ദിലീപിന്‍റെ അറസ്റ്റ് സര്‍ക്കാരിന്‍റെ മുഖം രക്ഷിക്കാനുള്ള നാടകമാണെന്ന ആരോപണവുമായി ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട ദിവസത്തെ മീഡിയ വിഷ്വല്‍സ് കണ്ടപ്പോള്‍ തന്നെ ഒരു നാടകത്തിന്റെ മണം കിട്ടിയിരുന്നു. എന്നാല്‍ ദിലീപെന്ന അതികായന്റെ സ്വാധീനമാണ് ആ കാണുന്നത് എന്നായിരുന്നു ഞാന്‍ അന്ന് കരുതിയിരുന്നത്. പക്ഷേ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ പോലീസ് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണ് ഇതെല്ലാം എന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്.
പോലീസ് വകുപ്പിന്റെ ഇമേജ് എന്നാല്‍ ദിലീപിന്റെ അറസ്റ്റ് മാത്രമാണെന്ന രീതിയിലാണ് ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത്. ദിലീപിനെതിരായ ആരോപണങ്ങള്‍ ശരിയാണെങ്കില്‍ അതിനുള്ള ശിക്ഷ അദ്ദേഹത്തിന് കിട്ടണം. പക്ഷേ പോലീസ് അന്വേഷണത്തോട് സഹകരിക്കുന്ന പ്രതിയെ ഇങ്ങനെ മാധ്യമങ്ങളും ജനങ്ങളും അവഹേളിക്കുന്നതും പരിഹസിക്കുന്നതും എന്തിനാണ്? പോലീസ് അന്വേഷണവും മാധ്യമങ്ങളുടെ കണ്ടെത്തലും മാത്രമാണ് ശരിയെങ്കില്‍ പിന്നെ കോടതികള്‍ അടച്ചു പൂട്ടാമല്ലോ? പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവാക്കി ഒരു നിയമ സംവിധാനവും നീതി ന്യായ വ്യവസ്ഥയും ആവശ്യമില്ലലോ എന്നും സംഗീത ലക്ഷമണ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങള്‍ ദിലീപിന്റെ കുടുംബത്തിലുള്ളവരുടെ ജീവിതം കൂടെയാണ് മാറ്റി മറിച്ചത്. കാവ്യാ മാധവന്റെ മനസ് ഇപ്പോള്‍ എങ്ങനെയാണെന്ന് എന്നു ഊഹിക്കാന്‍ തനിക്ക് അറിയില്ല. മഞ്ജു വാര്യര്‍ ഇതിനെ കാണുന്നത് എങ്ങനെ ആണെന്നും അറിയില്ല. പക്ഷേ മഞ്ജു വാര്യരുടെ സ്ഥാനത്ത് താന്‍ ആയിരുന്നെങ്കില്‍ തീര്‍ച്ചയായും ദിലീപിന്റെ അറസ്റ്റ് തന്നെ വേദനിപ്പിക്കുമായിരുന്നുവെന്നും സംഗീത പറയുന്നു.
”മഞ്ജുവിന്റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍ ദിലീപ് ആരുടെ കൂടെ ജീവിച്ചാലും സന്തോഷമായിരിക്കണമെന്നും
സമാധാനത്തോടെയും ആരോഗ്യത്തോടെയും ഇരിക്കണം എന്ന് തന്നെ ആയിരിക്കും ഞാന്‍ ആഗ്രഹിക്കുക. അത് കൊണ്ട് തന്നെ ഇപ്പോള്‍ കടന്നു പോകുന്ന ഘട്ടങ്ങള്‍ തരണം ചെയ്യാനുള്ള കരുത്ത് അദ്ദേഹത്തിനു കൊടുക്കണമെന്നും എത്രയും പെട്ടെന്ന് അദ്ദേഹം ജയില്‍ മോചിതനാവണമെന്നുമാണ് ഞാന്‍ പ്രാര്‍ത്ഥിക്കുക.
ആക്രമിക്കപ്പെട്ട നടി പറയുന്നത് മാത്രം പരിഗണിച്ച് ദിലീപിനെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത് ശരിയല്ല. തെളിവുകളുടെയും വാദ പ്രതിവാദങ്ങളുടെയും അടിസ്ഥാനത്തില്‍ കോടതി ശിക്ഷ വിധിച്ചാല്‍ മാത്രമേ ദിലീപ് കുറ്റവാളിയാകുന്നുള്ളൂ. അതുവരെ ഞാന്‍ ദിലീപിനൊപ്പമാണ്”. സംഗീത ലക്ഷമണ പറയുന്നു.
Post Your Comments