നടി താര കല്ല്യാണിന്റെ ഭര്‍ത്താവും സീരിയല്‍ നടനുമായ രാജാറാമിന്റെ മരണം സംഭവിച്ചത് ഡെങ്കിപ്പനി മൂലമല്ലെന്ന് മകള്‍ സൗഭാഗ്യ. വൈറൽ ഫീവർ ഗുരുതരമായി ചെസ്റ്റ് ഇൻഫക്ഷനിലേക്ക് എത്തിയതാണെന്ന് സൗഭാഗ്യ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സൗഭാഗ്യ പ്രതികരിച്ചത്. അച്ഛന്റെ മരണ വാര്‍ത്ത വന്നപ്പോള്‍ പല മാധ്യമങ്ങളും ചെറിയ നടനെന്ന രീതിയിലാണ് അദ്ദേഹത്തെ പരാമര്‍ശിച്ചതെന്നും അത് തനിക്ക് വേദനയുണ്ടാക്കിയെന്നും സൗഭാഗ്യ പറഞ്ഞു.
”ഞങ്ങൾക്ക് അദ്ദേഹത്തെ നഷ്ടപ്പെട്ടു. എനിക്ക് ഇങ്ങനെയൊരു പോസ്റ്റ് ഇടണം എന്നുണ്ടായിരുന്നില്ല, പക്ഷേ വാർത്തകളൊക്കെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അച്ഛൻ ഡെങ്കിപ്പനി ഉണ്ടായിരുന്നില്ല, വൈറൽ ഫീവർ ആയിരുന്നു. അതു പിന്നീട് ഗുരുതരമായ ചെസ്റ്റ് ഇൻഫക്ഷനാവുകയായിരുന്നു. അമൃത ഹോസ്പിറ്റലിൽ എത്തിച്ചിരുന്നുവെങ്കിലും അപ്പോഴേക്കും സെപ്റ്റിസെമിയ എന്ന മറ്റൊരു ഗുരുതര അവസ്ഥയിലേക്ക് എത്തിയിരുന്നു. അത് അവയവങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി. ആശുപത്രിയില്‍ ഒമ്പതു ദിവസം ഉണ്ടായിരുന്നു. ആരും ദയവുചെയ്ത് തെറ്റായ വിവരങ്ങൾ നൽകരുത്.
അദ്ദേഹത്തിന് വളരെ വിജയകരമായൊരു കരിയർ ഉണ്ടായില്ലായിരിക്കാം, പക്ഷേ മാധ്യമങ്ങൾ അദ്ദേഹത്തെ അത്ര പ്രശസ്തനല്ലാത്തൊരു നടൻ എന്നു പറഞ്ഞു പരിചയപ്പെടുത്തുമ്പോൾ എനിക്കേറെ വിഷമമുണ്ട്. എന്റെ അച്ഛൻ ‘ദേശാടനപ്പക്ഷികൾ’ എന്ന സീരിയലിലെ ഹീറോ ആയിരുന്നു. ആദ്യസീരിയലായ നിഴൽ യുദ്ധത്തിലും അദ്ദേഹം ഹീറോ ആയിരുന്നു. ആ പട്ടിക തുടരും. ഇരുപതോളം മെഗാ സീരിയലുകളിൽ ഹീറോ ആയിരുന്നു.
മിനിസ്ക്രീനിലെ സുന്ദരനായ ഹീറോ ആയിരുന്നു അച്ഛന് . ഇവയൊന്നും മാധ്യമങ്ങൾ പറഞ്ഞില്ലെങ്കിലും ഞാൻ അഭിമാനത്തോടെ തന്നെ പറയും. തെറ്റായ വാർത്തകൾ എന്റെ അച്ഛനെ അപമാനിക്കുന്നവയാണ്. മുകളിൽ പറഞ്ഞതിലെല്ലാം ഉപരി അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു. എനിക്ക് പ്രിയപ്പെട്ട അച്ഛനും എന്റെ അമ്മയ്ക്ക് സ്നേഹവാനായ ഭർത്താവുമായിരുന്നു. അച്ഛൻ എന്നെന്നും എന്റെ ഹീറോ ആയിരിക്കും.”
Post Your Comments