
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് കാട്ടി ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുകയുകയും മാധ്യമങ്ങള്‍ വിചാരണ നടത്തുകയും ചെയ്ത സമയത്ത് ദിലീപിന് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍ എത്തിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിച്ച ചിലര്‍ സോഷ്യല്‍ മീഡിയയില്‍ നടിയുടെ പേര് പറഞ്ഞിരുന്നു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് പരസ്യമായി പറയുന്നത് അവളെ വീണ്ടും അപമാനിക്കുന്നതിനു തുല്യമാണ്. അതിനാല്‍ ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലെന്ന് നിയമമുണ്ട്. ഈ സാഹചര്യത്തില്‍ അറിയാതെ പേര് പറഞ്ഞ അജു വര്‍ഗ്ഗീസിനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുകയാണ്. എന്നാല്‍ അജു മാത്രമല്ല പല താരങ്ങളും നടിയുടെ പേര് പലപ്പോഴും ചാനല്ചര്ച്ചകള്ക്കിടയിലും ഫേസ്ബുക്ക് പോസ്റ്റിലും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അജുവിന്റെ പേരില്‍ മാത്രം കേസ് കൊടുത്തതിനെ വിമര്‍ശിക്കുകയാണ് നടന് കിഷോര്‍ സത്യ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.
കിഷോര്‍ സത്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
ശ്രീ. ഗിരീഷ് ബാബു,
താങ്കളെ നേരിട്ട് പരിചയമില്ലാത്തതുകൊണ്ടും അജു വര്‍ഗീസുമായി പരിചയമുള്ളതുകൊണ്ടുമാണ് ഈ കുറിപ്പ്. താങ്കള്‍ കൊടുത്ത പരാതിയിലാണ് അജു വര്‍ഗീസിനെതിരെ കളമശേരി പോലീസ് കേസ് എടുത്തത് എന്നാണ് മാധ്യമങ്ങള്‍ വഴി അറിഞ്ഞത്.
അജു വര്‍ഗീസ് എന്ന ചെറുപ്പക്കാരന് ദുഷ്ടലാക്കോടെ ആ സഹോദരിയെ അപമാനിക്കാന്‍ വേണ്ടി മനഃപൂര്‍വം അവരുടെ പേര് എഴുതി എന്ന് ചിന്തിക്കാനുള്ള സാമാന്യബുദ്ധി എനിക്കില്ല. ആ പെണ്‍കുട്ടിക്ക് നീതി കിട്ടണം എന്ന് നിങ്ങളെയും എന്നെയും പോലെ ചിന്തിക്കുന്ന ഒരാള്‍ ആയി മാത്രമേ അജുവിനെ പറ്റി എനിക്ക് കരുതാനാവു. തനിക്ക് പറ്റിയ തെറ്റ് മനസിലാക്കി അദ്ദേഹം അത് വൈകാതെ തിരുത്തുകയും ചെയ്തു. അതിലെ ആത്മാര്‍ത്ഥതയില്‍ ആ സഹോദരിക്ക് പോലും സംശയം ഉണ്ടാവുമെന്നും എനിക്ക് തോന്നുന്നില്ല.
ആക്രമണ വാര്‍ത്ത വന്നപ്പോള്‍ തന്നെ കേരളത്തിലെ പല ചാനലുകളും ആ കുട്ടിയുടെ പേര് പറഞ്ഞു വാര്‍ത്തകള്‍ കൊടുത്തിരുന്നു. പിന്നീടാണ് അത് ഒഴിവാക്കിയത്. അതുപോലെ ചില സഹപ്രവര്‍ത്തകര്‍ പിന്തുണ പ്രഖ്യാപിച്ചു ഇട്ട ഫേസ്ബുക് പോസ്റ്റുകളിലും പേര് പറയുകയും അജുവിനെ പോലെ തെറ്റ് മനസിലാക്കി തിരുത്തുകയും ചെയ്തു. ഇപ്പോള്‍ നടക്കുന്ന മാധ്യമ ചര്‍ച്ചകളില്‍ പലരും അറിയാതെ പേര് പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. അതൊന്നും ആ പെണ്‍കുട്ടിയെ മനഃപൂര്‍വം ദ്രോഹിക്കാന്‍ അല്ലെന്നും അബദ്ധത്തില്‍ പറഞ്ഞു പോയത് ആണെന്നും തന്നെയാണ് എന്റെയും വിശ്വാസം. ചില മുന്‍നിര വാര്‍ത്താ അവതാരകര്‍, ഒരു മുതിര്‍ന്ന പത്രപ്രവര്ത്തകന്, ഒരു വക്കീല്‍, രണ്ട് ചലച്ചിത്ര സംവിധായകര്‍, ഒരു മുന്‍ കെ എസ് എഫ് ഡി സി ചെയര്മാന് തുടങ്ങിയവര്‍ ആ സഹോദരിയുടെ പേര് പറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ കാണാത്ത, കേള്‍ക്കാത്ത നിരവധി ആളുകള്‍ ഇനിയുണ്ടാവാം.
പക്ഷെ എന്തുകൊണ്ടാണ് താങ്കള്‍ ഒരു അജു വര്‍ഗീസിനെതിരെ മാത്രം,കേസ് കൊടുത്തത് എന്ന് എനിക്ക് മനസിലാവുന്നില്ല. ഒന്നുകില്‍ താങ്കള്‍ മറ്റുള്ളവര്‍ പേര് പരാമര്‍ശിച്ചത് കാണാത്തതു കൊണ്ടാ അല്ലെങ്കില്‍ മനഃപൂര്‍വം കാണാതിരുന്നത് കൊണ്ടോ ആവാം. താങ്കള്‍ അത് കാണാഞ്ഞത് ആണെങ്കില്‍ ഒരു പൊതു വിഷയത്തില്‍ ഇടപെട്ടു കേസ് കൊടുത്ത ഒരു വ്യക്തി എന്ന നിലയില്‍ അത് താങ്കളുടെ ഒരു വലിയ വീഴ്ചയാണ്. ഈ വിഷയത്തില്‍ താങ്കള്‍ സത്യസന്ധമായ ഒരു ഇടപെടല്‍ ആണ് നടത്തിയതെങ്കില്‍ കുറേക്കൂടെ ജാഗ്രത കാണിക്കേണ്ടിയിരുന്നു. അല്ലാത്തപക്ഷം അജു വര്‍ഗീസിനോടുള്ള എന്തെങ്കിലും കാരണത്താലുള്ള താങ്കളുടെ വ്യക്തി വിരോധമോ അഥവാ മറ്റെന്തെങ്കിലും സ്ഥാപിത താല്പര്യമോ ഇതിന് പിന്നില്‍ ഉണ്ടാവാം എന്ന് എന്നെപ്പോലെയൊരാള്‍ അങ്ങയുടെ ഉദ്ദേശ ശുദ്ധിയില്‍ സംശയിച്ചു പോയാല്‍ അത് തിരുത്താന്‍ ഉള്ള ബാധ്യതയും താങ്കള്‍ക്കുണ്ട്.
Post Your Comments