കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ വ്യക്തിപരമായും മറ്റും അധിക്ഷേപിക്കുകയും പിന്തുടര്‍ന്ന് വേട്ടയാടുകയും ചെയ്യുന്നതാണ് ഇപ്പോള്‍ നടക്കുന്നത്. മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഒരു പക പോക്കലിന്റെ സുഖത്തോടെ ചര്‍ച്ച ചെയ്യുകയും ചാനല്‍ ചര്‍ച്ചകളിലൂടെ ദിലീപിനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ശ്രമിക്കുന്ന കാഴ്ചകള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു . എന്നാല്‍ വേട്ട പട്ടികളുടെ ശൗര്യത്തോടെ ദിലീപിനെ വേട്ടയാടുന്നവര്‍ക്ക് മുന്നില്‍ ചങ്കില്‍ തറക്കുന്ന ചോദ്യങ്ങള്‍ ഉയര്‍ത്തികൊണ്ട് മുന്നോട്ട് വരുകയാണ് കേരളാ ഹൈക്കോടതി അഭിഭാഷകന്‍ എസ്. സനല്‍ കുമാര്‍. മനോരമ ഓണ്‍ലൈനില്‍ എഴുതിയ ലേഖനത്തിലാണ് ദിലീപിനെ പ്രതിക്കൂട്ടിലാക്കി ജയിലിലാക്കിയതിനെ അഭിഭാഷകന്‍ ചോദ്യം ചെയ്യുന്നത്.
ജാമ്യഹര്‍ജികള്‍ തീര്‍പ്പുകല്‍പ്പിച്ചുകൊണ്ടുള്ള വിധിന്യായങ്ങള്‍ ഒന്നോടിച്ചുനോക്കിയാല്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന സെന്‍സേഷനുകളും തുടര്‍ന്നുണ്ടാകുന്ന പൊതുജനാഭിപ്രായവും ഈ വിധികളെ സ്വാധീനിക്കുന്നുണ്ടോ…. എന്നു തുടങ്ങുന്ന ലേഖനത്തില്‍ അദ്ദേഹം അന്വേഷണം ധൃതഗതിയില്‍ നടത്തി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസില്‍ ഗൂഢാലോചനയില്ല എന്നു സംസ്ഥാന മുഖ്യമന്ത്രി പറഞ്ഞത് മുതലുള്ള കാര്യങ്ങള്‍ വിശകലനം ചെയ്യുന്നു. 13 മണിക്കൂറിലധികം തുടര്‍ച്ചയായ ചോദ്യംചെയ്യലിനു വിധേയനായ വ്യക്തി അതിനുശേഷം ഒളിച്ചോടാനോ ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനോ തയാറായില്ല എങ്കില്‍, അത് താന്‍ കുറ്റവാളിയല്ല എന്ന അയാളുടെ അചഞ്ചലമായ ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും അഭിഭാഷകന്‍ എസ്. സനല്‍ കുമാര്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റൊന്ന് സുനി എഴുതിപ്പിച്ചതെന്നു പറയുന്ന കത്താണ്. കത്തിലെ ഭാഷയിലെ തെളിമയും ശുദ്ധിയും പള്‍സര്‍ സുനിയല്ലാതെ മറ്റാരുടേയോ നിര്‍ദ്ദേശാനുസരണം തയാറാക്കിയതാണെന്ന സംശയം ജനിപ്പിക്കുന്നതാണെന്നും അഭിഭാഷകന്‍ പറയുന്നു. കൂടാതെ ആളൂരിന്റെ പ്രത്യക്ഷപ്പെടലും കിട്ടുന്ന അവസരങ്ങളിലൊക്കെ മാധ്യമങ്ങളുടെ മുന്നില്‍ ദിലീപിനെ കുറ്റവാളിയായി ചിത്രീകരിക്കാനുള്ള പള്‍സര്‍ സുനിയുടെ ശ്രമങ്ങളും ദിലീപിനെതിരെയുള്ള ഗൂഢാലോചനയാണോ ഈ കേസ് എന്ന സംശയം ജനിപ്പിക്കുന്നു.
ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം ചുവടെ:-
ജാമ്യഹര്‍ജികള്‍ തീര്‍പ്പുകല്‍പ്പിച്ചുകൊണ്ടുള്ള വിധിന്യായങ്ങള്‍ ഒന്നോടിച്ചുനോക്കിയാല്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന സെന്‍സേഷനുകളും തുടര്‍ന്നുണ്ടാകുന്ന പൊതുജനാഭിപ്രായവും ഈ വിധികളെ സ്വാധീനിക്കുന്നുണ്ടോ എന്നു ന്യായമായും സംശയിച്ചുപോകും. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട് അകത്തായ നടനു നീതികിട്ടുന്നുണ്ടോ എന്ന ചര്‍ച്ച പലയിടത്തുനിന്നും ഉയരുന്നുണ്ട്.
നടി ആക്രമിക്കപ്പെട്ടത് 2017 ഫെബ്രുവരി 17 ന്. അടുത്ത ദിവസങ്ങളില്‍തന്നെ മുഖ്യ കുറ്റവാളി എന്നു കരുതുന്ന വ്യക്തി കോടതിയില്‍ കീഴടങ്ങാന്‍ വരുന്നു; അയാളെ പൊലീസ് കോടതിയില്‍നിന്നു പിടിച്ചുവലിച്ചു കൊണ്ടുപോകുന്നു. അപ്പോള്‍ ‘എന്നെക്കൊണ്ടു ചെയ്യിച്ചതാണെന്ന്’ അയാള്‍ ഉറക്കെ വിളിച്ചുപറയുന്ന വിഡിയോ ക്ലിപ്പിങ്ങുകള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ പിറ്റേദിവസം കോടതിയില്‍ ഹാജരാക്കപ്പെട്ട പ്രതി മൗനം പാലിക്കുന്നു, നടിയെ ആക്രമിച്ചകേസില്‍ ഗൂഢാലോചനയില്ല എന്നു സംസ്ഥാന മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമല്ലോ മുഖ്യമന്ത്രി അങ്ങിനെ പറഞ്ഞിട്ടുണ്ടാവുക. അന്വേഷണം ധൃതഗതിയില്‍ നടത്തി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.
കഥയുടെ രണ്ടാംഭാഗം: നടന്‍ ദിലീപിന് നല്‍കണമെന്ന നിര്‍ദ്ദേശത്തോടെ മുഖ്യപ്രതി പള്‍സര്‍ സുനി ഒരു കത്ത് സഹതടവുകാരനു നല്‍കുകയും ആ കത്തിന്റെ പകര്‍പ്പ് വാട്ട്സാപ്പിലൂടെ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് കൈമാറുകയും തുടര്‍ന്ന് സുനി അപ്പുണ്ണിയുടെ ഫോണില്‍ വിളിച്ച്, വാഗ്ദാനം ചെയ്ത ഒന്നരക്കോടി രൂപ കൈമാറിയില്ലെങ്കില്‍ ദിലീപിന്റെ പേര് വെളിപ്പെടുത്തുമെന്നു ഭീഷണി മുഴക്കുകയും ചെയ്തു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കുറച്ചുദിവസങ്ങള്‍ക്കു ശേഷം, ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് ദിലീപ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ദിലീപിന്റെ പരാതി അപ്പോള്‍തന്നെ ചുമതലപ്പെട്ട പൊലീസ് സ്റ്റേഷനില്‍ അയച്ചുകൊടുത്ത് പ്രഥമവിവര റിപ്പോര്‍ട്ടും അന്വേഷണവും നടത്തിയതായി അറിയില്ല.
കഥയുടെ ഇടയില്‍ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു ലോക്നാഥ് ബെഹ്റ മാറുകയും സെന്‍കുമാര്‍ പുനര്‍നിയമിക്കപ്പെടുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍തന്നെ, ദിലീപാണ് ഹീനകൃത്യം ചെയ്യിച്ചതെന്നു പള്‍സര്‍ സുനി പറഞ്ഞതായി അയാളുടെ സഹതടവുകാരന്‍ വെളിപ്പെടുത്തുകയും കേസിലെ ഗൂഢാലോചനാ ഭാഗം പൊലീസ് ത്വരിതഗതിയില്‍ അന്വേഷിക്കുവാന്‍ തുടങ്ങുകയും ചെയ്യുന്നു.
13 മണിക്കൂറോളം ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായേയും ചോദ്യംചെയ്തശേഷം പൊലീസ് വിട്ടയയ്ക്കുന്നു.
എന്നാല്‍, ദിലീപിനെതിരെ അപ്പോള്‍ മതിയായ തെളിവുകളില്ലെന്നു വെളിപ്പെടുത്തിയ ഡിജിപി, അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥ പബ്ലിസിറ്റി സ്റ്റണ്ടിനായി എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണെന്നും ആക്ഷേപിക്കുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ സെന്‍കുമാര്‍ വിരമിക്കുകയും വീണ്ടും ലോക്നാഥ് ബെഹ്റ പൊലീസ് മേധാവിയായി ചാര്‍ജെടുക്കുകയും ചെയ്യുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി ജൂലൈ 10 ന് ദിലീപിനെ അറസ്റ്റ് ചെയ്യുന്നു.
ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ അവസരം ലഭിച്ചിട്ടുള്ള അഭിഭാഷകരില്‍ കൗതുകവും ജിജ്ഞാസയുമുണര്‍ത്തുന്നതാണ് ഈ കേസിന്റെ നാള്‍വഴിയും നാഴികക്കല്ലുകളും. പള്‍സര്‍ സുനിയുടേതെന്ന പേരില്‍ വാട്ട്സാപ്പില്‍ പ്രചരിച്ച കത്തു കണ്ടിട്ടുള്ള, ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്തിട്ടുള്ള അഭിഭാഷകര്‍, അത് സുനിയോ അയാളുടെ നിര്‍ദ്ദേശാനുസരണം മറ്റാരെങ്കിലുമോ എഴുതിയതാണെന്ന് വിശ്വസിക്കില്ല. കത്തിലെ വടിവൊത്ത കയ്യക്ഷരവും ഹൃദ്യമായ ഭാഷയും ഒരു കൊടുംകുറ്റവാളിയുടേതായി ഒരിക്കലും തോന്നില്ല.
കത്ത് മറ്റൊരാളെക്കൊണ്ട് എഴുതിച്ചതാണെങ്കിലും ഭാഷയിലെ തെളിമയും ശുദ്ധിയും പള്‍സര്‍ സുനിയല്ലാതെ മറ്റാരുടേയോ നിര്‍ദ്ദേശാനുസരണം തയാറാക്കിയതാണെന്ന സംശയം ജനിപ്പിക്കുന്നു. ഒരു കത്തിനുണ്ടാകേണ്ട സ്വാഭാവികത അതിന്റെ കെട്ടിലും മട്ടിലും ഒട്ടുമില്ല. വെട്ടും കുത്തും ഇല്ലാത്ത ഒരു കത്ത് ഒരിക്കലും സ്വാഭാവികമല്ല. മറ്റെവിടെയോ വെച്ചു തയാറാക്കിയ ഉള്ളടക്കം അതേപടി മറ്റാരേയോ കൊണ്ട് പകര്‍ത്തിയെഴുതിച്ച ഈ കത്താണ്, തനിക്കെതിരെ ആരോ ഗൂഢാലോചന നടത്തുന്നുണ്ടെന്നു ദിലീപ് പരാതിപ്പെടുവാന്‍ ഇടയാക്കിയത്. ആ പരാതിയെ തുടര്‍ന്ന്, ലളിതാകുമാരി കേസിലെ സുപ്രീംകോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം പ്രത്യേക ക്രൈം റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതായിരുന്നു. ആ പരാതി എന്തായി എന്നോ അതിന്മേല്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിട്ടുണ്ടോ എന്നോ ഇപ്പോള്‍ വ്യക്തമല്ല.
ഗൂഢാലോചന ആരോപിക്കുമ്ബോള്‍, അതിനു പ്രേരകമായ വസ്തുത അത്രത്തോളം ബലവത്താണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. നടന്റെ ദാമ്ബത്യജീവിതം തകര്‍ത്തതില്‍, ആക്രമിക്കപ്പെട്ട നടിയുടെ ഇടപെടല്‍ ഉണ്ടായിരുന്നെന്നും അതാണ് ഈ കടുംകൈ ചെയ്യാന്‍ നടനെ പ്രേരിപ്പിച്ചതെന്നും പറഞ്ഞാല്‍ മേധാശക്തിയുള്ള ഒരു ന്യായാധിപന്‍ എങ്ങനെ അതു വിശ്വസിക്കും? ആക്രമിക്കപ്പെട്ട നടിയുടെ ഇടപെടലിലൂടെ കുടുംബബന്ധം തകര്‍ന്നെങ്കിലും തല്‍ഫലമായി തന്റെ പ്രണയിനിയെ സ്വന്തമാക്കാന്‍ നടനു സാധ്യമായെങ്കില്‍ നടിയോട് അയാള്‍ക്കെന്തിനു വിരോധമുണ്ടാവണം? 2012ല്‍ ഉണ്ടായ ഇടപെടല്‍ 2016 നവംബറോടെ, ഉര്‍വ്വശീശാപം ഉപകാരം എന്നപോലെ നടനു ഗുണമായപ്പോള്‍ ഒരു കോടി രൂപ ക്വട്ടേഷന്‍ നല്‍കി നടിയെ ആക്രമിക്കാന്‍ അയാളെന്തിനു തയാറാവണം? ഒരു കോടി രൂപ പറഞ്ഞുറപ്പിച്ച കരാറിന്റെ അഡ്വാന്‍സായി വെറും 10,000/ രൂപ കൈപ്പറ്റി ക്വട്ടേഷന്‍ നടപ്പാക്കാന്‍ ഏതു കൊടുംകുറ്റവാളി തയാറാകും? അധികം തയാറെടുപ്പുകള്‍ വേണ്ടാത്ത ഇത്തരമൊരു കുറ്റകൃത്യം 2013 മുതല്‍ നടനും പള്‍സര്‍ സുനിയും ആസൂത്രണം ചെയ്യുകയായിരുന്നെന്നു പറഞ്ഞാല്‍ ചിന്താശക്തിയുള്ള ഒരു നീതിപീഠത്തിന് അതു വിശ്വസിക്കുവാന്‍ കഴിയുമോ?
നടിയുടെ ഇടപെടല്‍ മൂലം കുടുംബബന്ധം തകര്‍ന്നതില്‍ പ്രതികാരദാഹിയായ നടന്‍ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ വാടകഗുണ്ടയെ നാലുപ്രാവശ്യം മാത്രമേ നേരില്‍കണ്ടു ഗൂഢാലോചന നടത്തിയുള്ളൂ എന്ന കണ്ടെത്തല്‍ സാമാന്യയുക്തിക്കു നേരെയുള്ള വെല്ലുവിളിയാണ്. താന്‍ കേസില്‍നിന്നു രക്ഷപ്പെടുകയും താന്‍ പ്രേരിപ്പിച്ചു ചെയ്യിച്ച കുറ്റത്തിന് മുഖ്യപ്രതി പിടിക്കപ്പെടുകയും ആ കേസിന്റെ അന്തിമറിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കപ്പെടുകയും ചെയ്താല്‍ ഒരു കുറ്റവാളിയും അതു വീണ്ടും ചര്‍ച്ച ചെയ്യപ്പെടാനുള്ള സാഹചര്യമുണ്ടാക്കില്ല.
സാമാന്യബോധം അങ്ങിനെയായിരിക്കെ, ദിലീപിനെപ്പോലെ ബുദ്ധിമാനായ ഒരു നടന്‍, തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്നും തന്നെ കേസില്‍ കുടുക്കാന്‍ മറ്റാരോ ശ്രമിക്കുന്നുണ്ടെന്നും ഒരു പരാതിയുമായി പൊലീസിനെ സമീപിച്ചാല്‍ അതിന്റെ പിന്നിലെ സത്യസന്ധത അത്രപെട്ടെന്ന് എഴുതിത്തള്ളാനാവില്ല. ഒരു സിനിമാ നടന്റെ പ്രതിച്ഛായ അവന്റെ കമ്പോളവിലയെ ശക്തമായി സ്വാധീനിക്കുമെന്നിരിക്കെ, താനേല്‍പ്പിച്ച ക്വട്ടേഷന്‍ കുറ്റം ചെയ്തതിന് അകത്തായ പ്രതി ആവശ്യപ്പെടുന്ന തുക നല്‍കി പ്രശ്നം തീര്‍ക്കാതെ അയാള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചാല്‍ അയാള്‍ നിരപരാധിയല്ലേ എന്ന് ഏതൊരാളും ചിന്തിച്ചുപോകും.
കുറ്റകൃത്യത്തില്‍ എന്തെങ്കിലും പങ്കുണ്ടായിരുന്നെങ്കില്‍ കോടികളുടെ ആസ്തിയുള്ള നടന്‍ അയാളെ സംബന്ധിച്ചിടത്തോളം തുച്ഛമെന്നു തോന്നുന്ന ഈ തുക നല്‍കി രക്ഷപ്പെടാനല്ലേ സാധാരണഗതിയില്‍ ശ്രമിക്കൂ? ഇനി പിശുക്കും കുതന്ത്രവും മൂലം പണം കൊടുക്കാന്‍ അയാള്‍ തയാറായില്ലെങ്കിലും അയാളുടെ കമ്ബോളമൂല്യത്തെ ആശ്രയിച്ച് വിവിധ ചിത്രങ്ങളില്‍ മുതല്‍ മുടക്കിയിട്ടുള്ള നിര്‍മാതാക്കള്‍ തന്നെ അയാളുടെ പ്രതിച്ഛായ രക്ഷിക്കാന്‍ ഈ തുക നല്‍കി പ്രശ്നം ഒത്തുതീര്‍പ്പാക്കുമായിരുന്നു എന്നു യുക്ത്യധിഷ്ഠിതമായി അനുമാനിക്കാം.
ഒരു കുറ്റവാളിയുടെ പെരുമാറ്റമോ ശരീരഭാഷയോ ദിലീപ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമ്ബോഴെങ്കിലും കാണിച്ചതായി തോന്നുന്നില്ല. ഒരു കേസിലെ സാക്ഷിപോലും മാധ്യമങ്ങളെ കടന്നാക്രമിച്ച് ശത്രുത ഉണ്ടാക്കാറില്ല. തന്റെ നേരെ ആരോപണമുന ഉയര്‍ത്തിയ മാധ്യമങ്ങളെയും വാര്‍ത്താ അവതാരകരേയും ദിലീപ് ആക്രമിച്ച രീതി കണ്ടാല്‍, ഒരു നിരപരാധിക്കു മാത്രമേ അങ്ങനെ പ്രതികരിക്കുവാന്‍ കഴിയൂ എന്നത് അവിതര്‍ക്കിതമാണ്. അക്രമത്തിന് ഇരയായ നടി ഇതുവരെ നടനെതിരെ ഒന്നും പരസ്യമായി പറഞ്ഞിട്ടില്ല എന്നതുതന്നെ, ഈ കേസിലെ ഗൂഢാലോചനയിലെ ദിലീപിന്റെ നീതിന്യായബോധമുള്ള ഒരു ന്യായാധിപനു മുന്‍പില്‍ സ്ഥാപിച്ചെടുക്കുക സാധ്യമല്ലാതാക്കും.
13 മണിക്കൂറിലധികം തുടര്‍ച്ചയായ ചോദ്യംചെയ്യലിനു വിധേയനായ വ്യക്തി അതിനുശേഷം ഒളിച്ചോടാനോ ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനോ തയാറായില്ല എങ്കില്‍, അത് അയാള്‍ താന്‍ കുറ്റവാളിയല്ല എന്ന അചഞ്ചലമായ ആത്മവിശ്വാസത്തിന്റെ പ്രതിഫലനമായി അതിനെ കാണേണ്ടിവരും. നടിയെ ആക്രമിച്ച സംഭവത്തില്‍ പിടിയിലായ പള്‍സര്‍ സുനിയുടെ മുന്‍കാല പ്രവൃത്തികള്‍ സൂചിപ്പിക്കുന്നത് ഇതുപോലെയുള്ള ആക്രമണങ്ങള്‍ അയാള്‍ മുന്‍പും നടത്തിയിട്ടുണ്ട് എന്നാണ്.
പ്രശസ്തരായ നടിമാരെ ഇത്തരത്തില്‍ ആക്രമിക്കുവാന്‍ പള്‍സര്‍ സുനിയെപ്പോലെയുള്ള വാടകഗുണ്ടകള്‍ തയാറാവുന്നുവെങ്കില്‍ സിനിമയ്ക്ക് ഉള്ളിലെവിടെയോ ഇരിക്കുന്ന വലിയ സ്രാവുകള്‍ നല്‍കുന്ന ക്വട്ടേഷനുകളുടെ നടപ്പാക്കല്‍ മാത്രമാണ് അതെന്ന കാര്യത്തില്‍ സംശയിക്കേണ്ട. അതിന്റെ ലക്ഷ്യം ഈ സൈബര്‍ യുഗത്തില്‍ അനന്തസാദ്ധ്യതകള്‍ ഉള്ളതാണ്.
സുനിക്കുവേണ്ടി ആളൂരിനെപ്പോലെ പ്രശസ്തനായ അഭിഭാഷകനെ ആര് ഏര്‍പ്പെടുത്തിയെന്നും കീഴടങ്ങാന്‍ വന്ന സുനിയെ കോടതിയില്‍നിന്നു പിടിച്ചിറക്കിക്കൊണ്ടുപോയത് ആരുടെ താല്‍പര്യാര്‍ഥമായിരുന്നു എന്നും അന്വേഷിച്ചാല്‍ ഈ കേസിന്റെ യഥാര്‍ഥ ചിത്രം വെളിവാകും. ദിലീപിന്റെ അറസ്റ്റിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ആളൂര്‍ പ്രത്യക്ഷപ്പെട്ടതും അതിനുശേഷം മാധ്യമങ്ങളുടെ മുന്നില്‍ കിട്ടുന്ന അവസരങ്ങളിലൊക്കെ ദിലീപിനെ കുറ്റവാളിയായി ചിത്രീകരിക്കാനുള്ള പള്‍സര്‍ സുനിയുടെ ശ്രമങ്ങളും കേസ് ദിലീപിനെതിരെയുള്ള ഗൂഢാലോചനയാണോ എന്ന സംശയം ജനിപ്പിക്കുന്നു. വ്യക്തിസ്വാതന്ത്യ്രവും ജാമ്യവ്യവസ്ഥകളും ചര്‍ച്ച ചെയ്യുമ്ബോള്‍ സ്വാമി ഗംഗേശാനന്ദ സംഭവവും വിന്‍സെന്റ് എംഎല്‍എയുടെ അനുഭവവും പരാമര്‍ശിക്കപ്പെടേണ്ടതാണ്. ജനനേന്ദ്രിയം ഛേദിക്കപ്പെട്ട ഗംഗേശാനന്ദ പൊലീസ് എത്തുംവരെ വീടിനുള്ളില്‍ നിശബ്ദനായിരുന്നു എന്ന കഥ വിശ്വസിച്ചാല്‍ത്തന്നെ, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു മനസ്സിലാക്കാന്‍ അതിന്ദ്രീയജ്ഞാനമൊന്നും വേണ്ട. ആ ദുരൂഹത തന്നെ പ്രതിക്ക് അനുകൂലമായി നില്‍ക്കുന്ന അനുകമ്ബാപൂര്‍ണമായ സാഹചര്യമാണ്.
കോവളം എംഎല്‍എ പ്രതിയായ കേസിന്റെ അന്വേഷണം സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍, ആ കേസിലെ ഇര പ്രതിയാണോ വാദിയാണോ എന്ന തര്‍ക്കത്തിലേക്കു നയിക്കുന്നതായി കാണാം. ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിനുശേഷം അതിനെ മാനഭംഗമാക്കി മാറ്റിയ കേസിലെ പ്രതിയായ പ്രസിദ്ധ മാധ്യമപ്രവര്‍ത്തകന്റെ സ്ഥിതിയും വിഭിന്നമല്ല. അനന്തമായി നീളുന്ന അന്വേഷണത്തിന്റെ പേരിലും സാക്ഷികളെ സ്വാധീനിക്കുവാന്‍ സാധ്യതയുണ്ടെന്ന ന്യായം പറഞ്ഞും ജാമ്യം കിട്ടാതെ ഇവര്‍ അഴിക്കുള്ളില്‍ കിടക്കുന്നത് വിചാരണ കൂടാതെ ശിക്ഷിക്കുന്നതിനു സമാനമാണ്. ഈ സംഭവങ്ങളെല്ലാം ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്യ്രം വ്യാഖ്യാനിക്കുന്നതില്‍ നീതിപീഠങ്ങള്‍ക്ക് പിഴവു സംഭവിക്കുന്നുണ്ടോ എന്ന ആശങ്ക ബലപ്പെടുത്തുന്നു.
ജാമ്യവും വ്യക്തിസ്വാതന്ത്യ്രവും
1215 ജൂണ്‍ 15 നു ബ്രിട്ടനിലെ ജോണ്‍ രാജാവ് ‘മാഗ്നാ കാര്‍ട്ട’യില്‍ ഒപ്പുവെച്ച നിമിഷം വ്യക്തി സ്വാതന്ത്യ്രം എന്ന മഹത്തായ മനുഷ്യാവകാശത്തെ ഭരണകൂടം അംഗീകരിക്കുന്ന ചരിത്രമുഹൂര്‍ത്തമായിരുന്നു. ബ്രിട്ടിഷ് അധിനിവേശംകൊണ്ട് എന്തെങ്കിലും നേട്ടം ഭാരതത്തിനുണ്ടായെങ്കില്‍ അത് പ്രധാനമായും നീതിന്യായരംഗത്തായിരുന്നു. ഭാരതത്തിന്റെ ക്രിമിനല്‍ നീതിന്യായവ്യവസ്ഥയുടെ മൂലക്കല്ല് മെക്കാളെ പ്രഭു സമ്മാനിച്ച ഇന്ത്യന്‍ ശിക്ഷാനിയമവും ക്രിമിനല്‍ നടപടിക്രമവും ആണെന്നത് തര്‍ക്കമറ്റ സംഗതിയാണ്. ഇന്ത്യയുടെ ഭരണഘടന രൂപപ്പെട്ടപ്പോള്‍ വ്യക്തിസ്വാതന്ത്യ്രം അനുച്ഛേദം 21ലൂടെ എല്ലാ മനുഷ്യരുടേയും (പൗരത്വഭേദമെന്യേ) മൗലിക അവകാശമായി മാറി. കുറ്റാന്വേഷണത്തിന്റെ പേരില്‍ ഭരണകൂടം ഈ മൗലികാവകാശത്തിന്റെ നിരന്തര ധ്വംസനം നടത്തുന്ന ഭയാനകമായ കാഴ്ചയാണ് ഇന്നുള്ളത്. അറിഞ്ഞോ അറിയാതെയോ പൊതുസമൂഹവും മാധ്യമങ്ങളും ഈ മനുഷ്യാവകാശ ലംഘനങ്ങളെ പലപ്പോഴും പ്രോത്സാഹിപ്പിക്കുകയാണ്.
ഓരോ കുറ്റകൃത്യവും സമൂഹത്തിനെതിരെയുള്ള അതിക്രമമാണ്. കുറ്റക്കാരനെ നിയമത്തിനുമുമ്ബില്‍ കൊണ്ടുവന്ന് വിചാരണചെയ്ത് കല്‍തുറുങ്കിലോ കഴുമരത്തിലോ കയറ്റേണ്ട ഉത്തരവാദിത്തമാണ് ഭരണകൂടത്തിനുള്ളത്. ഭരണകൂടസ്ഥാപനത്തിന്റെ അടിസ്ഥാനപ്രമാണം തന്നെ ഈ ദണ്ഡനീതി ധര്‍മം തന്നെയാണ്. കുറ്റകൃത്യം നടന്നാല്‍ കുറ്റവാളി എന്നു സംശയിക്കപ്പെടുന്നയാളെ പ്രാഥമിക തെളിവുകളുടെ പിന്‍ബലത്തില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനും തെളിവുസമാഹരണത്തിനായി തടവില്‍ സൂക്ഷിക്കാനും കുറ്റാന്വേഷണ ഏജന്‍സിക്ക് അധികാരമുണ്ട്.
എന്നാല്‍ വിചാരണ നടത്തി കുറ്റവാളി എന്നു നീതിന്യായ കോടതി കണ്ടെത്തുംവരെ ആ വ്യക്തി നിരപരാധിയാണ് എന്ന സങ്കല്‍പത്തില്‍ അധിഷ്ഠിതമാണ് നമ്മുടെ നീതിന്യായവ്യവസ്ഥ. കുറ്റാരോപിതന്‍ മാത്രമായ പൗരന്റെ വ്യക്തിസ്വാതന്ത്യ്രം എന്ന മൗലിക അവകാശവും കുറ്റം തെളിയിക്കാനുള്ള തെളിവുകള്‍ ശേഖരിക്കപ്പെടണമെന്ന സമൂഹത്തിന്റെ ആവശ്യവും തമ്മില്‍ യുക്തിസഹമായ ഒരു സന്തുലനം ഏതു പരിഷ്കൃത നീതിന്യായ സംവിധാനവും ഉറപ്പുവരുത്തേണ്ടതാണ്. ഈ സാമാന്യനീതിയാണ് കുറ്റാരോപിതനെ ജാമ്യത്തില്‍ വിടുന്ന ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പുകളുടെ അന്തസ്സത്ത. ഭാരതത്തിന്റെ പരിഷ്കൃത നീതിന്യായ വ്യവസ്ഥ ക്രിമിനല്‍ നടപടിക്രമത്തിന്റെ 437 ഉം 439 ഉം വകുപ്പുകള്‍ കുറ്റാരോപിതന്റെ വ്യക്തിസ്വാതന്ത്യ്രം ഉറപ്പുവരുത്തുന്നു.
വിചാരണവേളയില്‍ കുറ്റാരോപിതന്റെ സാന്നിധ്യവും ശിക്ഷിക്കപ്പെട്ടാല്‍ ശിക്ഷയും ഉറപ്പുവരുത്താനുള്ള സംവിധാനമാണ് ജാമ്യം. സ്ഥിരമായി സാമ്ബത്തികകുറ്റങ്ങളും വിധ്വംസകപ്രവര്‍ത്തങ്ങളും നടത്തുന്നവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതുപോലെയല്ല ഒരു കുറ്റാരോപിതന്റെ വിചാരണക്കുമുന്‍പുള്ള തടവ്. അത് വളഞ്ഞവഴിയില്‍ ശിക്ഷ നടപ്പാക്കുന്ന രീതിയാകുവാന്‍ പാടില്ല. വിചാരണയ്ക്കുമുന്‍പുള്ള കസ്റ്റഡി അന്യായതടവാണെങ്കിലും പൊതുതാല്‍പര്യാര്‍ഥം അത് അത്യന്താപേക്ഷിതവും പൊതുക്രമത്തെ ലാക്കാക്കിയുള്ളതുമാണ്. എന്നാല്‍ പരിമിതമായ ഒരു കാലയളവിലേക്ക് അത് ചുരുക്കണമെന്നാണ് കോടതികള്‍ ഭരണഘടനാമൂല്യങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.
വിചാരണസമയത്തു കുറ്റാരോപിതന്റെ സാന്നിധ്യമുണ്ടാകുമോ എന്നതു മാത്രമായിരിക്കണം ജാമ്യം നല്‍കണോ വേണ്ടയോ എന്നതിന്റെ മാനദണ്ഡമെന്നും വിചാരണയ്ക്കു മുന്‍പുള്ള കസ്റ്റഡി ഒരിക്കലും ശിക്ഷയാക്കരുതെന്നുമുള്ള അടിസ്ഥാനപ്രമാണത്തിലൂന്നി വേണം ജാമ്യഹര്‍ജികളുടെ തീര്‍പ്പാക്കലെന്ന് സ്വാതന്ത്യ്രത്തിനു മുന്‍പുതന്നെ കല്‍ക്കട്ട ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. [നാഗേന്ദ്ര vs കിങ് എംപറര്‍ (AIR 1924 Cal.476)]. പ്രസിദ്ധമായ മീററ്റ് കലാപകേസില്‍ ജാമ്യവ്യവസ്ഥകളെ വ്യാഖ്യാനിച്ചുകൊണ്ട് അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയും ഈ അടിസ്ഥാനതത്വങ്ങളെ പിന്തുടര്‍ന്നുള്ളതാണ്.
ഭരണഘടന നിലവില്‍ വന്നശേഷം, ജാമ്യവ്യവസ്ഥകളെ സംബന്ധിച്ച വ്യക്തിസ്വാതന്ത്യ്രം എന്ന മനുഷ്യാവകാശത്തിന്റെ മാറ്റുകല്ലില്‍ ഉരച്ചുകൊണ്ടുള്ള ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വിധികള്‍ എടുത്തുപറയേണ്ടതാണ്. വ്യക്തിസ്വാതന്ത്യ്രം, നീതി, പൊതുസുരക്ഷിതത്വം, പൊതുഖജനാവിനുള്ള ബാധ്യത എന്നീ ഘടകങ്ങള്‍ ഉള്‍പ്പെട്ട വിഷയമാണ് ജാമ്യമെന്നും എന്നാല്‍ വ്യക്തിസ്വാതന്ത്യ്രം തികച്ചും മൗലികമാണെന്നും അതു നിഷേധിക്കുന്നത് നിയമം അനുശാസിക്കുന്ന രീതിയില്‍ തന്നെ ആകണമെന്നും കൃഷ്ണയ്യര്‍ തന്റെ ഒരു സുപ്രധാന വിധിന്യായത്തില്‍ വ്യക്തമാക്കുകയുണ്ടായി. (1978 (1) SCC 240)
ജാമ്യം നല്‍കുകയാണ് സാധാരണനീതിയെന്നും അതു നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നുള്ള അടിസ്ഥാന നീതിശാസ്ത്രം രൂപപ്പെട്ടത് 1931ലെ അലഹാബാദ് ഹൈക്കോടതിയുടെ ഒരു സുപ്രധാനവിധിന്യായത്തിലാണ്. [ Emperor Vs Hutchison (AIR 1931 All 356)].
കുറ്റാരോപിതന്‍ കുറ്റം തെളിയിക്കപ്പെടുംവരെ നിരപരാധിയാണെന്ന സങ്കല്‍പ്പമുള്ള നീതിന്യായസംവിധാനത്തില്‍ സ്വതന്ത്രമായി നിരപരാധിത്വം തെളിയിക്കുവാനുള്ള അവസരം അവനു നല്‍കേണ്ട ബാധ്യത പരിഷ്കൃത നീതിന്യായ വ്യവസ്ഥയ്ക്ക് ഉണ്ടെന്ന തത്വവും ഈ വിധിയില്‍ അലഹാബാദ് ഹൈക്കോടതി ഊന്നിപ്പറഞ്ഞു. 1976 ആയപ്പോഴേക്കും, സംശയദൃഷ്ടിയില്‍ നില്‍ക്കുന്നവര്‍ക്കുപോലും വ്യക്തിസ്വാതന്ത്യ്രത്തിലുള്ള ഇടപെടലുകളെ പ്രതിരോധിക്കാനുള്ള സംവിധാനം ഉരുത്തിരിഞ്ഞുവന്നു. അതിന്റെ പ്രതിഫലനമാണ് ക്രിമിനല്‍ നടപടിക്രമത്തില്‍ 1976ല്‍ എഴുതിച്ചേര്‍ക്കപ്പെട്ട മുന്‍കൂര്‍ ജാമ്യം എന്ന വകുപ്പ്. ഒരു കുറ്റാരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നു കരുതാവുന്ന സന്ദര്‍ഭത്തില്‍ ഒരു പൗരന് ഹൈക്കോടതിയെയോ സെഷന്‍സ് കോടതിയെയോ സമീപിച്ച്, അറസ്റ്റിനോടൊപ്പംതന്നെ ജാമ്യം നല്‍കണമെന്ന ഉത്തരവ് നേടാനുള്ള നിയമപരിരക്ഷയാണിത്.
1980ല്‍ മുന്‍കൂര്‍ ജാമ്യവ്യവസ്ഥയെ വ്യാഖ്യാനിക്കാന്‍ സുപ്രീംകോടതി രൂപീകരിച്ച ഭരണഘടനാബഞ്ചില്‍ പ്രഗല്‍ഭ ന്യായാധിപന്മാരായിരുന്ന വൈ.വി. ചന്ദ്രചൂഡ്, പി.എന്‍. ഭഗവതി, എന്‍.എല്‍. ഉന്‍വാലിയ, ആര്‍.എസ്. പഥക്, ഒ. ചിന്നപ്പ റെഡ്ഡി എന്നിവരായിരുന്നു അംഗങ്ങള്‍. ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്യ്രമെന്ന മൗലികാവകാശത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍പ്പുകല്‍പ്പിക്കപ്പെട്ട ആ വിധിന്യായം, കുറ്റാരോപിതന്റെ ജാമ്യാവകാശം എങ്ങനെ ക്രിമിനല്‍ കോടതികള്‍ പരിഗണിക്കണമെന്നതിനുള്ള ചൂണ്ടുപലകയാണ് [(1980) 2 SCC 565]. മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ അപേക്ഷകനെതിരെ പ്രഥമവിവര റിപ്പോര്‍ട്ട് ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ പോലും ആവശ്യമില്ലെന്നും വ്യക്തിസ്വാതന്ത്യ്രം അറസ്റ്റിലൂടെ ഹനിക്കപ്പെടുവാനുള്ള സാധ്യത മാത്രമായിരിക്കണം മാനദണ്ഡമെന്നുമുള്ള പ്രഖ്യാപനം ഈ സുപ്രധാന വിധിന്യായത്തിലുണ്ട്. ഇന്ന്, 37 വര്‍ഷത്തിനു ശേഷം ഈ പ്രഖ്യാപനങ്ങളിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും അധിഷ്ഠിതമായ വിധികളാണോ ക്രിമിനല്‍ കോടതികളില്‍ നടക്കുന്നതെന്ന് പരിശോധിക്കപ്പെടേണ്ടതാണ്.
വ്യക്തിസ്വാതന്ത്യ്രം അമൂല്യമാണ്. ഒരു നിമിഷം അന്യായമായി ഒന്നു വട്ടം പിടിച്ചുനിര്‍ത്തുമ്ബോള്‍ മാത്രമേ അതിന്റെ വില നാം അറിയൂ. എന്നാല്‍ പൊതുക്രമം ഉറപ്പുവരുത്താനായി, കുറ്റാരോപിതനായ ഒരു പൗരന്റെ ആ സ്വാതന്ത്യ്രം ഏറ്റവും മിതമായ അളവില്‍ മാത്രം തടയാനേ നിയമം അനുമതി നല്‍കുന്നുള്ളൂ. അത് അനന്തമായി നിഷേധിക്കപ്പെടുമ്ബോള്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാകും. കുറ്റവിമുക്തനായാല്‍, നഷ്ടപ്പെട്ട മനുഷ്യാവകാശത്തിനു മതിയായ നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥയില്ലാത്ത ഇന്നത്തെ സംവിധാനത്തില്‍ പ്രത്യേകിച്ചും. ‘നിര്‍മിക്കപ്പെടുന്ന’ പൊതുജനാഭിപ്രായത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം നീതിപീഠങ്ങള്‍ നീതിന്യായശാസ്ര്തങ്ങളെ വ്യാഖ്യാനിക്കുമ്ബോള്‍ അതു ചരിത്രത്തിന്റെ ബീഭത്സമായ ആവര്‍ത്തനമാകും.
യേശുക്രിസ്തുവിനെ കുരിശേറ്റിയതും ഗലീലിയോയെ വീട്ടുതടങ്കലിലാക്കിയതും ഈ ‘ആള്‍ക്കൂട്ട നീതി’ നിര്‍വഹണമായിരുന്നു. പീലാത്തോസിനെപ്പോലെ കൈകഴുകാതെ പൗരനു നീതി ഉറപ്പുവരുത്തുന്നതാകണം പരമോന്നത നീതിപീഠങ്ങളുടെ നീതിനിര്‍വഹണപ്രക്രിയ. കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരോടുള്ള പരിഗണന കുറ്റവിമുക്തരാക്കപ്പെടുന്ന കുറ്റാരോപിതരോടും പുലര്‍ത്തിയാലേ തുല്യനീതി എന്ന സങ്കല്‍പം യാഥാര്‍ഥ്യമാകുകയുള്ളൂ. ഐഎസ്‌ആര്‍ഒചാരക്കേസില്‍ പ്രതിയാക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്ബിനാരായണനോട് നമ്മുടെ നീതിനിര്‍വഹണ പ്രക്രിയ ചെയ്ത ക്രൂരത ഇപ്പോഴും പൊതുസമൂഹത്തിന്റെ മനസ്സാക്ഷിയെ മുറിപ്പെടുത്തുന്നുവെന്നത് മറക്കരുത്. സുപ്രീംകോടതിയുടെ വാക്ക് കടമെടുത്താല്‍ ‘Bail is the Rule, Jail is exception’
(കടപ്പാട് : മനോരമ)
Post Your Comments