GeneralKollywoodLatest NewsNEWS

“കമൽഹാസൻ, മോഹൻലാൽ, ഇവരിൽ ആരാണ് ഏറ്റവും മികച്ച അഭിനേതാവ്? “, മണിരത്നത്തോട് ഗൗതം മേനോൻ ചോദിക്കുന്നു.

അടുത്തിടെ നടന്ന ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിൽ പ്രശസ്ത സംവിധായകൻ മണിരത്നത്തോട് മറ്റൊരു സംവിധായകനായ ഗൗതം മേനോൻ ചോദിക്കുകയുണ്ടായി, “കമൽഹാസൻ, മോഹൻലാൽ, ഇവരിൽ ആരാണ് സാർ ഏറ്റവും മികച്ച അഭിനേതാവ്? ” എന്ന്. അതിന് മണിരത്നം നൽകിയ ഉത്തരം ഇപ്രകാരമായിരുന്നു,

“രണ്ടു പേരും അതുല്യ പ്രതിഭകളാണ്. ഞാൻ നിങ്ങളോട് ഇളയരാജയാണോ, അതോ ഏ.ആർ.റഹ്‌മാനാണോ മികച്ചത് എന്ന് ചോദിച്ചാൽ നിങ്ങൾ ആരെന്നു പറയും? ആ ഒരു കൺഫ്യൂഷൻ ഇവിടെയുമുണ്ട്. കമൽഹാസൻ, മോഹൻലാൽ, രണ്ടുപേരും വ്യത്യസ്ത രീതിയിലുള്ള അഭിനേതാക്കളാണ്. അവരെപ്പോലെയുള്ള അഭിനേതാക്കളെ സെറ്റിൽ കിട്ടുക എന്നുള്ളത് ഏതൊരു സംവിധായകന്റെയും സ്വപ്നമാണ്. കാരണം നമുക്ക് പ്രത്യേകിച്ച് പണിയുണ്ടാകില്ല, അവർ ചെയ്യുന്നത് പകർത്തിയാൽ മാത്രം മതിയാകും.

മോഹൻലാലിനെ കുറിച്ച് പറഞ്ഞാൽ, ഇത്രത്തോളം അനായാസേന അഭിനയിക്കുന്ന വേറൊരു നടനെ കണ്ടെത്താൻ പ്രയാസമാണ്. മോഹൻലാലിൽ നിന്നും ഒരു നടന്റേതായി കിട്ടുന്ന സംഭാവനകൾ വളരെ വലുതാണ്. ചെറിയ കാര്യങ്ങൾ പോലും അതിസൂക്ഷ്മമായി ശ്രദ്ധിച്ച് നീങ്ങുന്നതിൽ അദ്ദേഹം ശരിക്കും മിടുക്ക് കാട്ടാറുണ്ട്‌. ആളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. ‘ഇരുവര്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍, മോഹന്‍ലാലിന്റെ കഥാപാത്രം നടന്നു നീങ്ങേണ്ട ട്രാക്ക് ഞാന്‍ പ്രത്യേകം മാര്‍ക്ക് ചെയ്തു കൊടുക്കാന്‍ ഏര്‍പ്പാട് ചെയ്തു. അപ്പോള്‍ അദ്ദേഹം എന്നോടു വന്ന് പറയുകയാണ്‌, ‘കൃത്രിമമായി വരച്ച വരയിലൂടെ നീങ്ങാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ആ സീനില്‍ സ്വാഭാവികമായ എന്തെങ്കിലും മാറ്റങ്ങള്‍ വരുകയാണെങ്കില്‍, ഉദാഹരണത്തിന് എന്‍റെ ഉടുമുണ്ട് അഴിഞ്ഞു പോകുമ്പോള്‍ ഞാന്‍ അതെടുത്ത് ഉടുത്തത്തിനു ശേഷം സംസാരം തുടരും. ഇങ്ങനെ മാറ്റങ്ങള്‍ വരുമ്പോള്‍ ഈ പറഞ്ഞ വര ഫോളോ ചെയ്യാന്‍ പ്രയാസമാകും’ എന്ന്. അതിനു ശേഷം ഇതുവരെയും ഞാന്‍ അങ്ങനെ ആരെയും കൃത്രിമ വരകളില്‍ നിര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. മികച്ച അഭിനേതാക്കളുടെ ഒപ്പം അഭിനയിക്കുമ്പോള്‍ കിട്ടുന്ന ഏറ്റവും വലിയ ഗുണം അതാണ്‌, നമുക്ക് വളരെ വേഗത്തില്‍ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും.

കമല്‍ഹാസനും അങ്ങനെ തന്നെയാണ്. ‘നായകന്‍’ എന്ന സിനിമയിലെ ഒരു പോലീസ് സ്റ്റേഷന്‍ രംഗമുണ്ട്. അച്ഛന്‍ സ്റ്റേഷനില്‍ വച്ച് കൊല്ലപ്പെട്ടു എന്നറിഞ്ഞിട്ട് അദ്ദേഹം അവിടെ എത്തുന്നു. ലോക്കപ്പിലേക്ക് നോക്കി ആ കാഴ്ച കണ്ട് ഞെട്ടുന്നതാണ് രംഗം. പോലീസ് കോൺസ്റ്റബിളായി അഭിനയിക്കുന്ന ഒരു ജൂനിയർ ആർട്ടിസ്റ്റിനെ വിളിച്ച്, തന്റെ തോളിൽ ശക്തിയായി തട്ടി പിറകിലോട്ടു നീക്കാനായി അദ്ദേഹം ആവശ്യപ്പെട്ടു. അഭിനയിക്കുന്നത് കമൽഹാസൻ ആയതിനാൽ അത് ചെയ്യാൻ തനിക്ക് പ്രയാസമാണെന്ന് ആ ആർട്ടിസ്റ്റ് പറഞ്ഞു. ശേഷം അയാളെ നിർബന്ധിപ്പിച്ച് കമൽ അത് ചെയ്യിപ്പിച്ചെടുത്തു. കാര്യമെന്തെന്നാൽ അങ്ങനെയൊരു പുഷ് ഉണ്ടാകുമ്പോൾ, കമലിന്റെ ക്ലോസപ്പ് എടുക്കുന്ന ആ ഷോട്ടിൽ അദ്ദേഹത്തിന്റെ മുഖത്ത് ഒരു തരം പൊടുന്നനെയുള്ള ഷോക്ക് കാണാൻ കഴിയും എന്നതാണ്! ആലോചിച്ച് നോക്കൂ, ആ ഒരു രംഗത്തില്‍ കമല്‍ അവിടെ തന്റെ അച്ഛന്റെ മൃതദേഹത്തെ നോക്കി ഒരു സാധാരണ ദുഃഖ ഭാവം കൊടുക്കുന്നതിലും എത്രയോ ഗംഭീരമാണിത്. ഇതാണ് പറയുന്നത്, ഇവരൊക്കെ മഹാപ്രതിഭകളാണ്. നമ്മളാണ് ഇവരില്‍ നിന്നൊക്കെ എപ്പോഴും പഠിക്കുന്നത്.”

 

shortlink

Related Articles

Post Your Comments


Back to top button