മിഥുന് മാനുവല്‍ തോമസിന്റെ ആദ്യ ചിത്രമായ ആട് ഒരു ഭീകരജീവിയാണ് തിയറ്ററുകളില്‍ പരാജയം ഏറ്റുവാങ്ങിയ ഒരു ചിത്രമാണ്. എന്നാല്‍ അതിന്റെ രണ്ടാം ഭാഗം ഇറങ്ങുകയാണ്. തിയറ്ററുകളില്‍ പരാജയപ്പെട്ട ആടിന് രണ്ടാം ഭാഗം വരുന്നതിനെ കുറിച്ച് ജയസൂര്യ പറയുന്നതിങ്ങനെയാണ്.
‘ലോക സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിരിക്കും ബോക്സ് ഓഫീസില്‍ പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗം വരുന്നത്. തിയേറ്ററില്‍ ഭയങ്കര കൂക്കും വിളിയും കേട്ട സിനിമയാണിത്. പക്ഷെ അതിന് ശേഷം ആട് ഒരു ട്രെന്‍ഡായി. പലരും ചോദിക്കാന്‍ തുടങ്ങി എപ്പോഴാണ് ആട് രണ്ട് വരുന്നതെന്ന്. തുടക്കത്തില്‍ അത് കേള്‍ക്കുമ്ബോള്‍ എനിക്ക് ദേഷ്യം വരുമായിരുന്നു. കാരണം ഫസ്റ്റ് പാര്‍ട്ട് കണ്ട് കുക്കി വിളിച്ചവരാണ് സെക്കന്റ് പാര്‍ട്ട് ചോദിക്കുന്നത്. ഞാന്‍ ഏത് പരിപാടിക്കു പോയാലും പലരും ഷാജി പാപ്പോ എന്ന് വിളിക്കും. കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് പോലും ഷാജി പാപ്പനെ കാണിച്ചിട്ടാണെന്ന് പറഞ്ഞവരുണ്ട്. ആദ്യം കളിയാക്കുകയാണെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ ഈയടുത്ത് വരെ ചില കോളേജുകളിലെ കുട്ടികള്‍ തിയേറ്റര്‍ വാടകയ്ക്കെടുത്ത് ആട് പ്രദര്‍ശിപ്പിച്ചതായി അറിഞ്ഞു.
മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സിഡി വിറ്റുപോയ ചിത്രങ്ങളിലൊന്നായി ആട് മാറി. പള്ളീലച്ചന് ഷാജി പാപ്പനായി ഡാന്‍സ് ചെയ്യുന്നു. കൊച്ചു കുട്ടികള്‍ ഡാന്‍സ് ചെയ്യുന്നു. ഒരിക്കല്‍ ഷൂട്ടിങ്ങിനായി കോഴിക്കോട്ടേയ്ക്ക് പോകും വഴി റോഡിലൂടെ ഒരു ബസ് പോകുന്നു, അതിന്റെ പിറകിലത്തെ ചില്ലില്‍ ഷാജി പാപ്പന്റെ കൂറ്റന്‍ പടം. പ്രേക്ഷകര്‍ക്ക് ഷാജി പാപ്പനെ വീണ്ടും കാണാന്‍ ആഗ്രഹമുണ്ടെന്ന് ഇതില്‍ നിന്ന് മനസ്സിലായി. അങ്ങിനെയാണ് ചിത്രത്തിന് ഒരു രണ്ടാം ഭാഗം എടുത്താലോ എന്ന് ആലോചിച്ചത്.’ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ജയസൂര്യ ഇത് വ്യക്തമാക്കിയത്.
Post Your Comments