നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിനായി അഭിഭാഷകന് ബി.രാമന്‍പിള്ളയാണ് ഹാജരാകുന്നത്. ഇദ്ദേഹവും ദിലീപും തമ്മിലുള്ള ബന്ധം ഇവിടെ തുടങ്ങുന്നതല്ല.
നിഷാല്‍ ചന്ദ്രയും കാവ്യയുമായുള്ള വിവാഹമോചനക്കേസില്‍ നിഷാലിനായി ഹാജരായ അഭിഭാഷകന്റെ പേരും രാമന് പിള്ള എന്നായിരുന്നു. പേര് മാത്രമല്ല, രൂപവും ഇത് തന്നെയായിരുന്നു. കേസുമായി ബന്ധപ്പെട്ട് നടന് ഇതേ വക്കീലിനെയായിരുന്നു ആദ്യം സമീപിച്ചത്. എന്നാൽ അസൗകര്യങ്ങൾ മൂലം രാംകുമാറിലെത്തുകയുമായിരുന്നു. എന്നാല്‍, ദിലീപിന്റെ അടുത്ത ബന്ധുക്കൾ വഴിയാണ് ഇപ്പോൾ കേസ് വീണ്ടും രാമൻപിള്ളയിലെത്തുന്നത്. കേരളത്തില്‍ വെച്ച് ഏറ്റവും മുതിര്‍ന്ന അഭിഭാഷകരിലൊരാളായ രാമന്‍പിള്ള ക്രിമിനല്‍ കേസുകളില്‍ അഗ്രഗണ്യനാണ്. നിസാം കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായതും ഇദ്ദേഹം തന്നെയാണ്. ആദ്യം ശ്രീശാന്തിനായി വാദിച്ച റബേക്ക ജോണ്‍ ദിലീപിന്റെ പരിഗണനയിൽ ഉണ്ടായിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ വെച്ചുള്ള രാമന്‍പിള്ളയുടെ വേറിട്ട രീതിയാണ് ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചത്.
സ്ത്രീപീഡനക്കേസുകളിൽ സുപ്രീം കോടതിയുടെ നിലപാട് പ്രതികൾക്ക് അനുകൂലമല്ലെന്ന നിയമോപദേശത്തെ തുടർന്നാണു ജാമ്യത്തിനായി ഹൈക്കോടതിയെത്തന്നെ ഒരിക്കൽകൂടി സമീപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മൊബൈൽ ഫോൺ ഇതുവരെയും പോലീസ് കണ്ടെത്തിയിട്ടില്ല, ദിലീപിന്റെ മാനേജറായ അപ്പുണ്ണി ഒളിവിലാണെന്ന് ചൂണ്ടിക്കാട്ടിയാണു ദിലീപിന്റെ ആദ്യ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തത്. എന്നാൽ, ഈ രണ്ടുകാര്യങ്ങൾക്കും നിലവിൽ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. നടിയുടെ ദൃശ്യങ്ങൾ പകർത്താൻ മുഖ്യപ്രതി ഉപയോഗിച്ച മൊബൈൽ ഫോൺ നശിപ്പിച്ചതായി കേസിലെ പ്രതികളായ അഭിഭാഷകർ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ കുറ്റസമ്മതമൊഴി നൽകിയിരുന്നു. കൂടാതെ, മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധ തെറ്റിച്ച് അപ്പുണ്ണിയും പൊലീസിനു മൊഴിനൽകാനെത്തിയിരുന്നു. ഇതോടെ ദിലീപിന്റെ ജാമ്യഹർജിയെ എതിർക്കാൻ പൊലീസ് മുന്നോട്ടു വയ്ക്കുന്ന പുതിയ അന്വേഷണ വിവരങ്ങൾ നിർണായകമായെക്കാം. ആദ്യം മജിസ്ട്രേട്ട് കോടതിയും പിന്നീടു ഹൈക്കോടതിയും ദിലീപിന്റെ ജാമ്യഹർജി തള്ളിയതാണ്. മജിസ്ട്രേട്ട് കോടതിക്കുശേഷം ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യഹർജി നൽകാനുള്ള നിയമപരമായ സാഹചര്യം പ്രതിഭാഗം ഉപയോഗപ്പെടുത്തിയില്ല. എന്നിട്ട് ഹൈക്കോടതിയെ നേരിട്ടു സമീപിക്കുകയായിരുന്നു.
മജിസ്ട്രേട്ട് കോടതിയും ഹൈക്കോടതിയും ആദ്യഹർജികൾ തള്ളിയപ്പോൾ പ്രതികൾക്കെതിരെ സൂക്ഷ്മ നിരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതുമായി സുപ്രീം കോടതിയെ സമീപിക്കുന്നതു ഇപ്പോള്‍ ശരിയാവില്ലെന്ന ഉപദേശമാണ് അന്ന് ദിലീപിനു ലഭിച്ചത്. മൊബൈൽ ഫോൺ നശിപ്പിച്ചെന്ന അഭിഭാഷകരുടെ മൊഴികൾ വിശ്വസിക്കാന്‍ ബുദ്ടിമുട്ടുണ്ടെന്നും, ഇനിയും സത്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. പക്ഷേ, ഫോൺ എങ്ങിനെ കണ്ടെത്തുമെന്ന കാര്യത്തിൽ അവർക്കു വ്യക്തതയുമില്ല.
Post Your Comments