തെലുങ്ക് സിനിമാ മേഖലയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ആറു താരങ്ങള്‍ക്കും ചില സിനിമാ പ്രവര്‍ത്തകര്‍ക്കും മയക്കുമരുന്നു സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു വാര്‍ത്ത. കൂടാതെ ജൂലൈ 22ന് മുമ്പായി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടുള്ള തെലങ്കാന എക്സൈസ് വകുപ്പിന്റെ നോട്ടീസും താരങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ വാര്‍ത്തയോട് താരങ്ങള്‍ ആരും പ്രതികരിച്ചിരുന്നില്ല ഇത് വരെ. എന്നാല്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ രവി തേജയ്ക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങള്‍ നിഷേധിച്ച് അമ്മയും കുടുംബ ഡോക്ടറും രംഗത്തെത്തിയിരിക്കുകയാണ്.
മകന് മയക്കുമരുന്ന് ഉപയോഗിക്കില്ലെന്നും ഹൈദരാബാദ് നഗരത്തില്‍ നിന്നും അറസ്റ്റിലായ മയക്കുമരുന്ന് റാക്കറ്റില്‍ തന്റെ മകന് ഉള്‍പ്പെട്ടിട്ടില്ലെന്നുമാണ് തേജയുടെ അമ്മ രാജ്യലക്ഷ്മിയുടെ വാദം. കുടുംബ ഡോക്ടറായ കടിയാല രാജുവും നടനെ ന്യായീകരിച്ച് രംഗത്തെത്തി. രവി തേജയോട് ജൂലൈ 22ന് മുമ്ബായി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തെലങ്കാന എക്സൈസ് വകുപ്പ് ആവശ്യപ്പെട്ട കാര്യം ഇരുവരും സ്ഥിരീകരിച്ചിട്ടുണ്ട്.
കേസില്‍ ഒരു തരത്തിലും രവി തേജ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് അമ്മ പറയുന്നത്. തേജ എങ്ങനെയുള്ള ആളാണെന്ന് കുടുംബാഗങ്ങള്‍ക്ക് അറിയാമെന്നും അനാവശ്യമായി മകനെ കേസിലേയ്ക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്നും തേജയുടെ അമ്മ രാജ്യലക്ഷ്മി ചൂണ്ടിക്കാണിക്കുന്നു. മയക്കുമരുന്ന് കേസിലേയ്ക്ക് തന്റെ മകന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചതാണെന്നും ഇതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായും രാജ്യലക്ഷ്മി ആരോപിക്കുന്നു. സിനിമാ വ്യവസായം ഇത്തരത്തില്‍ പ്രവര്‍ത്തിക്കില്ലെന്നും സത്യം തെളിയിക്കാന്‍ എല്ലാവര്ക്കും അര്‍ഹതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ രവി തേജയുടെ സഹോദരങ്ങളായ ഭരത്, രഘു എന്നിവരും മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടിരുന്നു.
Post Your Comments