Uncategorized

ഇത്രയും സത്യസന്ധമായുള്ള ഒരു ആത്മഗതം ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല; രഘുനാഥ് പലേരിയുടെ ഹൃദയസ്പര്‍ശിയായ എഴുത്ത് വായിക്കാം

ഒരുകാലത്ത് മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ എഴുതി നല്‍കിയ രഘുനാഥ് പലേരി മനോഹരമായ അനുഭവ കഥകള്‍ ഫേസ്ബുക്കിലൂടെ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജില്‍ രഘുനാഥ് പലേരി എഴുതിയ അനുഭവ കഥ വായിക്കാം

ഏങ്ങണ്ടിയൂരിൽ രാത്രിയുടെ തുടക്കമായ ഇളം ഇരുട്ടിൽ കുഞ്ഞുകല്ലുകളായി മഴ പെയ്യുന്നു. കോയമ്പത്തൂർക്ക് പോകണം. അതിന് തൃശൂർ എത്തണം. തൃശൂർ എത്താൻ ബസ്സ് വരണം. ആ വഴിക്ക് ആ നേരം ബസ്സുകൾ കുറവാണ്. മഴയും ഇരുളും കാരണം ദൂരെ നിന്നും കണ്ണു മിന്നിച്ച് വരുന്ന വാഹനങ്ങളിൽ ബസ്സേതാണെന്ന് തിരിച്ചറിയുക വിഷമം. ബസ്സെന്ന് കരുതി തെയ്യാറെടുക്കുമ്പോ ഴേക്കും അത് ലോറിയാവും. വീണ്ടും കാൽ നൃത്തച്ചുവടോടെ പിന്നാക്കം വലിക്കും. ആ നേരം അരികിൽ ഒരു കുറിയ സഞ്ചാരി വന്നു. ഉയരം കുറവാണെങ്കിലും മൂർച്ചയുള്ളൊരു മീശയുണ്ട്. തോളിൽ സഞ്ചി. വസ്ത്രം നിറയെ നനവ്. ഞാനൊന്ന് കുട നീട്ടിക്കൊടുത്തു. മീശക്കാരൻ കുടയിലേക്ക് കയറി നെറ്റി തുടച്ചു. പിന്നെ അതിസ്‌നേഹത്തോടെ പുഞ്ചിരി തന്ന് ചോദിച്ചു.
“എങ്ങട്ടാ..?”
“കോയമ്പത്തൂർക്ക്.”
“ഇവിടെ..?”
“ചുമ്മാ..”
മീശക്കാരൻ അതിശയിച്ചു. ചുമ്മാ ഈ മഴയത്തോ..!. അതും ഈ സന്ധ്യ നേരത്ത്..!
ചോദ്യം നിർത്തി ചാവക്കാട് ഭാഗത്തേക്കായി നോട്ടം. ബസ്സ് വരുന്നതുപോലെ വാഹനക്കണ്ണുകൾക്കിടയിൽ വെളിച്ചം ഉരുണ്ടു വരുന്നുണ്ട്. അടുത്തെത്താറായതും മീശക്കാരൻ ദൈന്യതയോടെ ചോദിച്ചു.
“അതെങ്ങട്ടാ..?”
ഞാനും കണ്ണ് വിടർത്തി. അതങ്ങ് നിർത്താതെ പറന്നു. മീശക്കാരൻ പറഞ്ഞു.
“അത്ര ദൂരത്ത്ന്ന് വായിക്കാൻ പറ്റില്ലേ. കണ്ണ് പിടിക്കില്ല.”
ഞാൻ സത്യം പറഞ്ഞു.
“എന്റെ കണ്ണും അങ്ങിനാ. കണ്ണട ഉണ്ടായിട്ടും കാര്യമില്ല. വെയിലത്തും ചിലനേരം പിടിക്കില്ല.. ”
മീശക്കാരൻ ചിരിച്ചു.
“എന്താ പേര്..?”
“രഘു.
“എന്റെ പേര് സ്വാമി.”
എനിക്കതിശയം തോന്നി. ഞാനിവിടെ വന്നതും ഒരു സ്വാമിയേം ബിന്ദുവിനേം മകൻ കുഞ്ചുവിനേം കാണാനാണ്. ഇപ്പഴിതാ എന്നെപോലെ കണ്ണ് പിടിക്കാത്ത ഒരു രണ്ടാം സ്വാമി.
അതിനിടെ ഒരു തൃശൂർ ബസ്സ് കണ്ണ്പിടിക്കാതെ നിർത്താതെ പോയി. അതിനു പിറകെ രണ്ടടി മുന്നാക്കം ഓടിയ ഞങ്ങൾ ഒരുമിച്ചു പറഞ്ഞു.
“അത് തൃശൂരായിരുന്നു.”
തൃശൂർന്ന് കോയമ്പത്തൂർക്ക് ബസ്സ് കിട്ടും. കുട പൂട്ടി കയ്യിൽ പിടിച്ചു. അടുത്ത ബസ്സ് നിർത്തിച്ചിട്ടു തന്നെ കാര്യം. നിർത്തിക്കിട്ടിയ ബസ്സ് കൊടുങ്ങല്ലൂർക്ക്. രണ്ടാം സ്വാമിയും ഞാനും വാടാനപ്പള്ളി ഇറങ്ങി തൃശൂർക്കുള്ള റോഡിലേക്ക് ഓടിച്ചെന്നതും മുന്നേ പോയ തൃശൂർ ബസ്സ് അതാ കാത്ത് നിൽക്കുന്നു. രണ്ടാം സ്വാമി പറന്നു കയറി പിറകിൽ ആകെ കിട്ടിയ കസേരയിൽ അമർന്നു. കസേരയില്ലാതെ വടിയായി നിന്ന എന്നെ കണ്ടതും ഇരുന്ന കസേരയിൽ ഒന്നൂടി ചുരുങ്ങി. ഇരിക്കാൻ നിർബന്ധിച്ചു. ഞാൻ കൃത്യമായി ദേഹം ഇറക്കി. കറക്ട് ഫിറ്റ്. രണ്ടാം സ്വാമി ചോദിച്ചു..
“സ്ഥലം മതിയോ.?”
“മതി. ധാരാളം.”
“എവിടെ ഇറങ്ങും..?”
“ടാൻസ്‌പോർട്ട് സ്റ്റാന്റില്.”
രണ്ടാം സ്വാമി ചിരിച്ചു.
“നടക്കൂല. ഇത് നിർത്തണ സ്റ്റാന്റ് വേറെ. പ്രൈവറ്റാ.”
നേരാണ്. ഞാനത് മറന്നു. ഇനി അവിടുന്ന് ഓട്ടോ പിടിക്കാം. അല്ലേൽ നടക്കാം. വീട്ടിൽ എത്തുമ്പോൾ നേരം പന്ത്രണ്ട് കഴിയും. സാരമില്ല. പന്ത്രണ്ട് കഴിഞ്ഞാലും പിന്നേം ഒന്നും രണ്ടും ഒക്കെ ക്ലോക്കിൽ ഉണ്ടല്ലൊ. പേടിക്കാനില്ല.
തൃശൂർ വരെയുള്ള കുലുക്കത്തിനിടയിൽ രണ്ടാം സ്വാമി പെട്ടെന്ന് ചങ്ങാതിയായി. ഗുരുവായൂരിൽ ഹോട്ടൽ ജോലിയാണ്. ഇത്തിരി പൈസ കിട്ടാനുള്ളത് വാങ്ങാൻ ഏങ്ങണ്ടിയൂർ വന്നതാണ്. ഹോട്ടലിൽ ചായ അടിക്കും. പറോട്ട അടിക്കും. നെയ്‌റോസ്റ്റ് മസാലദോശ ചപ്പാത്തിപ്പണി എല്ലാം ചെയ്യും. പതിനഞ്ച് ദിവസത്തിൽ ഒരിക്കൽ വീട്ടിൽ പോകും. രണ്ട് നാൾ നിന്ന് തിരിച്ചു വരും. വീണ്ടും പറോട്ട ചപ്പാത്തി മസാലദോശ…
“പുട്ട്..?”
“ഇല്ല. അതാ ഹോട്ടൽല് പതിവില്ല.”
“അപ്പം ഇടിയപ്പം പത്തിരി.?”
“പത്തിരിപ്പണീം ഇല്ല. അപ്പം ഇടിയപ്പം പുറത്ത്ന്ന് വരും. കിട്ടുമ്പഴേ ഉണങ്ങീട്ടുണ്ടാവും. ചൂടാക്കാനോന്നും നേരം കിട്ടൂല. തീരും. ”
“പഴംപൊരി പത്തിരി ഉണ്ടപ്പൊരി സമൂസ ഉള്ളിവട…?”
“എല്ലാ ദിവസോം കാണൂല. മാറ്റിമാറ്റി അടിക്കും.”
“ഏതാണ് മാസ്റ്റർക്ക് ഇഷ്ടം..?”
“ഞാനൊന്നും തൊടൂല..”
“വിശക്കൂലേ.?”
“കഞ്ഞീം പയറും പോരേ. പതിനാറാം നാള് വീട്ടിലെത്തും. പിന്നെ അടിപൊളി…”
………………………………..
തൃശൂർ ദേശബസ്സ് കേന്ദ്രത്തിൽ രണ്ടു രൂപ മേശമേൽ വെച്ചാൽ മൂത്രിക്കാം. സ്വർഗ്ഗംപോലുള്ള
സ്ഥലമാണ്. ശ്വാസം പിടിച്ച് മൂത്രിക്കാനുള്ള അവസരം കിട്ടുന്ന അനേകം വിനോദ കേന്ദ്രങ്ങളിൽ ഒന്ന്. ഞാനും രണ്ടാം സ്വാമിയും രണ്ടു രൂപ വീതം കൊടുത്തു. ഇറങ്ങി വരാൻ നേരം രണ്ടാം സ്വാമി പറഞ്ഞു.
“ഹോട്ടൽലെ അടുക്കളേക്കാൾ ഭേദാ. ”
ഇത്രയും സത്യസന്ധമായുള്ള ഒരു ആത്മഗതം ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button