ദിലീപിനെ പിന്തുണച്ച് മുന്‍ സെന്‍സര്‍ബോര്‍ഡ് അംഗവും നിര്‍മ്മാതാവുമായ റാഫി മാതിര രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലാണ് റാഫി മാതിര തന്റെ നിലപാട് വ്യക്തമാക്കിയത്.
സത്യം തെളിയിക്കപ്പെടും വരെ കാത്തിരിക്കാം!!
നടിയെ ആക്രമിച്ച സംഭവത്തെ അപലപിക്കാതിരുന്നവര്‍ ഉള്‍പ്പടെ മലയാള സിനിമയിലെ എല്ലാ സംഘടനകളും ദിലീപിന്റെ അറസ്റ്റോടെ അയാളെ തള്ളിപ്പറയുകയും സംഘടനകളില്‍ നിന്നും പുറത്താക്കുകയും ചെയ്തിരിക്കുന്നു. ഇനി അയാളുടെ ഭാഗം കേള്‍ക്കാന്‍ കോടതി മാത്രമേ ഉണ്ടാവുകയുള്ളൂ. അയാള്‍ തെറ്റു ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് നമുക്കാര്‍ക്കും ഇപ്പോള്‍ പറയാന്‍ കഴിയില്ല. അയാള്‍ തെറ്റ് ചെയ്തു എന്നു തെളിയിക്കപ്പെടും വരെ ‘ആരോപണ വിധേയന്’ മാത്രമായ അയാളെ തള്ളിപ്പറയാന്‍ വ്യക്തിപരമായി എനിക്കാകില്ല.
സിനിമക്കുള്ളില്‍ ദിലീപിനു എത്രത്തോളം ശത്രുക്കള്‍ ഉണ്ടായിരുന്നു എന്ന് അയാളുടെ അറസ്റ്റിനു ശേഷം തെളിഞ്ഞിരിക്കുന്നു. അയാള്‍ക്കെതിരെ സംസാരിക്കാന്‍ ചാനലുകളില്‍ ശത്രുക്കളുടെ തിക്കും തിരക്കും കൂടി വരുന്നു. കുറ്റം തെളിയും വരെയും അയാള്‍ ‘ആരോപണ വിധേയന്’ മാത്രമാണ് എന്ന് നമ്മുടെ നിയമം അനിശാസിക്കുമ്പോഴും നല്ല സമയത്ത് ഒപ്പം നിന്നവര്‍ ആരും അയാള്‍ക്കനുകൂലമായി ഒന്നും പറഞ്ഞു കേള്‍ക്കുന്നുമില്ല.
സിനിമയുടെ സമസ്ത മേഖലകളിലും ശ്രദ്ധ പതിപ്പിച്ചപ്പോള്‍ തന്റെ ശത്രുക്കളുടെ എണ്ണം കൂടും എന്ന് മനസ്സിലാക്കാന്‍ അയാള്‍ക്ക് കഴിയാതെ പോയി എന്ന് ഇപ്പോള്‍ വ്യക്തമാണ്. അതുകൊണ്ട് തന്നെ ‘തന്നെ കുടുക്കാന്‍ ആരൊക്കെയോ ഗൂഡാലോചന നടത്തി ഈ കേസില്‍ കുടുക്കിയതാണ്’ എന്ന് ദിലീപ് പറയുന്നതു ഒരു പക്ഷെ സത്യവുമായിരിക്കാം. അത് തെളിയിക്കേണ്ടത് ദിലീപ് മാത്രമാണ്.
നടിയെ ആക്രമിച്ച സംഭവത്തെ അപലപിച്ചു കൊണ്ടും യഥാര്‍ത്ഥ ഗൂഡാലോചകര്‍ ശിക്ഷിക്കപ്പെടണം എന്നു ആത്മാര്‍ഥമായി ആഗ്രഹിച്ചു കൊണ്ടും റാഫി മതിര.
(എന്നെ കുരുശില്‍ തറയ്ക്കണം എന്ന് തോന്നുന്നവര്‍ ഒന്ന് കൂടി ഈ പോസ്റ്റ് വായിച്ചു മനസ്സിലാക്കിയിട്ടു ചെയ്യാന്‍ അപേക്ഷ.)
Post Your Comments