പ്രവീണ്‍.പി നായര്‍/
അതുല്യ സംവിധായകന്‍ ഭരതന്‍റെ മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍റെ മൂന്നാം ചിത്രമാണ് ‘വര്‍ണ്യത്തില്‍ ആശങ്ക’. വലിയ ബഹളങ്ങളൊന്നുമില്ലാതെ വിരുന്നെത്തിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് ഹീറോയായി അഭിനയിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ഷൈന്‍ടോം ചാക്കോ, ദേശീയ അവാര്‍ഡ് ജേതാവ് മണികണ്ഠന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മറ്റുപ്രധാന അഭിനേതാക്കള്‍. നാടകകൃത്തായ തൃശൂര്‍ ഗോപാല്‍ജി രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം തൃശൂര്‍ ലൊക്കേഷന്‍ കേന്ദ്രീകൃതമായ കഥയാണ് പറയുന്നത്.എം.ഇ ഉസ്മനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചെറിയ രീതിയിലുള്ള മോഷണങ്ങളൊക്കെ നടത്തി ജീവിക്കുന്ന നാലു ചെറുപ്പക്കാരുടെ ജീവിതത്തെ മുന്‍നിര്‍ത്തിയാണ് വര്‍ണ്യത്തില്‍ ആശങ്ക ആരംഭിക്കുന്നത്. അവരുടെ മാത്രം ജീവിതകഥയില്‍ ചുറ്റിത്തിരിയുന്ന പ്രമേയമല്ല ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. രസകരമായ വിവരണത്തിലൂടെ കാലിക പ്രസക്തിയുള്ള സംഭവത്തെയാണ് ചിത്രം മുന്നില്‍വയ്ക്കുന്നത്. മോഷ്ടാക്കളുടെ കഥ നേരത്തെ നാം തിയേറ്ററില്‍ അടുത്തറിഞ്ഞിട്ടുണ്ടെങ്കിലും അത് അവര്‍ക്കുള്ളിലെ മാത്രം മാനസിക സംഘര്‍ഷങ്ങളുടെ കഥയായിരുന്നു. 2014-ലെ ഓണച്ചിത്രമായി ഇറങ്ങിയ ‘സപ്തമശ്രീ തസ്കര’ അതിനു ശേഷമെത്തിയ ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ തുടങ്ങിയവയൊക്കെ മോഷണ ശ്രമങ്ങളും, മോഷ്ടാക്കളുടെ വ്യക്തി ജീവിതവും മാത്രമാണ് പ്രേക്ഷകന് പകുത്തു നല്‍കിയത്. അവിടെ നിന്നും ‘വര്‍ണ്യത്തില്‍ ആശങ്ക’ ബഹുദൂരം മാറി സഞ്ചരിക്കുന്നുണ്ട്. കഥയിലെ വഴിത്തിരിവ് പലപ്പോഴും അപ്രതീക്ഷിതമാണ്. ചിത്രത്തിന്‍റെ അവതരണ രീതിക്കും ആത്മാവ് ഏറെയാണ്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രം രംഗപ്രവേശം ചെയ്യുന്നതോടെയാണ് ചിത്രം ടോപ്‌ഗിയറിലാകുന്നത്, തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങള്‍ ത്രില്‍ഉണ്ടാക്കുന്നതും, രസം സൃഷ്ടിക്കുന്നവയുമാണ്. അല്‍പം ചിരിയോടെയും, അതിലല്‍പ്പം ടെന്‍ഷനോടെയും കണ്ടു തീര്‍ക്കാവുന്ന വ്യത്യസ്ത ചിത്രമാണ് സിദ്ധാര്‍ത്ഥ് ഭരതന്‍റെ മൂന്നാം സിനിമ.
രംഗത്ത് വരുന്ന മുഖ്യ കഥാപാത്രങ്ങളിലെല്ലാം പ്രാരാബ്ദ സ്വരമുണ്ടെങ്കിലും ഒരു സന്ദര്‍ഭത്തിലും സങ്കടകടലിലേക്ക് ചിത്രം പ്രേക്ഷകനെ ക്ഷണിക്കുന്നില്ല. ട്രോള്‍ പേജുകളിലെ സൂപ്പര്‍താരമായ ‘ഹര്‍ത്താല്‍’ എന്ന സംസ്ഥാന ആചാരത്തെ ഹാസ്യത്മക രീതിയില്‍ നേരിട്ടത് പ്രശംസനീയമാണ്. രാഷ്രീയ കൊലപാതങ്ങളും, അതിന്‍റെ പേരില്‍ നടത്തപ്പെടുന്ന ഹര്‍ത്താലുകളും എന്നന്നേക്കുമായി കാറ്റില്‍ പറത്തണമെന്ന കലക്കന്‍ സന്ദേശമാണ് ചിത്രത്തിലുള്ളത്. ശ്രദ്ധയോടെയുള്ള രചനാ രീതിയും, അതിലും കരുതലോടെയുള്ള സംവിധാന മേന്മയും പ്രകടമായപ്പോള്‍ സിദ്ധാര്‍ത്ഥ് ഭരതന്റെ ‘ആശങ്ക’യ്ക്ക് കിട്ടിയത് അര്‍ഹിച്ച കയ്യടിയാണ്. ചിത്രത്തിന്‍റെ പ്രാരംഭത്തിലും, മധ്യത്തിലുമൊക്കെ ഇഴച്ചില്‍ അനുഭവം ഉണ്ടാകുന്നുണ്ടെങ്കിലും ചിരിക്കാന്‍ വക നല്‍കുന്ന ഒരു മോഷണ ശ്രമം അവതരിപ്പിക്കുന്നതോടെ അത് വരെ കണ്ടിരുന്ന പ്രേക്ഷകന്‍റെ ആസ്വാദനം മാറി സഞ്ചരിക്കുന്നുണ്ട്. ഗംഭീരമായ തുടക്കത്തില്‍ നിന്നു പിന്നീടു വീണു പോയ ഒട്ടേറെ ചിത്രങ്ങള്‍ സമീപകാലത്തായി വന്നുകഴിഞ്ഞു. ഇവിടെ സംഗതി മറിച്ചാണ്. സമയം നീങ്ങുംന്തോറും ചിത്രത്തിന്‍റെ വീര്യം ഏറി വരുന്നിടത്താണ് വര്‍ണ്യത്തില്‍ ആശങ്കയുടെ വിജയം. രണ്ടാം പകുതിക്ക് നീളം കുറവാണെങ്കിലും ചിത്രം ഉപസംഹരിച്ച് നിര്‍ത്തുന്നത് പ്രേക്ഷകനുള്ളില്‍ ഉന്മേഷം അവശേഷിപ്പിച്ചുകൊണ്ടാണ്. മോശമില്ലാത്ത ഒരു ചിത്രം കണ്ട മനസംപ്തൃപ്തിയോടെ പ്രേക്ഷകന്‍ തിയേറ്റര്‍വിട്ടു എഴുന്നേല്‍ക്കുന്നതാണ് ഒരു സിനിമയ്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്ന്, അത് എല്ലാ അര്‍ത്ഥത്തിലും വര്‍ണ്യത്തില്‍ ആശങ്ക നേടിയെടുക്കുന്നുണ്ട്.
ചിത്രത്തിന്‍റെ പശ്ചാത്തലം ലഘുവായി അവതരിപ്പിച്ചതിനാല്‍ ഭംഗി ഏറെയാണ്, കഥാപാത്രങ്ങളുടെ സ്വഭാവ രീതിയും, അവര്‍ക്കായി തരം തിരിച്ച കഥാപാത്രങ്ങളും കൃത്യമാണ്. പല ഷോട്ടുകളിലും ലാളിത്യം പ്രകടമാകുന്ന ചിത്രത്തില്‍ നഗരപ്രദേശത്തെയും, ഗ്രാമാന്തരീക്ഷത്തെയും ജീവനുള്ള കഥാപാത്രങ്ങളാക്കി മാറ്റുന്നുണ്ട്. സുരാജ് മദ്യപിച്ചു നിരത്തിലൂടെ പാട്ടും പാടി വരുന്ന സീനില്‍ രാത്രി പോലും സുന്ദരമായി അഭിനയിച്ചിരിക്കുന്നത് വ്യക്തമാണ്. സര്‍ക്കാരിന്റെ വാട്ടര്‍ടാപ്പിനെ പോലും കഥാപാത്രമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നതും പ്രശംസനീയം. ‘പൂജ്യം’ കണ്ടുപിടിച്ചതാരെന്ന? ചോദ്യത്തിന് ‘ആര്യഭട്ട’ എന്ന കുട്ടിയുടെ ഉടനടിയുള്ള മറുപടിയും വ്യത്യസ്തമാണ്. റീചാര്‍ജ് കൂപ്പണ്‍ നോക്കി സുരാജിന്‍റെ കഥാപാത്രം മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതും, ബാത്ത് റൂമില്‍ നിന്നിറങ്ങിയ ശേഷം കുഞ്ചാക്കോ ബോബന്‍ കാലു വൃത്തിയായി കഴുകുന്നതുമൊക്കെ യഥാര്‍ത്ഥ ജീവിതത്തിലെ തനി ആവര്‍ത്തനമാണ് . മലയാള സിനിമയില്‍ അപൂര്‍വ്വമായി കാണുന്ന ഇത്തരം സൂക്ഷ്മതയുള്ള ചിത്രീകരണ കാഴ്ച ഒരു പ്രേക്ഷകനെന്ന നിലയില്‍ കൂടുതല്‍ സന്തോഷം നല്‍കി. ഷോട്ടിന് സമയ ദൈര്‍ഘ്യം കുറവായതിന്‍റെ പേരില്‍ കുടിച്ച ‘ചായ’ മുഴുവിപ്പിക്കാതെ എത്രയോ കഥാപാത്രങ്ങള്‍ ചായ ബാക്കിയാക്കി അപ്രത്യക്ഷമാകുന്നത് മലയാള സിനിമയിലെ പതിവ് ക്ലീഷേ കാഴ്ചയാണ്. അത്തരം ‘ക്ലീഷേ’ പരിപാടികളൊന്നും ചിത്രം ഒരവസരത്തിലും അടയാളപ്പെടുത്തുന്നില്ല. ഒഴിച്ച ചായ മുഴുവനായും സുരാജ് കുടിച്ചു തീര്‍ക്കുന്നുണ്ട്. നിത്യ ജീവിതത്തിലെ ആരും ശ്രദ്ധിക്കാത്ത ചില അനുഭവങ്ങള്‍ മുകളില്‍ പറഞ്ഞിരിക്കുന്ന പോലെ സിനിമയില്‍ തുന്നി ചേര്‍ത്തിരിക്കുന്നത് സിനിമയോടുള്ള ആത്മാര്‍ത്ഥതയായി കൂട്ടിവായിക്കുന്നു.
ചിത്രത്തിലെ മോഷണ രംഗം മുന്നില്‍ നടക്കുന്ന പോലെ അനുഭവപ്പെട്ടത് സിദ്ധാര്‍ത്ഥ് ഭരതന്‍റെ ബ്രില്ല്യന്‍സാണ്. പല അവസരത്തിലും ചിത്രത്തിലെ ലൈറ്റിംഗൊക്കെ സൂക്ഷ്മതയോടെ ഉപയോഗിച്ചിരിക്കുന്നതും ചിത്രത്തിന് ആനച്ചന്തം നല്‍കുന്നു. ആവശ്യമില്ലാതെ കടന്നു വരുന്ന കഥാ സന്ദര്‍ഭങ്ങളോ, കഥാപാത്രങ്ങളോ ഇല്ലാത്തതിനാല്‍ ചിത്രത്തിലെ നെഗറ്റിവ് വശങ്ങള്‍ നന്നേ കുറവാണ്. മോഷണത്തിനിടയില്‍ ചിലയിടത്തൊക്കെ ലോജിക് ഇല്ലായ്മ അനുഭവപ്പെട്ടു. കല്യാണം കഴിക്കാതെ ഒറ്റയാനായി കഴിയുന്ന കുഞ്ചാക്കോ ബോബന്‍ കഥാപാത്രത്തിന് ലൈംഗികതയോടെ നോക്കാനായി മാത്രം ഒരു അയല്‍ക്കാരിയെ സൃഷ്ടിച്ചതും അരോചകമായി തോന്നി. കാമുകന് വിറ്റാമിന്‍ ഗുളിക നല്‍കുന്ന ഗായത്രിയുടെ കഥാപാത്രവും, രചന നാരായണന്‍കുട്ടിയുടെ തന്റേടി കഥാപാത്രവും സിനിമയുടെ നല്ല ഭാഗങ്ങളായിരുന്നു.
അഭിനയ പ്രകടനം
കുഞ്ചാക്കോ ബോബന്‍ വന്നും,ഇരുന്നും, നിന്നും പോയ ‘ചുമ്മാ’ കഥാപാത്രമായി തോന്നി. ചിത്രത്തില്‍ അഭിനയിക്കാനുള്ള അധികം സ്പേസ് കൗട്ട ശിവന് നല്‍കിയിട്ടില്ല, എങ്കിലും കിട്ടിയ അവസരങ്ങളിലെല്ലാം തെറ്റില്ലാത്ത രീതിയില്‍ കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചിട്ടുണ്ട്. ചെമ്പന്‍ വിനോദിന്‍റെ തമാശ പലയിടത്തും പ്രേക്ഷകനെ ചിരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കുട്ടിത്വമുള്ള കോമഡിയാണ് ചെമ്പനിലുള്ളത്. സിനിമയില്‍ അപൂര്‍വ്വമാണ് ചെമ്പനെപ്പോലെയുള്ള ആര്‍ട്ടിസ്റ്റുകള്‍. സംവിധായകര്‍ എങ്ങനെ ഇവരെ ഉപയോഗപ്പെടുത്തുന്നുവോ അതുപോലെ ഇരിക്കും ഇവരുടെ മികവ്,നടന്‍ മാമുക്കോയ ഇതേ ശ്രേണിയില്‍പ്പെട്ട ഒരു നടനാണ്. സ്വഭാവികമായ അഭിനയ ശൈലി ചെമ്പനില്‍ ഇപ്പോഴും ഭംഗിയോടെ നിലകൊള്ളുന്നുണ്ട്. ഷൈന്‍ടോം ചാക്കോയും, മണികണ്ഠനുമൊക്കെ തരക്കേടില്ലാത്ത അഭിനയ പ്രകടനം നടത്തി. സുരാജ് ‘ദയാനന്ദന്‍’ എന്ന കഥാപാത്രത്തെ അതി ഗംഭീരമായ അഭിനയ ശൈലിയോടെ കൂട്ടിയിണക്കുന്നുണ്ട്. ചിത്രത്തിലെ ക്ലൈമാക്സ് ഭാഗം സുരാജിന് മാത്രമായി നല്‍കിയിരിക്കുകയാണ് സംവിധായകന്‍. ഒരു നല്ല നടന്‍റെ സ്റ്റൈലോടെ ചിത്രത്തിന്‍റെ അവസാനഭാഗം സുരാജ് അസാധ്യമാക്കുന്നുണ്ട്. ‘പ്രസാദ്’ എന്ന തൊണ്ടിമുതലിലെ കഥാപാത്രത്തേക്കാള്‍ കൂടുതല്‍ അംഗീകാരവും, സ്വീകാര്യതയും ലഭിക്കേണ്ട കഥാപാത്രമാണ് ചിത്രത്തിലെ ദയാനന്ദന്‍.
ജയേഷ് നായര്‍ എന്ന ക്യാമറമാന്‍റെ കഴിവ് കടല്‍കടക്കുന്നുണ്ട്. പല ഫ്രെയിമുകള്‍ക്കും നിര്‍വചിക്കാന്‍ കഴിയാത്ത സൗന്ദര്യം, സമീപകാലത്തായി മലയാള സിനിമയില്‍ കണ്ട മികച്ച ദൃശ്യചാരുത ജയേഷ് നായരുടെ ക്യാമറയില്‍ പടര്‍ന്നു പിടിച്ചിട്ടുണ്ട്. ബവന്‍ ശ്രീകുമാറിന്റെ എഡിറ്റിംഗ് നിര്‍വഹണവും കലക്കനായിട്ടുണ്ട്. രണ്ടാം പകുതിയിലെ കത്രിക വയ്പ് അതിസുന്ദരം. സ്റ്റെഫി സേവിയറിന്റെ കോസ്റ്റ്യൂമിനും മാര്‍ക്ക് ഏറെയാണ്. കൗട്ട ശിവന്‍റെ ലുങ്കിയും, കളറുള്ള ഷര്‍ട്ടുമൊക്കെ നമുക്കുമൊന്നു അണിയാന്‍ തോന്നും.
ടൈറ്റില്‍ഗാനത്തോടെ ആരംഭിക്കുന്ന പ്രശാന്ത് പിള്ളയുടെ മ്യൂസിക് വിഭാഗം പല സമയങ്ങളിലും സ്പെഷ്യല്‍ ഫീലുണ്ടാക്കി . ചിത്രം ഇത്രയും ആകര്‍ഷകമായതിനു പിന്നിലെ പ്രധാന കാരണം ആഘോഷത്തോടെയും, ആവേശത്തോടെയുമുള്ള പ്രശാന്ത് പിള്ളയുടെ ‘ക്ലാസ് ‘ ഈണമാണ്.
അവസാന വാചകം
‘വര്‍ണ്യത്തില്‍ ആശങ്ക’ തിയേറ്ററിലോടുന്ന കാര്യം പ്രേക്ഷകര്‍ മറക്കരുത്. നല്ല മലയാള സിനിമകളുടെ പരസ്യമെന്നാല്‍ അത് പ്രേക്ഷകരാണ്. ആഴത്തിലുള്ള ആശയം പങ്കുവയ്ക്കുന്ന ഈ ആശങ്ക ഒരിക്കലും അവഗണിക്കേണ്ട ചിത്രമല്ല..അടുത്ത് നിര്‍ത്തേണ്ട സിനിമയാണ്…
തൊണ്ടിമുതലിന് ശേഷം പ്രേക്ഷകര്‍ക്ക് കിട്ടിയ ഒരു ചെറിയ ‘കുതിര ‘പവന്‍’ അതാണ് ‘വര്‍ണ്യത്തില്‍ ആശങ്ക’….
Post Your Comments