ദിലീപുമായിച്ചേര്‍ത്ത് പുറത്തുവരുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തി നിര്‍മ്മാതാവും നടനുമായ ദിനേശ് പണിക്കര്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് മുതല്‍ പല ആളുകളും വൈരാഗ്യ ബുദ്ധിയോടെ പലതും പറയുന്നുണ്ട്. എന്നാല്‍ ദിലീപുമായിച്ചേര്‍ത്ത് തന്നെക്കുറിച്ച്‌ കേള്‍ക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവും നടനുമായ ദിനേശ് പണിക്കര്‍. വാട്സ്ആപ് ഫേസ്ബുക്ക് തുടങ്ങി ചില ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ പോലും വാര്‍ത്തയാക്കിയ സംഭവമാണ് ദിനേശ് പണിക്കരും ദിലീപും തമ്മിലുള്ള പ്രശ്നം.
ആലുവ സബ്ജയിലില്‍ പണ്ട് ദിനേശ് കിടന്ന സെല്ലിലാണ് ഇപ്പോള്‍ ദിലീപ് കിടക്കുന്നതെന്നും ദിനേശിന്റെ അതേ നമ്പരാണ് ഇപ്പോള്‍ ദിലീപിന് കിട്ടിയിരിക്കുന്നതെന്നുമുള്ള വാര്‍ത്തകളാണ്  സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. എന്നാല്‍ ഈ വാര്‍ത്തകളെ ദിനേശ്പണിക്കര്‍ തള്ളിക്കളയുന്നു. ‘ഇതൊക്കെ ആരുടെയോ ഭാവനയില്‍ വിരിയുന്ന മനോഹരമായ കഥകള്‍ മാത്രം,ഒന്നാമത് ഞാനന്ന് സെല്ലില്‍ കിടന്നിട്ടില്ല…അറസ്റ്റ് ചെയ്ത് ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കുമ്ബോഴേക്കും തീരെ വയ്യാത്ത അവസ്ഥയിലായിരുന്നു ഞാന്‍. അവിടുന്ന് നേരെ എന്നെ ഹോസ്പിററലിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു മജിസ്ട്രേറ്റ്. പിന്നെ രണ്ടു ദിവസം ഹോസ്പിറ്റലില്‍.തിങ്കളാഴ്ചയോടെ ജാമ്യം കിട്ടി.ജയിലില്‍ പോയി ഒപ്പിടുക മാത്രമേ ചെയ്തുള്ളൂ..ഞാനിന്നുവരെ സെല്‍ കണ്ടിട്ടു പോലുമില്ല….പണിക്കര്‍ പറയുന്നു. ഫേസ്ബുക്കിലും വാട്സ് ആപ്പിലും വരുന്ന ഈ വാര്‍ത്തകള്‍ കണ്ട് ചിരിക്കുകയാണ് ഇപ്പോള്‍ താനെന്നായിരുന്നു പണിക്കരുടെ മറുപടി.
‘ഉദയപുരം സുല്‍ത്താന്‍’ എന്ന് ചിത്രത്തിലെ പ്രതിഫലത്തുകയുമായി ബന്ധപ്പെട്ടാണ് ദിനേശ് പണിക്കര്‍ക്ക് നിയമ നടപടി നേരിടേണ്ടി വന്നത്. ദിലീപാണ് ഇതിന് പിന്നിലെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. ചിത്രത്തിന്റെ വിതരണക്കാരനായിരുന്നു ദിനേശ് പണിക്കര്‍. 15 വര്‍ഷം മുമ്പുള്ള ഒരു കേസില്‍ ഇപ്പോള്‍ തന്നെ വലിച്ചിഴയ്ക്കല്ലേ എന്നാണ് മാധ്യമങ്ങളോടുള്ള അപേക്ഷയെന്നും ദിനേശ് പണിക്കര്‍ പറയുന്നു. ഇപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിലീപിന്റെ മൂന്നു പടത്തില്‍ എന്നെ വിളിച്ച്‌ അഭിനയിപ്പിച്ചിരുന്നു. തീയേറ്റര്‍ ഉദ്ഘാടനത്തിന് കാര്‍ വിട്ട് വിളിപ്പിച്ചിരുന്നു. അത്രയും അടുപ്പമുണ്ടെന്നും അദ്ദേഹം പറയുന്നു.
Share
Leave a Comment