ഐവി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന ചിത്രം അക്കലാത്തെ ഏറ്റവും വലിയ ബോക്സോഫീസ് വിജയങ്ങളില്‍ ഒന്നായിരുന്നു. 19 വയസ്സുള്ളപ്പോഴാണ് സീമ ചിത്രത്തിലെ ‘രാജി’ എന്ന ഗ്ലാമര്‍ വേഷം സ്വീകരിച്ചത്. പലരും ചെയ്യാന്‍ മടിച്ച കഥാപാത്രം തന്റേടത്തോടെ ഏറ്റെടുക്കാന്‍ മുന്നോട്ടു വരികയായിരുന്നു സീമ. അവളുടെ രാവുകള്‍ ഇറങ്ങിയിട്ട് നാല്‍പ്പത് വര്‍ഷം പിന്നിടുന്ന വേളയില്‍ സീമ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
“അവളുടെ രാവുകളില്‍ അഭിനയിച്ചതില്‍ ഒരിക്കലും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല. ഇപ്പോഴും ആളുകള്‍ തന്നെ തേടി വരുന്നത് അവളുടെ രാവുകളിലെ രാജി എന്ന കഥാപാത്രത്തിന്റെ കരുത്ത് കൊണ്ടാണ്. ചിത്രത്തിലെ കഥാപാത്രം ഒരിക്കലും വള്‍ഗറാകില്ലെന്ന് ശശിയേട്ടന് ഉറപ്പു തന്നിരുന്നു. രാജിയുടെ നില്‍പ്പും നടപ്പും പെരുമാറ്റവുമെല്ലാം ശശിയേട്ടന് പറഞ്ഞു തന്നിരുന്നു. താന്‍ അതനുസരിച്ച് അഭിനയിച്ചു. അന്ന് കൊറിയോഗ്രാഫര്‍ ചോപ്രയുടെ അസിസ്റ്റന്റ് ആയിരുന്ന എന്നെ നായികയ്ക്കും നായകനും ചുവടുകള്‍ പരിശീലിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം തന്നെ വിളിക്കുന്നത്. അപ്പോഴാണ് സംവിധായകന് ഐവി ശശി വിളിച്ച് നായികയാകാന്‍ തയ്യാറാണോയെന്ന് ചോദിക്കുന്നത്. ഞാന്‍ ചോദിക്കുന്ന കാശ് തരാമോയെന്നായിരുന്നു എന്റെ മറുചോദ്യം. തരാം എന്ന് പറഞ്ഞതോടെ ഞാന്‍ മൂവായിരം രൂപ ആവശ്യപ്പെട്ടു. അതായിരുന്നു ആദ്യ പ്രതിഫലം”. സീമ പറയുന്നു.
‘ശാന്തി’ എന്ന സീമ തന്റെ പ്രണയിനിയായതിനെക്കുറിച്ചും, പിന്നീടു ഭാര്യയായതിനെക്കുറിച്ചും സംവിധായകന് ഐവി ശശിയും പങ്കുവച്ചു.
“ശാന്തി എന്ന പെണ്‍കുട്ടിയെ ഞാന്‍ ആദ്യമായി കാണുമ്പോള്‍ അവള്‍ക്ക് എട്ടോ ഒന്‍പതോ വയസ്സുണ്ടാകും. തങ്കപ്പന് മാസ്റ്ററുടെ അസിസ്റ്റന്റായിരുന്ന കമലിനെ കാണാന്‍ ഞാന്‍ വൈകുന്നേരങ്ങളില്‍ ചെല്ലുമ്പോള്‍ അവന് കുട്ടികളെ നൃത്തം പഠിപ്പിക്കുകയായിരിക്കും. പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളെ നൃത്തം പഠിപ്പിച്ചിരുന്നത് കമലായിരുന്നു. കൂട്ടത്തില്‍ മെലിഞ്ഞൊരു പെണ്‍കുട്ടി തളര്‍ന്നുവീഴുന്നതും ചര്‍ദ്ദിക്കുന്നതും കാണാം. വീഴുമ്പോഴൊക്കെ കമല്‍ അവളെ കളിയാക്കും. ഛീ വാന്തി, ശാന്തി എന്ന്. തമിഴില്‍ വാന്തി എന്നാല്‍ ചര്‍ദി എന്നാണ് അര്‍ഥം. അതൊന്നും ശ്രദ്ധിക്കാതെ തളര്‍ച്ച മാറ്റിയാല്‍ അവള് നൃത്തം തുടരും.
ഒരിക്കല്‍ നടി ശ്രീദേവിയെ കാണാന്‍ ഞാന്‍ ഹൈദരാബാദില്‍ പോയി. അവിടെ സെറ്റില്‍ വച്ച് രണ്ടാം നായികയായ ശാന്തിയെ ശ്രീദേവി എനിക്കു പരിചയപ്പെടുത്തി. ഇത് മലയാളത്തിലെ പെരിയ ഡയറക്ടര്‍.
പിന്നീട് ഉദയാ സ്റ്റുഡിയോയില്‍ വച്ച് ഒരു നൃത്തരംഗം ചിത്രീകരിക്കുമ്പോള്‍ ഞാന്‍ ശാന്തിയെ കണ്ടു. അവള് മാത്രം ചെരുപ്പിട്ട് നൃത്തം ചെയ്യുകയായിരുന്നു. ഇങ്ങനെയൊരു കുരുത്തംകെട്ട പെണ്ണിനെ എന്തിനു കൊണ്ടുവന്നു? ഞാന്‍ ദേഷ്യപ്പെട്ടു. എന്തിനാണ് എപ്പോഴും ഭരിക്കാന്‍ വരുന്നതെന്ന് അവള് തിരിച്ചും ചൂടായി. ആ നിഷ്കളങ്കതയും നേരെ വാ നേരെ പോ പ്രകൃതവും എനിക്ക് ഇഷ്ടമായി. അങ്ങനെയൊരു പെണ്‍കുട്ടിയെ ജീവിതത്തില്‍ ആദ്യമായി കാണുകയായിരുന്നു. ‘ഇതാ ഇവിടെ വരെ’യുടെ സെറ്റിലും ഞാന്‍ ശാന്തിയെ കണ്ടു. ആ പടത്തിലെ ഡാന്‍സ് ട്രൂപ്പിലെ അംഗമായിരുന്നു അവള്. തുടര്‍ന്ന് ഈ മനോഹര തീരം എന്ന സിനിമയിലും നൃത്തക്കാരിയായി അവള് പ്രത്യക്ഷപ്പെട്ടു.
‘അവളുടെ രാവുകളില്‍’ ഞാന്‍ ശാന്തിയെ സീമ എന്ന നായികയാക്കി. ഈ പടത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഞാന്‍ ശാന്തിയെ പ്രേമിച്ചു തുടങ്ങിയത്. ചിത്രീകരണ സമയത്ത് നിന്നെ എനിക്കിഷ്ടമാണെന്നു പറഞ്ഞ് പ്രണയത്തിലേക്കു പ്രവേശിക്കുകയല്ല, പ്രണയം ഞങ്ങള്‍ക്കിടയില്‍ അറിയാതെ സംഭവിക്കുകയായിരുന്നു. സീമയിലെ നടിയെ കണ്ടെത്തിയ പോലെ ഒരു പ്രണയിനിയെ കൂടി കണ്ടെത്തുകയായിരുന്നു. മനസ്സില്‍ പ്രണയം നിറഞ്ഞപ്പോള്‍ അക്കാര്യം ആദ്യമായി അറിയിച്ചത് കമല്‍ഹാസനെയായിരുന്നു. ‘നന്നായി ശാന്തി നല്ല കുട്ടിയാണ്’ എന്നായിരുന്നു അവന്റെ പ്രതികരണം. പിന്നീട് സിനിമയിലെ പലരും ഈ പ്രണയത്തെക്കുറിച്ച് അറിഞ്ഞു. ജയന്, രജനീകാന്ത്, മധുസാര്‍, സോമന്, സുകുമാരന്‍…. എല്ലാവരും ഞങ്ങളുടെ സ്നേഹത്തെ പിന്തുണച്ചു.’
സീമയാണു വിവാഹം കഴിക്കാമെന്ന് ആദ്യം പറയുന്നത്. ആറാട്ട് എന്ന സിനിമയുടെ ഷൂട്ടിങ്. ബീച്ചില്‍ ചെരുപ്പിടാതെ നടന്ന സീമയുടെ കാലില്‍ വിഷക്കല്ല് കൊണ്ടു മുറിഞ്ഞു.
കാര്യമാക്കിയില്ലെങ്കിലും പിന്നീട് മുറിവ് പഴുത്തു. ഇതോടെ സീമ ആശുപത്രിയിലായി. ഇതെന്നെ വല്ലാതെ അസ്വസ്ഥനാക്കി. എനിക്ക് വിവാഹം ആലോചിക്കുന്ന സമയമായിരുന്നു. ഒരു ദിവസം അമ്മ ചോദിച്ചു. സീമയെ ആലോചിച്ചാലോ എന്ന്. ഞാന്‍ അമ്പരന്ന് പോയി. അന്ന് ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തി ഒന്നു മയങ്ങിയപ്പോള്‍ ഉറക്കത്തില്‍ ‘സീമ സീമ’ എന്നു ഞാന്‍ വിളിച്ചത്രേ. ‘എന്നെ കല്യാണം കഴിക്കുന്നെങ്കില്‍ ഇപ്പോള്‍ വേണ’മെന്ന് സീമയും വാശിയില്‍. പിന്നെ വൈകിയില്ല.
1980 ആഗസ്ത് 29. ചെന്നൈയിലെ മാങ്കോട് ദേവീക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ഒരു സഹോദരനെ പോലെ എല്ലാം നോക്കി നടത്തിയത് ജയനാണ്”.
Post Your Comments