GeneralLatest NewsMollywoodNEWSWOODs

‘ഈ വേദിയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്പരപ്പിക്കുന്ന കൂവല്‍ കേട്ട് ഞാന്‍ തളര്‍ന്നവനാണ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കൂവലോടെയാണ് നാട്ടുകാര്‍ തെളിവെടുപ്പിനായി എത്തിക്കുമ്പോള്‍ വരവേല്‍ക്കുന്നത്. കോടതിയിലേയ്ക്കും ജയിലിലേയ്ക്കും വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിനുമെല്ലാം ദിലീപിനെ കൊണ്ടുപോകുമ്പോള്‍ കൈയടിച്ചും ആര്‍പ്പു വിളിച്ചും നിന്നവര്‍ കൂവിയാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. . ജനമനസ്സില്‍ നിന്ന് പഴയ ജനപ്രിയനായകന്‍ അകന്നുപോകുന്നതിന്റെ തെളിവായാണ് ഈ കൂവല്‍ വിലയിരുത്തപ്പെടുന്നത്. എന്നാല്‍, സിനിമാതാരങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന ഈ കൂവലില്‍ വലിയ കാര്യമില്ലെന്ന് പറയുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. ഇഷ്ടം എന്ന ഒരൊറ്റ ചിത്രത്തില്‍ മാത്രമാണ് ബാലചന്ദ്ര മേനോനും ദിലീപും ഒന്നിച്ച്‌ അഭിനയിച്ചത്.

പോസ്റ്റ് വായിക്കാം

സിനിമ എന്നാല്‍ അതാണ്. ആരാധനക്കും കൂവലിനും തമ്മില്‍ വലിയ അന്തരമില്ല എന്ന് പറയാം. ഏതു സിനിമ തുടങ്ങുന്നതിനും മുന്‍പ് statutory warning എന്ന മട്ടില്‍ തെളിഞ്ഞു വരുന്ന ഫാന്‍സ് അസ്സോസിയേഷന്‍സ് അല്ല കൂവുന്നത് എന്ന് സമാധാനിക്കാന്‍ മാത്രമേ നിവൃത്തിയുള്ളു. ഇവിടെ മനസ്സിലാക്കേണ്ട ഒരു പരമസത്യമുണ്ട്. സിനിമകള്‍ കണ്ടു ശീലിച്ച പ്രേക്ഷകര്‍ ജീവിതത്തിലും നായകന് വേണ്ടി മാത്രമേ കൈയടിക്കൂ. ജനപ്രിയ നായകന്‍ എന്ന് വാഴ്ത്തിയവര്‍ തന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ ആരാധനാകഥാപാത്രം വില്ലന്റെ മേലങ്കി പൊടുന്നനെ അണിഞ്ഞതായി തോന്നിയപ്പോള്‍ കൂട്ടമായി കൂവിയതിനെ ദിലീപ് അതിന്റെയര്‍ഥത്തില്‍ കാണുന്നതായിരിക്കും ഉചിതം. ഇത് ദിലീപിനു മാത്രം സംഭവിച്ച ഒരു പുതിയ സംഭവമായി ആരും കാണില്ല.

പണ്ടേ പൂന്താനം പറഞ്ഞിട്ടുണ്ട് :’മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍’എന്ന്.

ഇഷ്ട ജനങ്ങളുടെ കൂവല്‍ കേള്‍ക്കുമ്ബോള്‍ ഉള്ള വേദന ഞാന്‍ മുന്‍പ് അനുഭവിച്ചവനാണ് എന്ന് കൂടി പറയട്ടെ. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാന്‍ അങ്ങേയറ്റം വിശ്വസിച്ച കുറെ ആര്‍ട്ടിസ്റ്റുകളുമായി ഗള്‍ഫ് നാടുകളില്‍ ഒരു ഷോയ്ക്ക് പോയി. ആരെയും കുറ്റപ്പെടുത്താതെ തന്നെ പറയട്ടെ എന്റെ സമയദോഷം കൊണ്ട് അത് ആകെ പാളി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഒത്തിരി പ്രതീക്ഷകള്‍ നല്‍കിയിട്ടു അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ വന്നപ്പോള്‍ അവര്‍ കൂവി. കൂവി എന്ന് വെച്ചാല്‍ കടലില്‍ തിരമാലകള്‍ ആര്‍ത്തിരമ്ബി വരുന്നതുപോലെ ഒരു ‘ത്രീ ഡി’കൂവല്‍. ഞാന്‍ നിസ്സഹായനായി… പരിക്ഷീണനായി. എന്റെ ട്രൂപ്പില്‍ വന്ന, ഷോയുടെ തകര്‍ച്ചക്ക് പ്രധാന കാരണക്കാരനായ ഒരാള്‍ വേദിക്കു പിന്നില്‍ തല കുനിച്ചിരിക്കുന്ന എന്നെ നോക്കി ക്രൂരമായ ഒരു ആക്ഷേപ ചിരി പാസ്സാക്കിയതും ഞാന്‍ ഓര്‍ക്കുന്നു. അതില്‍ പിന്നെ ഞാന്‍ ഗള്‍ഫില്‍ നിന്ന് പല ക്ഷണങ്ങളും നിരസിച്ചു. ഒടുവില്‍ ഒരവസരം, എന്നെ കൂവിയ അതെ വേദിയില്‍ ഒറ്റയ്ക്ക് പങ്കെടുക്കാന്‍ കിട്ടിയപ്പോള്‍ ഞാന്‍ പോയി. എന്റെ പ്രസംഗത്തിന്റെ ഒരു ഘട്ടത്തില്‍ സദസ്യര്‍ അറിയാതെ കൈയടിച്ചു . ഞാന്‍ പ്രസംഗം നിര്‍ത്തി പറഞ്ഞു.
‘ഈ വേദിയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്ബരിപ്പിക്കുന്ന കൂവല്‍ കേട്ട് ഞാന്‍ തളര്‍ന്നവനാണ്. ആ തളര്‍ച്ച മാറണമെങ്കില്‍ നിങ്ങള്‍ ഒന്നുകൂടി സമര്‍ത്ഥമായി ഒന്ന് കൈയടിക്കണം…’

കടലിരമ്ബുന്നതുപോലെ തന്നെ ഞാന്‍ കൈയടി കേട്ടു… വീണ്ടും ചാര്‍ജായി.
ദിലീപിനെ സംബന്ധിച്ചു നടന്നതായി കേള്‍ക്കുന്നതും അതിന്റെ പേരില്‍ ജനം അപഹസിക്കുന്നതും ഒറ്റപ്പെടുത്തുന്നതും കഞ്ചാവ് കൊലപാതക പ്രതികള്‍ക്കൊപ്പം ഒരു സെല്ലില്‍ നിലത്തു കിടന്നുറങ്ങേണ്ടി വരുന്നതൊക്കെ എല്ലാര്‍ക്കുമെന്ന പോലെ എന്നിലും വേദന ഉളവാക്കുന്നുണ്ട് .

പണ്ടുള്ളവര്‍ പറഞ്ഞതുപോലെ ഉപ്പു തിന്നുന്നവന്‍, തിന്നിട്ടുണ്ടെങ്കില്‍, വെള്ളം കുടിച്ചല്ലേ പറ്റൂ.

നാല്‍പ്പതു വര്‍ഷങ്ങളായുള്ള എന്റെ സിനിമാജീവിതത്തില്‍ ഇതാദ്യമായി ഒരു സഹപ്രവര്‍ത്തകക്ക് ഇങ്ങനെ നീചമായ ഒരു ദുരന്തം അതും സിനിമാരംഗത്തുനിന്നും ഉണ്ടായതില്‍ ഞാന്‍ വേദനിക്കുന്നു ഒപ്പം ലജ്ജിക്കുന്നു… അവര്‍ കാട്ടിയ സമചിത്തതയെയും മനോധൈര്യത്തെയും അഭിനന്ദിക്കുകയും ചെയ്യുന്നു.
ദിലിപ്, നിങ്ങള്‍ കുറ്റാരോപിതനാണ്. അതുകൊണ്ടുതന്നെ നിയമത്തിന്റെ അനുശാസനത്തിനു വിധേയനുമാണ്. നിങ്ങള്‍ ജനപ്രിയനായി നാട്ടുകാരെ ചിരിപ്പിച്ച നല്ല ദിനങ്ങളെ നന്ദിപൂര്‍വ്വം ഓര്‍ത്തുകൊണ്ട് വരാന്‍ പോകുന്ന വിധിയുടെ പകര്‍പ്പിനു വേണ്ടി കാത്തിരിക്കുക…

 
 
 

shortlink

Related Articles

Post Your Comments


Back to top button