മലയാളത്തിന്റെ തിളക്കമാർന്ന താരം ഫഹദ് ഫാസിൽ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രമാണ് ഹിറ്റ് മേക്കർ മോഹൻരാജ എഴുതി സംവിധാനം ചെയ്യുന്ന “വേലൈക്കാരന്‍”. ചിത്രത്തിൽ തമിഴ് നടൻ ശിവ കാർത്തികേയനോടൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിലാണ് ഫഹദ് അഭിനയിക്കുന്നത്. നയൻതാരയാണ് നായികയുടെ റോളിൽ എത്തുന്നത്. ഫഹദിനെപ്പോലെ അതുല്യ പ്രതിഭയുള്ള കലാകാരന്മാരുടെ ഒപ്പം ജോലി ചെയ്യുന്നതിലെ സന്തോഷം മറച്ചു വയ്ക്കാൻ കഴിയുന്നതല്ല എന്നാണ് മോഹൻരാജയുടെ അഭിപ്രായം. അദ്ദേഹത്തിന്റെ വാക്കുകൾ ഇതാ,
“പ്രധാന വില്ലൻ വേഷത്തിലാണ് ഫഹദ് ചിത്രത്തിൽ അഭിനയിക്കുന്നത്. എനിക്ക് അതൊരു വെല്ലുവിളി തന്നെയായിരുന്നു. എല്ലാ രീതിയിലും മികച്ചൊരു കഥാപാത്രം തന്നെ അദ്ദേഹത്തിന് നൽകണം എന്ന പ്രേരണയിൽ അതിനെ പരമാവധി എഴുതി ഫലിപ്പിക്കുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. സ്വന്തം സ്‌ക്രീൻ സ്പെയ്സിനെക്കുറിച്ച് യാതൊരു വിധ ആകുലതകളും ഇല്ലാത്ത നടനാണ് ഫഹദ് ഫാസിൽ. ആളെ സംബന്ധിച്ച് സിനിമയുടെ ടോട്ടാലിറ്റി മാത്രമാണ് വിഷയം. ഷൂട്ടിന് മുൻപ് ഫഹദ് എന്നോട് ചോദിച്ചത് ഒരേയൊരു കാര്യമാണ്, തലേദിവസം തന്നെ സംഭാഷണങ്ങൾ ഏൽപ്പിച്ചാൽ അത് പഠിക്കാൻ വലിയ സഹായമായിരിക്കും എന്ന്. എന്നാൽ എനിക്കത് കൃത്യമായി പാലിക്കാൻ കഴിഞ്ഞില്ല. സീൻ എടുക്കുന്നതിന് ഏതാണ്ട് ഒരു മണിക്കൂർ മുൻപ് മാത്രമാണ് എനിക്ക് സംഭാഷണങ്ങൾ നൽകാൻ കഴിഞ്ഞത്. പക്ഷെ, പറയാതിരിക്കാൻ വയ്യ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഗംഭീരമായ രീതിയിൽ തന്നെയായിരുന്നു ഫഹദിന്റെ ഉച്ചാരണ ശൈലി.
ഒരേ സമയം പല രീതിയിൽ പെരുമാറുന്ന, ആരെയും മയക്കാൻ കഴിവുള്ള, ഒരു ക്ളീൻ ഇമേജ് വില്ലനെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തനി ഒരുവനിൽ അരവിന്ദ് സ്വാമി ചെയ്ത കഥാപാത്രത്തിന് ശേഷം ഏറെ ശ്രദ്ധിക്കപ്പെടാൻ പോകുന്ന വില്ലൻ വേഷം ഇതായിരിക്കും.”
Post Your Comments