ലണ്ടനിലെ സംഗീത നിശ ആരാധകര്‍ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി ഓസ്കാര്‍ ജേതാവ് എ ആര്‍ റഹ്മാന്‍ രംഗത്ത്. ഇക്കഴിഞ്ഞ ജൂലൈ 8നു വെംബ്ലിയിലെ എസ്.എസ് അറീനയില്‍ നെത്രു, ഇന്ദ്രു, നാലയ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.
പരിപാടി മനോഹരമാക്കാന്‍ താനും ടീമംഗങ്ങളും പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും, ആസ്വാദകരാണ് തന്‍റെ കരുത്തെന്നും റഹ്‍മാന്‍ പ്രതികരിച്ചു. സംഗീതവിരുന്നില്‍ റഹ്‍മാന്‍ തമിഴ് ഗാനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഹിന്ദി ഭാഷയുടെ ആധിപത്യത്തെ കുറിച്ചുള്ള തര്‍ക്കങ്ങളിലേക്ക് വരെ കാര്യങ്ങളെത്തി. റഹ്‍മാനോടുള്ള സമീപനം ക്രൂരമാണെന്ന് പ്രഖ്യാപിച്ച് പ്രിയങ്ക ചോപ്രയും ചിന്‍മയിയും അടക്കമുള്ള പ്രമുഖരും എത്തിയതോടെ വിവാദം കൊഴുത്തു. അതിനിടെയാണ് റഹ്‍മാന്‍റെ പ്രതികരണം വരുന്നത്. എപ്പോഴും ആസ്വാദകരുടെ ഇഷ്‌ടമനുസരിച്ചാണ് പാട്ടുകള്‍ വേദിയില്‍ അവതരിപ്പിക്കാറുള്ളത്. ലണ്ടന്‍ പരിപാടിയും പരമാവധി ഭംഗിയാക്കാന്‍ ശ്രമിച്ചു. ആരാധകരില്ലെങ്കില്‍ താനില്ലെന്നും റഹ്മാന്‍ ന്യൂയോര്‍ക്കില്‍ ഐഫ അവാര്‍ഡ് ദാനചടങ്ങിനിടെ വ്യക്തമാക്കി.
റോജയിലൂടെ അരങ്ങേറ്റം കുറിച്ച് സംഗീത ലോകത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഏഴു വര്‍ഷത്തിന് ശേഷം എ.ആര്‍ റഹ്മാന്‍ ലണ്ടനില്‍ പാടുന്ന എന്ന പ്രത്യേകതയും ഈ പരിപാടിക്കുണ്ടായിരുന്നു. എന്നാല്‍ ഈ പരിപാടിയില്‍ തമിഴ് പാട്ടുകള്‍ മാത്രമാണ് റഹ്മാന്‍ പാടിയത്. ഇതോടെ ഹിന്ദിയെ ഇഷ്ടപ്പെടുന്നവര്‍ പരിപാടി ബഹിഷ്കരിക്കുകയായിരുന്നു. ബോളിവുഡില്‍ എത്രയോ മനോഹരമായ ഗാനങ്ങള്‍ ഒരുക്കിയ എ.ആര്‍ റഹ്മാനില്‍ നിന്ന് ഇത്തരമൊരു വേര്‍തിരിവ് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
Post Your Comments