CinemaGeneralLatest NewsMollywoodNEWSWOODs

ശ്രീനാഥിന്‍റെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് സംവിധായകന്‍ എം പത്മകുമാര്‍

 

മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് ശ്രീനാഥ്‌ മരണപ്പെട്ടത്. ഈ മരണത്തിനു സിനിമയുടെ അണിയറക്കളികളാണെന്ന വാദം അന്നേ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശിക്കാറിന്റെ സംവിധായകന്‍ പത്മകുമാര്‍.

നടന്‍ ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹത ഇല്ലെന്നു പത്മകുമാര്‍. ശ്രീനാഥ് മരിച്ച സമയത്ത് അദ്ദേഹത്തിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ശ്രീനാഥിന്റെ മരണം പോലീസ് വ്യക്തമായി അന്വേഷിക്കുകയും ആത്മഹത്യ ആണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നുവെന്ന് പത്മകുമാര്‍ പറയുന്നു. അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ അംഗമല്ലാത്ത ശ്രീനാഥിന്റെ മരണത്തില്‍ അമ്മയുടെ പേര് വലിച്ചിഴക്കുന്നത് ശരിയല്ല. അമ്മയില്‍ അംഗമല്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ശ്രീനാഥിനെ അഭിനയിക്കാന്‍ വിളിച്ചത്. അതിന്റെ പേരില്‍ അമ്മയില്‍ നിന്നാരും പ്രശ്നമുണ്ടാക്കിയിട്ടില്ല. ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഇനിയൊരു അന്വേഷണം വന്നാലും അതിനോട്‌ പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

”വ്യകതിപരമായ പ്രശ്നങ്ങള്‍ കൊണ്ട് സിനിമയില്‍ നിന്ന് ഏറെക്കാലമായി അകന്ന് നിന്നിരുന്ന ആളാണ്‌ ശ്രീനാഥ്. അസാധ്യ പ്രതിഭയുള്ള നടനാണ് ശ്രീനാഥ്. അക്കാരണത്താല്‍ താന്നെയാണ് ശിക്കാറിലെ പ്രധാന കഥാപാത്രം ചെയ്യാന്‍ ശ്രീനാഥിനെ വിളിച്ചത്. സന്തോഷത്തോടെ തന്നെയാണ് ശ്രീനാഥ് ഞങ്ങളുടെ ഓഫര്‍ സ്വീകരിച്ചത്. ശ്രീനാഥിന്റെ ജീവിതരീതികളില്‍ കുറച്ച് പ്രശ്നങ്ങള്‍ ഉണ്ട്. അത് അറിഞ്ഞു കൊണ്ട് തന്നെയാണ് സിനിമയിലേക്ക് വിളിച്ചതും . കോതമംഗലത്തെ ഒരു ഹോട്ടലില്‍ ആണ് ശ്രീനാഥിന് റൂം തയ്യാറാക്കിയത്. തുടക്കത്തില്‍ ശ്രീനാഥിന്റെ സ്വഭാവത്തില്‍ വലിയ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍ പിറ്റേ ദിവസം മുതല്‍ കാര്യങ്ങള്‍ ആകെ മാറി. സ്വഭാവശൈലിയില്‍ മാറ്റങ്ങള്‍ വന്നു. ഹോട്ടലിലും പ്രശ്നങ്ങള്‍ ഉണ്ടാക്കി. ഈ സ്വഭാവ രീതികള്‍ കാരണം സെറ്റില്‍ വരാതിരിക്കുകയും ഷൂട്ടിംഗ് മുടങ്ങുകയും ചെയ്തു. ഇത്തരത്തില്‍ മുന്നോട്ട് പോകാന്‍ ആവില്ലെന്ന് മനസിലായതോടെ മനസില്ലാ മനസ്സോടെ ഞങ്ങള്‍ അദേഹത്തെ സിനിമയില്‍ നിന്നൊഴിവാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സിനിമയില്‍ നിന്നു ഒഴിവാക്കി എന്ന് പറയുന്നതിന് പകരം ഒരാഴ്ച്ചത്തേക്ക് ഷൂട്ടിംഗ് ഇല്ലെന്നും പോയിട്ട് വന്നാല്‍ മതിയെന്നുമാണ് പറഞ്ഞിരുന്ന”തെന്നും പത്മകുമാര്‍ പറഞ്ഞു.

പക്ഷേ സാമ്പത്തിക പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഇപ്പോള്‍ തിരുവനന്തപുരത്തേക്ക് പോകാന്‍ ആവില്ലെന്നും ഇവിടെ തന്നെ നിന്നോളാം എന്നൂമായിരുന്നു ശ്രീനാഥിന്റെ മറുപടി. ഹോട്ടലില്‍ റൂമില്ലെന്ന് പറഞ്ഞാണ് ശ്രീനാഥിനെ ഒരു വിധത്തില്‍ പറഞ്ഞു വിട്ടത്. പിറ്റേ ദിവസമാണ് ശ്രീനാഥിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്ന് പറഞ്ഞ് ഹോട്ടലില്‍ നിന്ന് വിളിക്കുന്നത്. കയ്യിലെ ഞരമ്പ് മുറിച്ചിരുന്നെന്നും വിളിച്ചയാള്‍ പ്രൊഡക്ഷന്‍ കന്‍ട്രോളറോട് പറഞ്ഞിരുന്നു. ഞങ്ങള്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. മൃതദേഹത്തോടൊപ്പം തിരുവനന്തപുരത്തേക്ക് പോയില്ലെങ്കിലും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നു പോസ്റ്റ്മോര്‍ട്ടം നടത്തി  മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നത് വരെ താന്‍ അടക്കമുള്ളവര്‍  കൂടെ ഉണ്ടായിരുന്നു. 

ഈ വിവാദം വീണ്ടും ഉയര്‍ന്നു വരുന്നത് എന്തിനാണെന്ന് എനിക്ക് അറിയില്ലെന്നും പത്മകുമാര്‍ പറഞ്ഞു. വളരെ നല്ല വ്യക്തി ആയിരുന്ന ശ്രീനാഥിന്റെ ജീവിതം നിയന്ത്രിച്ചിരുന്നത് ലഹരി ആയിരുന്നു. മലയാള സിനിമയില്‍ ഒരുപാട് പേരുടെ ജീവിതം നശിപ്പിച്ചതും നശിപ്പിച്ച് കൊണ്ടിരിക്കുന്നതുമായ വിഷമാണ് ശ്രീനാഥിന്റെയും ജീവനെടുത്തത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും പത്മകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button