തമിഴ്നാട് സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നീണ്ട എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം 6 വര്‍ഷത്തെ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തിളങ്ങിയിരിക്കുന്നത് മലയാളി താരങ്ങളാണ്. 2009 മുതല്‍ 2014 വരെയുള്ള ചലച്ചിത്ര പുരസ്കാരമാണ് പ്രഖ്യാപിച്ചത്. ഇതില്‍ നാല് വര്‍ഷവും മികച്ച നടിമാരായിരിക്കുന്നത് മലയാളികളാണെന്നത് കേരളത്തിന് ഏറെ അഭിമാനത്തിന് വക നല്‍കുന്നു.
അമലാ പോള്‍, ലക്ഷ്മി മേനോന്‍, നയന്‍താര, ഇനിയ , പത്മപ്രിയ എന്നിവരാണ് മലയാളത്തിന്റെ അഭിമാന താരങ്ങളായത്. 2010ലെ മികച്ച നടിക്കുള്ള പുരസ്ക്കാരമാണ് അമലാ പോളിന് ലഭിച്ചത്. മൈന എന്ന ചിത്രത്തിലെ അഭിനയമാണ് അമല പോളിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. 2012ല്‍ ലക്ഷ്മി മേനോനും 2013ല്‍ രാജറാണിയെന്ന സിനിമയിലൂടെ നയന്‍താരയും മികച്ച നടിക്കുള്ള പുരസ്കാരം നേടി. മലയാളി അല്ലെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട പദ്മപ്രിയയും 2009ലെ മികച്ച നടിയായി മലയാള സിനിമയുടെ യശസ്സുയര്‍ത്തി.
അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്നാ സിനിമയിലെ അഭിനയത്തിന് നസ്രിയ നസീം പ്രത്യേക പുരസ്കാരത്തിന് അര്‍ഹയായി. 2014ലെ മികച്ച വില്ലനുള്ള പുരസ്കാരം , കാവ്യ തലൈവന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രിഥ്വിരാജിന് ലഭിച്ചു. 2011ലെ മികച്ച ഗായികയായി ശ്വേതാ മോഹനും 2014ലെ മികച്ച ഗായികയായി ഉത്തര ഉണ്ണികൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു.
Post Your Comments