ ഇരട്ടി ആളുകള്‍ അടുത്ത ഷോയ്ക്ക് കയറി. അങ്ങനെ ഒരു മൂന്നു ദിവസം കൊണ്ട് കേരളം മുഴുവന്‍ വാര്‍ത്തയാകുകയും തീയറ്റര്‍ തരില്ല എന്നു പറഞ്ഞവര്‍ എല്ലാം വിളിക്കാന്‍ തുടങ്ങുകയും ചെയ്തു. പിന്നീട് എല്ലാ തിയറ്ററുകള്‍ക്കും ചിത്രത്തിന്റെ പ്രിന്റ്‌ കൊടുത്തു. കോട്ടയത്തു ആശാ തിയറ്ററില്‍ മാത്രം 145 ദിവസം ഓടി.

ഈ ചിത്രത്തിന്റെ വിജയത്തിലൂടെയാണ് ഗോപി എന്നു പറഞ്ഞ ഒരു ആക്ടര്‍ ഉണ്ടാകുന്നത്. കൊടിയേറ്റം ഗോപി. കുറെ കാലം കഴിഞ്ഞപ്പോള്‍ കൊടിയേറ്റം ഗോപി എന്നു പറയുന്നതു അയാള്‍ക്കൊരു വിഷമം. അതുകൊണ്ടാണ് പിന്നെ പേരൊക്കെ മാറ്റി ഭരത് ഗോപി ആക്കിയത്. ഭരത് എന്ന അവാര്‍ഡ് ഗോപിക്ക് കിട്ടിയിട്ടില്ല. ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് മാത്രമേ കിട്ടിയിട്ടുള്ളൂ. ഭരത്, ഊര്‍വശി എന്നീ അവാര്‍ഡുകള്‍ ഒന്നോ രണ്ടോ വര്‍ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഗവണ്‍മെന്‍റ് അതങ്ങ് നിര്‍ത്തി. ഭരത് കിട്ടിയിരിക്കുന്നത് പിജെ ആന്റണിക്കും ബാലന്‍ കെ നായര്‍ക്കും ആണ്. കൊടിയേറ്റത്തില്‍ മാത്രമേ ഗോപിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയിട്ടുമുള്ളൂ.

shortlink

Related Articles

Post Your Comments


Back to top button