മലയാള സിനിമയില്‍ ഡിസ്ക്കോ ചുവടുവയ്പ്പുകളുമായി കടന്നു വന്ന നടനാണ് രവീന്ദ്രന്‍. മലയാളികള്‍ക്ക് അദ്ദേഹം ഡിസ്ക്കോ രവീന്ദ്രനാണ്. തമിഴില്‍ നിന്നും മലയാളത്തിലെത്തിയ രവീന്ദ്രന്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് ആഘോഷമാക്കി. എന്നാല്‍ രണ്ടാം വരവിലും സിനിമയില്‍ അത്ര സജീവമാകാതെ നില്‍ക്കുന്ന താരം മലയാള സിനിമയിലെ മാറ്റങ്ങളെക്കുറിച്ച് പറയുന്നു.
മലയാള സിനിമ എന്തുകൊണ്ടോ ജനങ്ങളില്‍ നിന്ന് അകന്നുപോയി എന്ന തോന്നലുണ്ടാക്കുന്ന രീതിയിലുള്ള ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. അങ്ങനെയല്ലയെന്നു കാലം തെളിയിക്കേണ്ടിയിരിക്കുന്നുവെന്നും ഒരു അഭിമുഖത്തില്‍ രവീന്ദ്രന്‍ വ്യക്തമാക്കുന്നു.
”അപകടകരവും സങ്കടകരവുമായ ഒരു അവസ്ഥയിലേയ്ക്ക് മലയാള സിനിമാരംഗം മാറിപ്പോയിട്ടുണ്ട്. മലയാള സിനിമാ ഇന്‍ഡസ്ട്രി വളരെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു കല സിനിമ തന്നെയാണ്. ഏറ്റവും അധികം ജനങ്ങളെ ആകര്‍ഷിക്കുന്ന ഒരു കലയാണ് സിനിമ. എന്നും ജനങ്ങളുടെയും സമൂഹത്തില്‍ നമുക്ക് ചുറ്റുമുള്ളതുമായ പ്രശ്നങ്ങള്‍ കാണിക്കാനായി സിനിമ എന്ന മാധ്യമം ഉപയോഗപ്പെടുത്തപ്പെട്ടിട്ടുണ്ട്. കല കലയ്ക്കുവേണ്ടി എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ആത്മപ്രകാശനത്തിനുവേണ്ടി മാത്രമല്ല, വ്യവസായം എന്ന രീതിയിലും വിനോദോപാധി എന്ന നിലയിലും സമൂഹത്തിന്റെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സിനിമ എന്ന മാധ്യമത്തിന് സാധിച്ചിട്ടുണ്ട്. ഒരു പ്രശ്നം വരുമ്പോള്‍ നമ്മള്‍ ഇതെല്ലാം മറന്നുപോകുന്നു. ഇത് ദൗര്‍ഭാഗ്യകരമാണ് ”- രവീന്ദ്രന്‍ പറയുന്നു
Post Your Comments