1992-ല്‍ പുറത്തിറങ്ങിയ സംഗീത് ശിവന്‍ ചിത്രമാണ് ‘യോദ്ധ’. ശശിധരന്‍ ആറാട്ടുവഴി തിരക്കഥ എഴുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, മധുബാല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നേപ്പാളിലെ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരുടെ ആചാര അനുഷ്ഠാനങ്ങളക്കുറിച്ച് പറയുന്ന ചിത്രം ഹ്യൂമറും, ആക്ഷനും ചേര്‍ത്താണ് അവതരിപ്പിച്ചിരിക്കുന്നത്. അശോകന്റെയും, അപ്പുക്കുട്ടന്റെയും രസകരമായ സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ തുടക്കം. അടുത്ത ബന്ധുക്കളാണെങ്കിലും അശോകനും അപ്പുക്കുട്ടനും കീരിയും പാമ്പും പോലെ എപ്പോഴും അടിപിടിയാണ്. നാട്ടിന്‍പുറത്തെ ക്ലബുകള്‍ സംഘടിപ്പിക്കുന്ന എല്ലാ മത്സരങ്ങളിലും അശോകന്‍ അപ്പുക്കുട്ടനെ തറപറ്റിക്കും. ഇരുവരും തമ്മിലുള്ള ശത്രുത വര്‍ദ്ധിക്കുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ഒടുവില്‍ അശോകന്‍ തന്‍റെ അമ്മാവന്റെ അരികിലേക്ക് പോകാന്‍ തയ്യാറാകുന്നു. നേപ്പാളില്‍ കുടുംബവുമായി കഴിയുന്ന അമ്മാവന്റെ വീട്ടിലേക്ക് വീട്ടുകാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അശോകന്‍ യാത്രയാകുന്നു. ചിത്രത്തിന്‍റെ ആദ്യ പകുതിയില്‍ നാട്ടിന്‍ പുറത്തിന്റെ രസകാഴ്ചകള്‍ എഴുതിപിടിപ്പിച്ച രചയിതാവ് രണ്ടാം പകുതി നേപ്പാളിലേക്ക് കഥയെ പറിച്ചു നടന്നു.
ചെസ്, തലപന്ത്കളി, പട്ടംപറത്തല്‍, പാട്ട് മത്സരം തുടങ്ങിയവയിലെല്ലാം അശോകനോട് ദയനീയ പരാജയം ഏറ്റുവാങ്ങുന്ന അപ്പുക്കുട്ടനെ ചിത്രത്തിന്‍റെ രണ്ടാം പകുതി മറക്കുമെന്നാണ് പ്രേക്ഷകര്‍ വിചാരിച്ചത്, പക്ഷേ ഇന്നത്തെ മലയാള സിനിമകളെപ്പോലും വെല്ലുവിളിക്കുന്ന ഗംഭീര ട്വിസ്റ്റാണ് പിന്നീടു കാണുന്നത്. അശോകനേക്കാള്‍ മുന്‍പേ അപ്പുക്കുട്ടന്‍ നേപ്പാളില്‍ എത്തിയിരിക്കുന്നു. അതും അശോകന്റെ പേരില്‍, അതുവരെ സിനിമ കണ്ടിരുന്ന പ്രേക്ഷകര്‍ ശരിക്കും ഞെട്ടി.
“അപ്പുക്കുട്ടാ നീ ഇവിടെ നേപ്പാളിലോ” എന്ന് മോഹന്‍ലാല്‍ ജഗതിയോട് ചോദിക്കുന്ന ഒരു സംഭാഷണമുണ്ട് ചിത്രത്തില്‍. മോഹന്‍ലാലിനു എതിരായി ജഗതിയാണ് നില്‍ക്കുന്നതെങ്കില്‍ അശോകന് മുന്‍പേ അപ്പുക്കുട്ടന്‍ നേപ്പാളിലേക്ക് വിമാനം കയറിയിരിക്കും, അതാണ് ജഗതി എന്ന നടന്‍റെ അഭിനയ തികവ്. മോഹന്‍ലാലിനൊപ്പം ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ ജഗതിയും നേപ്പാളിലെ സാന്നിധ്യമായത് ചിത്രത്തിന്‍റെ ബോക്സോഫീസ് വിജയത്തിന് ഏറെ ഗുണം ചെയ്തിരുന്നു, ആദ്യപകുതിയിലെ നാട്ടിന്‍പുറത്തെ കോമഡികളില്‍ മാത്രം ജഗതിയെ ഒതുക്കിയിരുന്നുവെങ്കില്‍ ‘യോദ്ധ’ എന്ന ചിത്രം ഇത്രയും പ്രേക്ഷക പ്രീതി നേടില്ലായിരുന്നു. അമ്മാവന്‍റെ വീട്ടില്‍ കള്ളപ്പേരില്‍ എത്തുന്ന ജഗതി ഒട്ടേറെ സംഭാഷണങ്ങള്‍ പറഞ്ഞുകൊണ്ട് പ്രേക്ഷകനെ കയ്യിലെടുത്തത് ചിത്രത്തിന് കൂടുതല്‍ സ്വീകാര്യത നല്‍കി.
അവയില്‍ ചിലത്
“നേപ്പാളിലും പോലീസ് സ്റ്റേഷന്‍ ഉണ്ടെന്ന് പറഞ്ഞേരെ കുട്ടി മാമ”
“വലിഞ്ഞു കയറി വന്ന മലയാളി എന്ന നിലയ്ക്ക് ഒരു 200 നേപ്പാളി മണീസ് കൊടുത്തുവിടൂ”
“ചായ അല്ലേ ചോദിച്ചുള്ളൂ, ചാരായം ചോദിച്ചില്ലല്ലോ”
“കുട്ടിമാമയ്ക്ക് എന്നെ വിശ്വാസമില്ലന്നോര്‍ത്തപ്പോ ഞാന്‍ ഞെട്ടി മാമ”
അങ്ങനെ നിരവധി തമാശരംഗങ്ങള്‍ കൊണ്ടാണ് ജഗതിയിലെ അപ്പുക്കുട്ടന്‍ പ്രേക്ഷകരെ കയ്യിലെടുക്കുന്നത്. അശ്വതിയെ പ്രണയിച്ച് കല്യാണം കഴിക്കാനെത്തുന്ന അശോകന്റെ പ്ലാന്‍ വീണ്ടും തെറ്റുന്നു. അശ്വതിയുടെ പിന്നാലെ കൂടുന്ന അപ്പുക്കുട്ടന്‍ നാട്ടിലെ വീരകഥകള്‍ വിവരിക്കുന്നതൊക്കെ അതീവ രസകരമാണ്. ഒടുവില്‍ സത്യം മനസിലാക്കുന്ന അശ്വതി മോഹന്‍ലാലിന്‍റെ കഥാപാത്രം അശോകനുമായി അടുക്കുന്നു. ഇരുവരെയും ഫോളോ ചെയ്യുന്ന ജഗതി ആദിവാസികളുടെ കൈയ്യില്‍പ്പെടുന്നതാണ് പിന്നെയുള്ള സന്ദര്‍ഭം. “ഞാന്‍ ആദിവാസിയോ ഓള്‍ഡ് വാസിയോ എന്ത് വേണമെങ്കിലും പഠിച്ചോളാം” എന്ന ജഗതിയുടെ നിസഹായവസ്ഥ ഹ്യൂമര്‍ മൂഡില്‍ അവതരിപ്പിക്കുകയായിരുന്നു സംവിധായകന്‍. മോഹന്‍ലാലിന്‍റെ മികച്ച അഭിനയ മൂഹൂര്‍ത്തങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ‘യോദ്ധ’യില്‍ ജഗതി എന്ന നടന്‍റെ അഭിനയമികവ് കൂടി ചേര്‍ത്തുവായിക്കണം എന്നാലേ അതിന് പൂര്‍ണ്ണതയുള്ളൂ……..
Post Your Comments