ബോളിവുഡ് താരവും പ്രമുഖ മോഡലുമായ നടി കൃതിക ചൗധരിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൃതിക ചൗധരിയെ കൊലപ്പെടുത്തിയത് 6,000 രൂപയ്ക്കുവേണ്ടിയാണെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചുവെന്നു സൂചന. ജൂണ്‍ 12ന് അന്ധേരിയിലെ വസതിയില്‍ കൃതികയെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. സംഭവശേഷം ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍.
നലോസൊപാര സ്വദേശി ഷക്കീല്‍ നസീം ഖാന്‍(33), ഗോവണ്ടി സ്വദേശി ബസുദാസ് മക്മലാല്‍(40) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ പ്രഥാന പ്രതിയായ നസീം ഖാന്‍ മയക്കുമരുന്ന് വില്‍പനക്കാരനാണ്. ഇതുമായി ബന്ധപ്പെട്ട് ഒരുവര്‍ഷം മുന്‍പ് ജയിലില്‍ കിടന്നിരുന്നു ഇയാള്‍. കൃതികയ്ക്ക് മയക്കുമരുന്ന് നല്‍കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃതിക എംഡി, മ്യോ മ്യോ തുടങ്ങിയ മയക്കുമരുന്നുകള്‍ ഉപയോഗിക്കുമായിരുന്നുവെന്ന് സൂചന. കഴിഞ്ഞവര്‍ഷം നസീമിന്‍ പക്കലില്‍ നിന്നും കൃതിക മയക്കുമരുന്ന് വാങ്ങിയിരുന്നു. ഇതിന് 6,000 രൂപ നല്‍കാനുണ്ട്. ഈ പണത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
സംഭവദിവസം പ്രതികള്‍ പണത്തിനുവേണ്ടി കൃതികയുടെ താമസസ്ഥലത്തെത്തി. എന്നാല്‍, പണം നല്‍കാന്‍ കൃതിക ഒരുക്കമായിരുന്നില്ല. ഇതുസംബന്ധിച്ച് ഇരുവരും വാക്കേറ്റം നടക്കവെ മോഡലിനെ ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. മുറിയില്‍ കൃതിക മരിച്ചുകിടന്നത് ദിവസങ്ങള്‍ക്കുശേഷമാണ് പുറത്തറിയുന്നത്.
Post Your Comments