Film ArticlesGeneralLatest NewsMollywoodNEWSTV ShowsWOODs

ഇവര്‍ക്ക് സെന്‍സറിംഗ് വേണ്ടേ?

ജനകീയ കലയായ സിനിമയേക്കാള്‍ കൂടുതല്‍ സ്വീകാര്യത വര്‍ത്തമാനകാലത്ത് സീരിയലുകള്‍ക്ക് ഉണ്ട്. ഒരു ടെലിവിഷന്‍ ചാനലിന്റെ നില നില്‍പ്പ് തന്നെ കുടുംബ ബന്ധങ്ങളുടെ കണ്ണീരിലും പ്രതികാരത്തിലും ചാലിച്ച ഇത്തരം ”മനോഹര” കഥകളിലാണ്. ഒരു ചാനലിനെയും ദുഷിക്കുന്നതല്ല. എന്നാല്‍ ഒന്ന് ഓര്‍ത്ത്‌ നോക്കൂ രണ്ടു മണിക്കൂറില്‍ മാത്രം ഒതുങ്ങുന്ന സിനിമയെക്കാള്‍ അശ്ലീലവും അവിഹിതവുമല്ലേ ദിവസവും രാവിലെ മുതല്‍ രാത്രിവരെ പല ആവര്‍ത്തി പ്രദര്‍ശനത്തിനെത്തുന്ന സീരിയലുകളിലൂടെ നമ്മുടെ സ്വീകരണ മുറികളിലും വീട്ടകങ്ങളിലും മുഴങ്ങുന്നത്. സിനിമയെത്തേടി പ്രേക്ഷകന്‍ സഞ്ചരിക്കണമെങ്കില്‍ പ്രേക്ഷകനെത്തേടി അവന്റെ വീട്ടകങ്ങളിലേക്ക് എത്തുകയാണ് സീരിയലുകള്‍. സാമ്പത്തിക ബാധ്യതകളില്ലാതെ തുടരന്‍ എന്റര്‍ടൈമെന്റിന്റെ സാധ്യതകള്‍ മുന്നിലേക്ക് എത്തിക്കുന്ന സീരിയലുകള്‍ക്ക് അതുകൊണ്ട് തന്നെ സ്ത്രീ ആരാധകര്‍ കൂടുതായി ലഭിക്കുന്നു.

അതുപോലെ ശ്രദ്ധിക്കേണ്ട ഒന്നാണ് സീരിയലുകളുടെ കഥ. അമ്മായി അമ്മ പോരും വഴക്കും കുശുമ്പും കുന്നായ്മയും നിറഞ്ഞു നില്‍ക്കുന്ന അത്തരം ചില കഥാപാത്രങ്ങള്‍ ഹാസ്യാത്മകമായി അവതരിപ്പിക്കപ്പെടുന്നു. ഇതില്‍ കൂടുതലും അവിഹിതവും പ്രതികാരവും ആണെങ്കിലും ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേല്‍ കൈ കടത്തിയെന്നോ അശ്ലീലമായെന്നോ പറഞ്ഞു വിവാദങ്ങള്‍ ഉണ്ടാകാറില്ല. അത് എന്തുകൊണ്ട്?

മലയാളികളുടെ കുടുംബം ഭരിക്കുന്നത് സീരിയലുകള്‍ ആണെന്ന് തോന്നും വിധത്തില്‍ വൈകുന്നേരം ആറു മണി മുതല്‍ രാത്രി 11 മണിവരെ തുടരുന്ന യാത്ര മൂലം നിരവധി കുടുംബങ്ങളില്‍ സംഭവിക്കുന്ന താള വ്യത്യാസം കുടുംബകോടതികളിലേക്ക് വരെ എത്തുന്നു. അതിവൈകാരികവും അതിനാടകീയവുമായ സന്ദര്ഭത്തിലൂടെ കുശുമ്പും കുന്നായ്മയും പോരും പരദൂഷണവും നിറയ്ക്കുന്ന സീരിയലുകള്‍ തെറ്റായ സന്ദേശം നല്‍കി പ്രേക്ഷകനെ വഴിതെറ്റിക്കുന്നു.

മറ്റൊരു കുടുംബത്തിലെ കാര്യങ്ങള്‍ ഒളിഞ്ഞു നോക്കാനും അറിയാനും ഉള്ള മലയാളിയുടെ കൌതുകത്തെയും സഹജവാസനയും ചൂഷണം ചെയ്യുകയാണ് സീരിയലുകള്‍ വഴി ചാനലുകള്‍ നടത്തുന്നത്. മധുമോഹന്‍ എന്ന സീരിയല്‍ ഫാക്ടറി തുറന്നു വിട്ട ഭൂതം ചാനല്‍ റേറ്റിംഗിന്റെ ഭാഗമായും കമ്പോള താത്പര്യങ്ങളുടെ ഭാഗമായും മാറി മറിഞ്ഞ് ഇന്ന് കേരളീയ സമൂഹത്തെ ആകെ വിഴുങ്ങിയിരിക്കുകയാണ്. ജസ്റ്റിസ് കമല്‍ പാഷയും ശ്രീകുമാരന്‍ തമ്പിയുമടക്കം നിരവധിപേര്‍ ഈ ആവശ്യം പല ആവര്‍ത്തി ഉന്നയിച്ചു കഴിഞ്ഞതാണ്. 

അസന്മാര്‍ഗ്ഗിക നിലപാടുകള്‍, അന്ധവിശ്വാസങ്ങള്‍ എന്നിവ നിറഞ്ഞു നില്‍ക്കുന്ന സമൂഹത്തില്‍ ആബാല വൃദ്ധം ജനങ്ങളെ സ്വധീനിക്കുന്ന സീരിയലുകള്‍ക്ക് സെന്സരിംഗ് അനിവാര്യമാണ്. ജനത്തെ സ്വാധീനിക്കുന്ന കലാരൂപം എന്ന നിലയില്‍ ആതിനുള്ളില്‍ വിനിമയം ചെയ്യേണ്ട ആശയങ്ങള്‍ ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments


Back to top button