വ്യാജ പരാതിയില്‍ ആദിത്യന് നഷ്ടമായത് നാലുവര്‍ഷം

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ ഒരു താരമായിരുന്നു ആദിത്യന്‍. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി കലാ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് ആദിത്യന്‍. കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പിതാവ് നല്‍കിയ പരാതിയാണ് ആദിത്യന്‍ ജയന്‍റെ ജീവിതത്തില്‍ വില്ലനായത്.
സംഭവമിങ്ങനെ വിവാഹം വാഗ്ദാനം ചെയ്ത് ഒരുലക്ഷംരൂപ ആദിത്യന്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി. 2007ല്‍ വിവാഹനിശ്ചയം നടത്തുകയും പിന്നീട് വിവാഹത്തില്‍നിന്ന് പിന്മാറുകയും ചെയ്തെന്നു യുവതിയുടെ പിതാവ് കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. വിവാഹം ഉപേക്ഷിച്ച്‌ അഞ്ചുവര്‍ഷത്തിനുശേഷമായിരുന്നു ഈ ആരോപണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി വിവാഹ നിശ്ചയം നടന്നതായും പരാതിയില്‍ പറയുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം നീട്ടി വയ്ക്കുകയായിരുന്നുവെന്നും നടന്‍ പെണ്‍കുട്ടിയുടെ കൈയില്‍ നിന്ന് ഒരു ലക്ഷം വാങ്ങിയെടുത്തിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. അതിന് ശേഷം നടന്‍ മറ്റൊരു വിവാഹം കഴിച്ചുവെന്ന് പറഞ്ഞായിരുന്നു പരാതി. സംഭവത്തില്‍ നടനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുദിവസം റിമാന്‍ഡ് തടവുകാരനായി അദിത്യന് ജയിലില്‍ കഴിയേണ്ടിവന്നു. പെണ്‍കുട്ടി കോടതിയില്‍ ഹാജരാകാതെ വന്നതോടെ കേസ് നീണ്ടുപോയി. ഒടുവില്‍ പെണ്‍കുട്ടിതന്നെ കോടതിക്ക് മുന്‍പാകെയെത്തി പരാതി ഇല്ലെന്ന് ബോധിപ്പിക്കുകയായിരുന്നു.
പരാതി പിന്‍വലിച്ചതോടെ വീണ്ടും സജീവമാകന്‍ ഒരുങ്ങുകയാണ് ആദിത്യന്‍. കേസുമൂലം പ്രതിഛായമുഴുവന്‍ നഷ്ടമായെന്ന് ആദിത്യന്‍ പറയുന്നു. എല്ലാവരും ഒറ്റപ്പെടുത്തി. അവസരങ്ങളും നഷ്ടമായി. പൊലീസിന്റെ പെരുമാറ്റം ഏറെ വേദനിപ്പിച്ചു. ഈ അവസ്ഥ ആര്‍ക്കും വരാതിരിക്കട്ടെയെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും ആദിത്യന്‍ പറയുന്നു
Share
Leave a Comment