പുതുമുഖ ചിത്രങ്ങൾക്ക് മുമ്പെങ്ങും കിട്ടാത്ത സ്വീകാര്യതയാണ് ഇപ്പോൾ മലയാളത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ 52 പുതുമുഖങ്ങളുമായി പുതിയ ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നു. over the moon films ന്റെ ബാനറിൽ അഭിരാം സുരേഷ് ഉണ്ണിത്താൻ ഒരുക്കുന്ന മുഴുനീള ഹാസ്യ ചിത്രമാണ് “ഹിമാലയത്തിലെ കശ്മലൻ” . 90 കളിൽ മലയാളി കണ്ടു രസിച്ച ഹാസ്യചിത്രങ്ങളുടെ ആഖ്യാന രീതിയിൽ ഇന്നത്തെ പുതുമകൾ കൂടി ചേർത്താണ് കശ്മലൻ ഒരുക്കിയിട്ടുള്ളത്. പതിനഞ്ചോളം പ്രധാന കഥാപാത്രങ്ങൾ അടക്കം 52 ഓളം പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരു കൂട്ടം മണ്ടന്മാരായ ഗ്രാമവാസികളുടെ ഇടയിൽ സംശയാസ്പദമായ രീതിയിൽ അകപ്പെട്ടു പോകുന്ന മൂന്ന് സുഹൃത്തുക്കൾ, അവരുടെ രക്ഷാർത്ഥം പറയുന്ന ഒരു നുണ , ആ ഗ്രാമത്തിന്റെ പൊതു പ്രശ്നമായി വളരുകയും, പലരുടെയും ഇടപെടലുകളെ തുടർന്ന് മാലപ്പടക്കത്തിന് തിരികൊളുത്തും പോലെ ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ ഗുരുതരമാവുകയും ചെയ്യുന്നു. അങ്ങനെ ആ നുണ ആ ദേശത്തിന്റെ തന്നെ ആഗോള പ്രശ്നമായി മാറുന്നതാണ് “ഹിമാലയത്തിലെ കശ്മലൻ” എന്ന സിനിമയുടെ പ്രമേയം.
അഴിക്കും തോറും മുറുകുന്ന ഈ ഊരാക്കുടുക്കിൽ നിന്നും ഈ മൂന്നു സുഹൃത്തുക്കൾ രക്ഷപ്പെടാൻ നടത്തുന്ന പരാക്രമങ്ങളിലൂടെ കഥ പുരോഗമിക്കുന്നു. ഒരു രാത്രി ഇരുട്ടി വെളുക്കുന്ന സമയത്തിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിൽ പറഞ്ഞു പോകുന്നത്.
ജിൻസ് ഭാസ്‌ക്കർ, അനൂപ് രമേശ്, ആനന്ദ് മന്മഥൻ, ധീരജ് ഡെന്നി, ചന്ദുനാഥ്, രാഹുൽ രവീന്ദ്രൻ, ആനന്ദ് രാധാകൃഷ്ണൻ, ബാല ഗോവിന്ദ്, ഷിനി അമ്പലതൊടി, ലിഖാ രാജൻ, ഹിമാശങ്കർ, എം.ആർ. വിബിൻ റാം, സുഹ്‌യിൽ ഇബ്രാഹിം, ശിവൻ, പദ്മനാഭൻ തമ്പി, ബീന പുഷ്‌കാസ്, നന്ദു മോഹൻ, ബിജു ബാഹുലേയൻ, ജയ്ദീപ്, അഖിൽ, മിറാഷ് തുടങ്ങിയവർ മുഖ്യവേഷത്തിൽ അഭിനയിക്കുന്നു.
ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ മാസം പ്രശസ്ത യുവ താരം ടോവിനോ തോമസ് പുറത്തിറക്കി. 24 മണിക്കൂറിനുള്ളിൽ തന്നെ യൂട്യൂബ് ഇന്ത്യയിൽ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഒരു മിനിറ്റ് നീളമുള്ള ഈ പുതുമയുള്ള മോഷൻ പോസ്റ്റർ എത്തിയത്.
അണിയറയിലും പുതുമ ഈ സിനിമയ്ക്ക് അവകാശപ്പെടാനുണ്ട്. നിർമ്മാണം, ചിത്രസംയോജനം, ശബ്ദമിശ്രണം എന്നിവയിലുൾപ്പടെ പതിനഞ്ചോളം പുതുമുഖങ്ങളാണ് ക്യാമറയ്ക്ക് പിന്നിലും അണി നിരക്കുന്നത്.
വി. ആർ. വിപിൻ, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് അരവിന്ദ് ചന്ദ്രശേഖർ സംഗീതം പകർന്ന ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ഈ വർഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ സൂരജ് സന്തോഷും, മൃദുല വാരിയറും ചേർന്നാണ്. അഭിരാം സുരേഷ് ഉണ്ണിത്താൻ, ആനന്ദ് രാധാകൃഷ്ണൻ, നന്ദു മോഹൻ എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ഛായാഗ്രഹണം ജെമിൻ ജോം അയ്യനേത്ത്. ചിത്രസംയോജനം- രാമു രവീന്ദ്രൻ, അരവിന്ദ് ഗോപാൽ. ശബ്ദ മിശ്രണം – വൈശാഖ് ശോഭൻ. കളറിസ്റ്റ് – ലിജു പ്രഭാകർ. പ്രൊഡക്ഷൻ ഹൌസ് – ഓവർ ദി മൂൺ ഫിലിംസ്. നിർമ്മാണം -നന്ദു മോഹൻ. ആനന്ദ് രാധാകൃഷ്ണൻ, അരുണിമ അഭിരാം ഉണ്ണിത്താൻ
Post Your Comments